മുൻ റേഡിയോ ജോക്കി രാജേഷ് കുമാർ വധക്കേസിൽ വിധി ഇന്ന്
നാലു മുതൽ 12 വരെയുള്ള പ്രതികളെ നേരത്തെ തന്നെ വിട്ടയച്ചിരുന്നു
തിരുവനന്തപുരം: മുൻ റേഡിയോ ജോക്കി രാജേഷ് കുമാർ വധക്കേസിൽ ശിക്ഷാവിധി ഇന്ന്. കേസിലെ രണ്ടും മൂന്നും പ്രതികളായ അലിഭായ് എന്ന മുഹമ്മദ് സാലിഹും കായംകുളം അപ്പുണ്ണിയും കുറ്റക്കാരാണെന്ന് കോടതി വിധിച്ചിരുന്നു. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ഇന്ന് ശിക്ഷാവിധി പ്രഖ്യാപിക്കുക. നാലു മുതൽ 12 വരെയുള്ള പ്രതികളെ നേരത്തെ തന്നെ വിട്ടയച്ചിരുന്നു.
കേസിലെ ഒന്നാംപ്രതിയും കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയയാളുമായ ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ അബ്ദുൽ സത്താറിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇയാളെ കൈമാറാനുള്ള കത്ത് പോലീസ് എംബസി മുഖേന കൈമാറി. അബ്ദുൽ സത്താറിന് സഞ്ചാര വിലക്ക് ഏർപ്പെടുത്തിയതിനാൽ ഖത്തറിൽ നിന്ന് രക്ഷപ്പെടാനാകില്ല. 2018 മാർച്ച് 27ന് പുലർച്ചെ രണ്ടരയോടെയാണ് തിരുവനന്തപുരം മടവൂർ ജംഗ്ഷനിലെ റെക്കോർഡിംഗ് സ്റ്റുഡിയോയിൽ വെച്ച് രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. സുഹൃത്ത് വെള്ളല്ലൂർ സ്വദേശി കുട്ടന് പരിക്കേറ്റിരുന്നു.