'തൃക്കാക്കര കൈവിടില്ല': അമ്പലത്തിലും പള്ളിയിലും പോയ ശേഷം ഉമ തോമസ് വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക്
നല്ല വിജയമുണ്ടാകുമെന്ന് ഉമ തോമസ്
കൊച്ചി: തൃക്കാക്കര കൈവിടില്ല എന്നു തന്നെയാണ് വിശ്വാസമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസ്. നല്ല വിജയമുണ്ടാകും. പോളിങ് ശതമാനത്തിൽ കുറവുണ്ടായെന്ന് വിശ്വസിക്കുന്നില്ലെന്നും ഉമ തോമസ് പറഞ്ഞു.
"തീര്‍ച്ചയായിട്ടും വിജയിക്കും. ഇനി ഈശ്വരനിശ്ചയം. എല്ലാത്തിനും മുകളില്‍ ഒരാളുണ്ടല്ലോ. തൃക്കാക്കര കൈവിടില്ലെന്നു തന്നെയാണ് വിശ്വാസം. അമ്പലത്തിലും പള്ളിയിലും പോവുകയാണ്. എന്തുകാര്യത്തിന് പോകുമ്പോഴും അങ്ങനെ തന്നെയാണ്. അതുകഴിഞ്ഞ് ഡി.സി.സിയില്‍ പോയിട്ട് കൌണ്ടിങ് സ്റ്റേഷനിലേക്ക് പോകും"- ഉമ തോമസ് പറഞ്ഞു.
മരിച്ചവരുടെ പേര് പട്ടികയിൽ നിന്നൊഴിവാക്കാത്തതും വിദേശത്തുള്ളവര്‍ക്ക് വോട്ട് ചെയ്യാനാകാത്തതുമെല്ലാമാണ് പോളിങ് ശതമാനത്തില്‍ പ്രതിഫലിച്ചത്. ട്വന്‍റി20യുടെ രണ്ടായിരത്തോളം വോട്ടുകള്‍ ചെയ്യപ്പെട്ടിട്ടില്ലെന്നും ഉമ തോമസ് പറഞ്ഞു.
വോട്ടെണ്ണല്‍ 12 റൗണ്ടുകളില്‍
മണ്ഡലത്തിലെ പോളിങ് ശതമാനം 68.77 ആണ്. മണ്ഡലത്തിലെ ആകെ വോട്ടർമാരുടെ എണ്ണം 1,96,805 ആണ്. 101530 സ്ത്രീ വോട്ടര്‍മാരും 95274 പുരുഷ വോട്ടര്‍മാരുമാണുള്ളത്. വോട്ട് രേഖപ്പെടുത്തിയവരാകട്ടെ 1,35,342 പേരാണ്. 68175 സ്ത്രീകളും 67166 പുരുഷന്മാരും വോട്ട് ചെയ്തു. ട്രാൻസ്ജെൻഡർ വിഭാഗത്തില്‍ ഒരാളാണ് വോട്ട് ചെയ്തത്.
11 റൗണ്ടില്‍ 21 ബൂത്ത് വീതവും അവസാന റൗണ്ടില്‍ 8 ബൂത്തും എണ്ണും. ഇടപ്പളളി മേഖലയിലെ വോട്ടുകളാണ് ആദ്യം എണ്ണുക. രണ്ടാം റൗണ്ടില്‍ മാമംഗലം, പാലാരിവട്ടം, പാടിവട്ടം, വെണ്ണല ബൂത്തുകളിലേക്ക് വോട്ടെണ്ണല്‍ കടക്കും. മൂന്നാം റൗണ്ടില്‍ ചളിക്കവട്ടം, മാമംഗലം ബൂത്തുകളും നാലാം റൗണ്ടില്‍ തമ്മനം, പൊന്നുരുന്നി, കാരണക്കോടം ബൂത്തുകളും അഞ്ചാം റൗണ്ടില്‍ വൈറ്റില മേഖലയിലെ ബൂത്തുകളും എണ്ണും. അവസാന റൗണ്ടില്‍ ചിറ്റേത്തുകര, മാവേലിപുരം ബൂത്തുകളാകും എണ്ണുക.
മുന്നണികള്‍ ഒരുപോലെ പ്രതീക്ഷയിലും ആശങ്കയിലുമാണ്. അടിയൊഴുക്കുകൾ സംഭവിച്ചിട്ടുണ്ടോ എന്നതാണ് പ്രധാന ആശങ്ക. 8000 വരെ യു.ഡി.എഫും 5000 വോട്ട് വരെ ഭൂരിപക്ഷം എല്‍.ഡി.എഫും പ്രതീക്ഷിക്കുന്നുണ്ട്.
കൊടുമ്പിരിക്കൊണ്ട പ്രചാരണത്തിനൊടുവില്‍ പ്രതീക്ഷിക്കൊത്ത പോളിങ് ഉണ്ടാകാത്തത് യു.ഡി.എഫിന്റെ ചങ്കിടിപ്പ് കൂട്ടുന്നുണ്ട്. യു.ഡി.എഫിന് സ്വാധീനമുള്ള കോർപറേഷന്‍ പരിധിയില്‍ പോളിങ് നന്നേ കുറഞ്ഞതാണ് ആശങ്കക്ക് അടിസ്ഥാനം. തൃക്കാക്കര മുന്‍സിപ്പാലിറ്റി പരിധിയില്‍ 70 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോള്‍ കോർപറേഷന്‍ പരിധിയിലെ പല സ്വാധീന മേഖലകളിലും 50 ശതമാനത്തിന് അടുത്ത് മാത്രമാണ് പോളിങ്. എങ്കിലും ഭൂരിപക്ഷം 5000 മുതൽ 8000 വരെ ആയിരിക്കുമെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ.
യു.ഡി.എഫ് ശക്തികേന്ദ്രങ്ങളില്‍ പോളിങ് കുറഞ്ഞതാണ് എല്‍.ഡിഎഫിന്‍റെ പ്രതീക്ഷക്ക് ബലം നല്‍കുന്നത്. എന്നാല്‍ മണ്ഡലത്തിലൊരിക്കലും അന്‍പതിനായിരത്തിന് മുകളില്‍ വോട്ട് നേടാന്‍ എല്‍.ഡി.എഫിന് കഴിഞ്ഞിട്ടില്ല. എല്‍.ഡി.എഫിന് സ്വാധീനമുള്ള മേഖലകളില്‍ പോളിങ് കുറഞ്ഞതും അവർക്ക് വിലങ്ങുതടിയാണ്. ജയിച്ചില്ലെങ്കിലും യു.ഡി.എഫിന്റെ ഭൂരിപക്ഷം ഗണ്യമായി കുറക്കാനായാല്‍ അത് വലിയ നേട്ടമാകുമെന്ന വിലയിരുത്തലും മുന്നണി നേതൃത്വത്തിനുണ്ട്.