തൃക്കാക്കരയിൽ പ്രചാരണം ശക്തമാക്കി യു.ഡി.എഫ്; പ്രതിസന്ധിയായി കെ.വി തോമസിന്‍റെ എതിർപ്പ്
ഭവന സന്ദർശനത്തിനും വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിനുമാണ് മൂന്നാം ദിനം യു.ഡി.എഫ്. ക്യാമ്പ് ഒരുങ്ങുന്നത്
കൊച്ചി: തർക്കങ്ങളൊഴിഞ്ഞതോടെ തൃക്കാക്കരയില്‍ പ്രചാരണം സജീവമാക്കി യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ്. ഭവന സന്ദർശനത്തിനും വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിനുമാണ് മൂന്നാം ദിനം യു.ഡി.എഫ് ക്യാമ്പ് ഒരുങ്ങുന്നത്. കെ.വി തോമസിൻ്റെ എതിർപ്പ് ഇപ്പോഴും പ്രതിസന്ധിയായി കോൺഗ്രസിന് മുന്നിലുണ്ട്.
ഡൊമനിക് പ്രസൻ്റേഷൻ ഉൾപ്പടെയുള്ളവർ ഉയർത്തിയ വിമത സ്വരമായിരുന്നു തൃക്കാക്കരയിൽ കോൺഗ്രസിനും ഉമ തോമസിനും മുന്നിലുണ്ടായിരുന്ന ആദ്യ വെല്ലുവിളി. ഇത് എളുപ്പം മറികടക്കാൻ പാർട്ടി നേതൃത്വത്തിനായി. ഇന്നലെ ചേർന്ന ഡി.സി.സി ഭാരവാഹിയോഗത്തോടെ തർക്കങ്ങൾ തീർക്കാനായെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് ക്യാമ്പ്. പരസ്യ പ്രതികരണത്തിനും നേതൃത്വം കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
എൽ.ഡി.എഫിൻ്റെ സ്ഥാനാർഥി പ്രഖ്യാപനം നീളുന്നതിനാൽ പ്രചാരണത്തിൻ്റെ തുടക്കത്തിൽ തന്നെ കളം പിടിക്കാനായെന്ന നേട്ടം ഉമ തോമസിനുണ്ട്. ക്രൈസ്തവ ഭൂരിപക്ഷ മണ്ഡലത്തിൽ സഭാനേതൃത്വവുമായുള്ള ചർച്ചകൾക്കാണ് പ്രചാരണത്തിൻ്റെ ആദ്യ ദിനം യു.ഡി.എഫ് സ്ഥാനാർഥി ഊന്നൽ നൽകിയത്. ഇത് പൂർത്തിയായതോടെ ഭവന സന്ദർശനം കേന്ദ്രീകരിച്ചുള്ള പര്യടനം ഇന്നുമുതൽ ആരംഭിക്കും.
അതേസമയം, കെ.വി തോമസ് ഉയർത്തുന്ന എതിർപ്പ് ഇപ്പോഴും പ്രതിസന്ധിയായി കോൺഗ്രസിനു മുന്നിലുണ്ട്. സ്ഥാനാർഥി നിർണയത്തിലടക്കം തന്നെ അവഗണിച്ചെന്ന പരാതിയാണ് അദ്ദേഹത്തിനുള്ളത്. കെ.വി തോമസുമായി ചർച്ച നടത്താനുള്ള സന്നദ്ധത ഉമ തോമസ് അറിയിച്ചെങ്കിലും പാർട്ടി നേതൃത്വം ഇതിന് അനുകൂലമല്ല. നിരന്തരം ആരോപണമുയർത്തുന്ന തോമസുമായി ഇനി ചർച്ചകൾ വേണ്ടെന്ന നിലപാടിലാണ് കെ.പി.സി.സി.