'വെള്ളിയാഴ്ച അസൗകര്യമുണ്ടാക്കും'; കേരളത്തിലെ വോട്ടെടുപ്പ് തീയതി മാറ്റണമെന്ന് യു.ഡി.എഫ്
പ്രതിപക്ഷ നേതാവും കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം ഹസ്സനും തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.
തിരുവനന്തപുരം: കേരളത്തിലെ വോട്ടെടുപ്പ് തീയതി മാറ്റണമെന്ന് യു.ഡി.എഫ്. വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കുന്നത് നിരവധി പേർക്ക് അസൗകര്യമുണ്ടാക്കുമെന്ന് കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം ഹസൻ പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് യു.ഡി.എഫ് ചെയർമാൻ എന്ന നിലയ്ക്ക് പ്രതിപക്ഷ നേതാവും എം.എം ഹസ്സനും തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.
വെള്ളിയാഴ്ചത്തെ തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ ഇലക്ഷൻ കമ്മീഷൻ തയ്യാറാവണമെന്ന് മുസ്‌ലിം സംഘടനകൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒന്നാം ഘട്ടം ഏപ്രിൽ 19 ഉം, രണ്ടാം ഘട്ടം ഏപ്രിൽ 26 ഉം വെള്ളിയാഴ്ചകളാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ തെരഞ്ഞെടുപ്പിൽ രാജ്യത്തെ പ്രബല ന്യൂനപക്ഷമായ മുസ്‌ലിംകൾക്ക് പൂർണമായും പങ്കെടുക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടാവും. ഇത് വിവേചനവും ഭരണഘടനാവകാശ ലംഘനവുമാണ്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലും ബൂത്ത് ഏജന്റുമാരിലുമുള്ള ആയിരക്കണക്കിന് വിശ്വാസികൾക്ക് ജുമുഅക്ക് പങ്കെടുക്കാൻ കഴിയില്ല. ഇത് മറ്റൊരു തീയതിയിലേക്ക് മാറ്റാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണമെന്നും കേരളം കേന്ദ്ര ഇലക്ഷൻ കമ്മീഷണറോട് ഇക്കാര്യം ഔദ്യോഗികമായി ആവശ്യപ്പെടണമെന്നും മതനിരപേക്ഷ കക്ഷികൾ ഇതിനായി സമ്മർദം ചെലുത്തണമെന്നുമാണ് സംഘടനാനേതാക്കൾ ആവശ്യപ്പെടുന്നത്.