സ്പീക്കറും മരുമകൻ മന്ത്രിയും തമ്മിൽ ഇസ്‌ലാമിക തീവ്രവാദികളെ പ്രീണിപ്പിക്കാനുള്ള മത്സരമാണ് നടക്കുന്നത്: വി. മുരളീധരൻ
സ്പീക്കറോട് സഭയിൽ എന്ത് നിലപാട് സ്വീകരിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
Update: 2023-08-06 11:33 GMT
തിരുവനന്തപുരം: സ്പീക്കറും മരുമകൻ മന്ത്രിയും തമ്മിൽ ഇസ്‌ലാമിക തീവ്രവാദികളെ പ്രീണിപ്പിക്കാനുള്ള മത്സരമാണ് നടക്കുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. വിവാദം അവസാനിപ്പിക്കണമെങ്കിൽ ഷംസീർ നടത്തിയ പരാമർശം പിൻവലിക്കുകയോ മാപ്പ് പറയുകയോ വേണം. വിവാദമുണ്ടാക്കിയവർ പറയുമ്പോൾ സ്വിച്ച് ഇട്ടപോലെ അത് നിർത്താനാവില്ലെന്നും മുരളീധരൻ പറഞ്ഞു.
ആർക്കാണ് കൂടുതൽ ഇസ്‌ലാമിക തീവ്രവാദികളുടെ പിന്തുണ നേടാനാവുക എന്നതിലുള്ള മത്സരമാണ് നടക്കുന്നത്. കേരളത്തിലെ ഭൂരിപക്ഷ സമുദായത്തെ എല്ലാ കാലത്തും ചവിട്ടിമെതിച്ച് മുന്നോട്ടുപോകാനാവുമെന്ന് കരുതേണ്ട. മുഖ്യമന്ത്രി ഈ വിഷയത്തിൽ ഒരു വാക്ക് പോലും മിണ്ടാൻ തയ്യാറായിട്ടില്ല. സ്പീക്കറോട് സഭയിൽ എന്ത് നിലപാട് സ്വീകരിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.