'ഭക്ഷണം ബ്രാഹ്മണരെക്കൊണ്ട് പാകം ചെയ്യിച്ചാലേ വിശിഷ്ടമാവൂ എന്ന ചിന്ത മുന്‍പേയുണ്ട്': അശോകന്‍ ചരുവിലിന് മറുപടിയുമായി വി.ടി ബല്‍റാം

അബ്രാഹ്മണർ പാചകം ചെയ്യുന്ന സസ്യേതര വിഭവങ്ങൾ കൂടി വിളമ്പപ്പെടുന്ന ഇടങ്ങളായി കലോത്സവ വേദികൾ നാളെകളിലെങ്കിലും മാറട്ടെയെന്ന് വി.ടി ബൽറാം

Update: 2023-01-04 13:06 GMT
Advertising

ഭക്ഷണം പാകം ചെയ്യുന്ന ബ്രാഹ്മണൻ കേരളത്തിൽ നടന്ന നവോത്ഥാനത്തിന്‍റെ സംഭാവനയാണെന്ന പുരോഗമന കലാസാഹിത്യ സംഘം ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവിലിന്‍റെ പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. ഭക്ഷണം ബ്രാഹ്മണരേക്കൊണ്ട് പാചകം ചെയ്യിച്ചാലേ വിശിഷ്ടമാവുകയുള്ളൂ എന്ന ചിന്ത നവോത്ഥാനത്തിനും എത്രയോ മുൻപേയുള്ളതാണെന്ന് ബല്‍റാം ഫേസ് ബുക്കില്‍ കുറിച്ചു. സംസ്ഥാന സ്കൂള്‍‌ കലോത്സവത്തില്‍ പാചകം സ്ഥിരമായി പഴയിടം മോഹനന്‍ നമ്പൂതിരിയെ ഏല്‍പ്പിക്കുന്നതിനെ ചൊല്ലിയാണ് തര്‍ക്കം.

പാചകം ചെയ്യുന്ന, തുണിയലക്കുന്ന, നിലമുഴുന്ന, വിറകുവെട്ടുന്ന, കല്ലുടക്കുന്ന, ചെരിപ്പുകുത്തുന്ന നമ്പൂതിരിമാര്‍ കേരളത്തിൽ നടന്ന നവോത്ഥാനത്തിന്‍റെ സംഭാവനയാണെന്നാണ് അശോകന്‍ ചരുവിലിന്‍റെ അഭിപ്രായം. നമ്പൂതിരിയെ മനുഷ്യനാക്കണം എന്ന ഇ.എം.എസിന്‍റെ പ്രസംഗം കേട്ട് ആവേശഭരിതനായി പട്ടാമ്പി ചന്തയിൽ നിന്ന് കൈക്കോട്ടു വാങ്ങിയ ഒരു നമ്പൂതിരിയെക്കുറിച്ച് വി.ടിയുടെ ഒരു ചെറുകഥയുണ്ടെന്നും അശോകന്‍ ചരുവില്‍ കുറിച്ചു.

ഏത് തൊഴിലിലും മാന്യത കണ്ടെത്താനും അഭിരുചിക്കനുസരിച്ച് സ്വയം സ്വീകരിക്കാനും കഴിയുന്നുണ്ടെങ്കിൽ അതയാളുടെ ഉയർന്ന സാമൂഹിക ബോധത്തിന്‍റെ സൂചനയായി നോക്കിക്കാണുന്നതിൽ തെറ്റില്ലെന്ന് വി.ടി ബല്‍റാം കുറിച്ചു. എന്നാൽ അതിനെ പൊതുവൽക്കരിച്ച് വാഴ്ത്തിപ്പാടുന്നതിൽ പിശകുണ്ട്. ബ്രാഹ്മണരോ സവർണരോ അല്ലാത്തവർ കൈകൊണ്ട് തൊട്ടാല്‍ ഭക്ഷണം അശുദ്ധമാവുമെന്ന ജാതി, അയിത്ത സങ്കൽപ്പങ്ങളിലൂന്നിയ പ്രാകൃത ചിന്ത പണ്ടേയുണ്ട്. ശുദ്ധമായ വെജിറ്റേറിയൻ ഭക്ഷണവും അതുണ്ടാക്കുന്ന കൈപ്പുണ്യമുള്ള ബ്രാഹ്മണനും ഇന്നും കൂടുതൽ ആവേശം പകരുന്നത് ജാതിബോധത്തില്‍ അധിഷ്ഠിതമായ ശുദ്ധി - അശുദ്ധി സങ്കൽപ്പങ്ങൾ മനസ്സിൽ പേറുന്നവർക്കാണ്. അബ്രാഹ്മണർ പാചകം ചെയ്യുന്ന സസ്യേതര വിഭവങ്ങൾ കൂടി വിളമ്പപ്പെടുന്ന ഇടങ്ങളായി നമ്മുടെ കലോത്സവ വേദികൾ നാളെകളിലെങ്കിലും മാറട്ടെയെന്നും വി.ടി ബല്‍റാം കുറിച്ചു.

അശോകന്‍ ചരുവിലിന്‍റെ കുറിപ്പിന്‍റെ പൂര്‍ണരൂപം

ഭക്ഷണം പാകം ചെയ്യുന്ന ബ്രാഹ്മണൻ കേരളത്തിൽ നടന്ന നവോത്ഥാനത്തിന്‍റെ സംഭാവനയാണ്. തുണിയലക്കുന്ന, നിലമുഴുന്ന, വിറകുവെട്ടുന്ന, കല്ലുടക്കുന്ന, ചെരിപ്പുകുത്തുന്ന നമ്പൂതിരിമാരും ഇന്നുണ്ട്. അവരൊക്കെ വെളിച്ചത്തു വരട്ടെ. (ശുചീകരണ വേലക്ക് സവർണ ജാതിക്കാർക്ക് പ്രത്യേക സംവരണവും അനുവദിക്കാവുന്നതാണ്)

"നമ്പൂതിരിയെ മനുഷ്യനാക്കണം" എന്ന ഇ.എം.എസിന്‍റെ ഓങ്ങല്ലൂർ പ്രസംഗം കേട്ട് ആവേശഭരിതനായി പട്ടാമ്പി ചന്തയിൽ നിന്ന് കൈക്കോട്ടു വാങ്ങുന്ന ഒരു നമ്പൂതിരിയെക്കുറിച്ച് വി.ടിയുടെ ഒരു ചെറുകഥയുണ്ട്.

വി.ടി ബല്‍റാമിന്‍റെ മറുപടി

ഭക്ഷണം പാചകം ചെയ്യുന്ന ബ്രാഹ്മണൻ കേരളത്തിൽ നടന്ന നവോത്ഥാനത്തിന്‍റെ സംഭാവനയാണെന്ന് ഒരു ന്യായീകരണ ക്യാപ്സ്യൂളിറങ്ങിയിട്ടുണ്ട്. ഏത് തൊഴിലിലും മാന്യത കണ്ടെത്താനും അഭിരുചിക്കനുസരിച്ച് സ്വയം സ്വീകരിക്കാനും ഏതെങ്കിലും വ്യക്തിക്ക് കഴിയുന്നുണ്ടെങ്കിൽ അതയാളുടെ ഉയർന്ന സാമൂഹിക ബോധത്തിന്‍റെ സൂചനയായി നോക്കിക്കാണുന്നതിൽ തെറ്റില്ല. എന്നാൽ അതിനെ പൊതുവൽക്കരിച്ച് വാഴ്ത്തിപ്പാടുന്നതിൽ വലിയ പിശകുണ്ട്, ചരിത്ര വിരുദ്ധതയുണ്ട്.

ഭക്ഷണം ബ്രാഹ്മണരേക്കൊണ്ട് പാചകം ചെയ്യിച്ചാലേ വിശിഷ്ടമാവുകയുള്ളൂ എന്ന ചിന്ത നവോത്ഥാനത്തിനും എത്രയോ മുൻപേയുള്ളതാണ്. പ്രധാന സദ്യകളുടെയൊക്കെ പാചകക്കാർ അന്നേ ബ്രാഹ്മണർ തന്നെയാണ്. ബ്രാഹ്മണരോ സവർണരോ അല്ലാത്തവർ കൈകൊണ്ട് തൊട്ടാലോ അടുത്തെങ്ങാനും പോയാൽപ്പോലുമോ ഭക്ഷണം അശുദ്ധമാവുമെന്ന ജാതി, അയിത്ത സങ്കൽപ്പങ്ങളിലൂന്നിയ പ്രാകൃത ചിന്തയും ഇതിന് കാരണമായി ഉണ്ട്.

"ശുദ്ധ"മായ വെജിറ്റേറിയൻ ഭക്ഷണവും അതുണ്ടാക്കുന്ന കൈപ്പുണ്യമുള്ള ബ്രാഹ്മണനും ഇന്നും കൂടുതൽ ആവേശം പകരുന്നത് ജാതിബോധത്തിലധിഷ്ഠിതമായ ശുദ്ധി-അശുദ്ധി സങ്കൽപ്പങ്ങൾ മനസ്സിൽപ്പേറുന്നവർക്കാണ്. ഇപ്പോഴും കടുമാങ്ങ മുതൽ വറ്റൽ മുളക് വരെ ബ്രാഹ്മണരുടെ ലേബലിലാവുമ്പോൾ കൂടുതൽ വ്യാപാര വിജയം നേടുന്നതും മേൽപ്പറഞ്ഞ ജാതിബോധം പ്രബലമായിത്തന്നെ ഇവിടെ തുടരുന്നതിനാലാണ്.

യഥാർത്ഥത്തിൽ നവോത്ഥാനത്തിന്റെ അട്ടിമറിയാണിത്. ജാതീയതയെ മറികടക്കുക എന്ന നവോത്ഥന ദൗത്യത്തിന്റെ പരാജയമാണിത്. സർക്കാരിന്റെ ഔദ്യോഗിക പരിപാടികളിലടക്കം ശക്തമായി നിലനിൽക്കുന്ന ഈ നവോത്ഥാന വിരുദ്ധതയെയാണ് നാം തിരിച്ചറിയേണ്ടതും തിരുത്തേണ്ടതും. അബ്രാഹ്മണർ പാചകം ചെയ്യുന്ന സസ്യേതര വിഭവങ്ങൾ കൂടി വിളമ്പപ്പെടുന്ന ഇടങ്ങളായി നമ്മുടെ കലോത്സവ വേദികൾ നാളെകളിലെങ്കിലും മാറട്ടെ.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News