'പൊലീസുകാരുടേത് ഗുരുതര വീഴ്ച'; വടകര കസ്റ്റഡി മരണത്തിൽ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ഇന്ന് കൈമാറും
സാക്ഷികളുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തും
കോഴിക്കോട്: വടകരയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ഇന്ന് കൈമാറും. ഉത്തരമേഖല ഐ.ജി ടി വിക്രമാണ് റിപ്പോർട്ട് പൊലീസ് മേധാവിയ്ക്ക് കൈമാറുന്നത്. കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു . ഇന്ന് സാക്ഷികളുടെ മൊഴിയെടുക്കും. പൊലീസുകാർക്ക് ഗുരുതര വീഴ്ചയുണ്ടായി എന്നാണ് ഐ.ജിയുടെ കണ്ടെത്തൽ. പൊലീസുകാർക്കെതിരെയെടുത്ത നടപടിയുടെ വിശദാംശങ്ങൾ കൂടി ചൂണ്ടികാണിച്ചുള്ള റിപ്പോർട്ടാണ് ഐ.ജി നൽകുക.
ക്രൈംബ്രാഞ്ച് എസ്.പി മൊയ്തീനാണ് കേസിന്റെ മേൽനോട്ടം. ഡിവൈഎസ്‍പി ടി.സജീവൻറെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വടകര സ്റ്റേഷനിലെത്തി വിവരങ്ങൾ ശേഖരിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധനക്കയയ്ക്കും. ഫോറൻസിക് വിഭാഗവും സൈബർ ഫോറൻസിക് വിഭാഗവും ക്രൈംബ്രാഞ്ച് സംഘത്തോടൊപ്പം വടകര സ്റ്റേഷനിൽ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. ഇന്ന് സാക്ഷികളുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തും.
തുടർന്നാകും സസ്‌പെഷൻ നടപടി നേരിടുന്ന എസ്.ഐ എം നിജീഷ്, എ,എസ്.ഐ അരുൺകുമാർ, സിവിൽ പൊലീസ് ഓഫിസർ ഗിരീഷ് എന്നിവരുടെ മൊഴി രേഖപ്പെടുത്തുക. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഉടൻ ലഭിക്കാൻ ക്രൈംബ്രാഞ്ച് അപേക്ഷ നൽകി. ഹൃദയാഘാതമാണ് സജീവൻറെ മരണകാരണെമന്നാണ് പ്രാഥമിക വിവരം. സർജന്റെ മൊഴിയും രേഖപ്പെടുത്തും. വാഹനാപകടവുമായി ബന്ധപ്പെട്ടാണ് വടകര പൊലീസ് സജീവനെ കസ്റ്റഡിയിലെടുക്കുന്നത്. പിന്നീട് വിട്ടയച്ചതിന് ശേഷം സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞ് വീഴുകയായിരുന്നു. പൊലീസ് മർദിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം.