'പെരുമാറ്റച്ചട്ടം ലംഘിച്ച് വ്യക്തിഹത്യ'; ഷാഫി പറമ്പിലിനെതിരെ പരാതി നൽകി കെ.കെ ശൈലജ
നവമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നു. സ്ഥാനാർഥിയുടെ അറിവോടെയാണ് സൈബർ ആക്രമണമെന്നും ആരോപണം.
കോഴിക്കോട്: വടകര യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ ശൈലജയുടെ പരാതി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വ്യക്തിഹത്യ നടത്തുന്നുവെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനാണ് പരാതി നൽകിയത്. നവമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നുവെന്നും സ്ഥാനാർഥിയുടെ അറിവോടെയാണ് സൈബർ ആക്രമണമെന്നുമാണ് കെ.കെ ശൈലജയുടെ ആരോപണം. ഫോട്ടോ മോർഫ് ചെയ്തും സംഭാഷണം എഡിറ്റു ചെയ്തും വ്യാജ പ്രചാരണം നടത്തുന്നുവെന്നും ആരോപണമുണ്ട്.
യു.ഡി.എഫിനും ഷാഫി പറമ്പിലിനുമെതിരെ കടുത്ത ആരോപണങ്ങളുമായി കെ.കെ ശൈലജ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. സ്ഥാനാർഥി എന്ന നിലയിൽ യു.ഡി.എഫ് സ്ഥാനാർഥിയും മീഡിയ വിങ്ങും വ്യക്തിഹത്യ നടത്തുന്നു. ഇൻസ്റ്റഗ്രാം പേജിലൂടെ മോശം ചിത്രങ്ങളും വിഡിയോയും പ്രചരിപ്പിക്കുന്നു. കുടുംബ ഗ്രൂപ്പുകളിൽ അശ്ലീല വിഡിയോ പ്രചരിപ്പിക്കുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മിഷനും വരണാധികാരിക്കും വീണ്ടും പരാതി നൽകുമെന്നും ശൈലജ അറിയിച്ചിരുന്നു.
തന്നെ തേജോവധം ചെയ്യുന്നത് സ്ഥിരമാക്കുകയാണ്. വൃത്തികെട്ട ഗൂഢസംഘമാണ് യു.ഡി.എഫിന്റെ പ്രചാരണത്തിലുള്ളത്. ജീവിതത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു തേജോവധം അനുഭവിക്കുന്നത്. സ്ഥാനാർഥിയെന്ന നിലയിൽ തുടർച്ചയായി ആക്ഷേപം നടത്തുന്നു. വ്യാജ വിഡിയോ ഉണ്ടാക്കാൻ പ്രത്യേക സംഘം തന്നെ യു.ഡി.എഫിനുണ്ടെന്നും ശൈലജ ആരോപിച്ചു.
'എന്റെ വടകര KL18' എന്ന പേരിലുള്ള ഇൻസ്റ്റഗ്രാം പേജിലാണു മോശം ചിത്രങ്ങളും വിഡിയോയും പ്രചരിപ്പിക്കുന്നതെന്നും അവർ ആരോപിച്ചു. കുടുംബ ഗ്രൂപ്പുകളിലാണ് ഇത് കൂടുതൽ വരുന്നത്. തനിക്ക് പിന്തുണ ഏറുന്നത് കണ്ടാവും കുടുംബഗ്രൂപ്പിൽ അശ്ലീല വിഡിയോ പ്രചരിപ്പിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തിയിരുന്നു.