വടകര താലൂക്ക് ഓഫീസിൽ വീണ്ടും തീ, താൽക്കാലിക ഓഫീസ് നാളെ മുതൽ
കഴിഞ്ഞ ദിവസം കത്തിയമർന്ന റിക്കാർഡ് റൂമിൽ നിന്നാണ് ആറര മണിയോടെ തീയും പുകയും ഉയർന്നത്
വടകര താലൂക്ക് ഓഫീസ് നാളെ മുതൽ പ്രവർത്തിക്കുമെന്നും സബ് ട്രഷറിയിലാണ് താൽക്കാലിക സംവിധാനം ഒരുക്കുന്നതെന്നും അധികൃതർ അറിയിച്ചു. രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെ ഓഫിസ് പ്രവർത്തിക്കും. താലൂക്ക് ഓഫീസിൽ തീപിടിച്ചതിനെ തുടർന്നാണ് താൽക്കാലിക ഓഫീസ് തുറന്നത്.
അതിനിടെ, താലൂക്ക് ഓഫീസിൽ വീണ്ടും തീ ഉയർന്നു. കഴിഞ്ഞ ദിവസം കത്തിയമർന്ന റിക്കാർഡ് റൂമിൽ നിന്നാണ് ആറര മണിയോടെ തീയും പുകയും ഉയർന്നത്. അടുത്തുണ്ടായിരുന്ന പൊലിസുകാരാണ് ഇത് കണ്ടത്. തുടർന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് എത്തി അണച്ചു. അന്ന് കെടുത്തിയ മരക്കഷ്ണങ്ങളിൽ നിന്ന് തീ പിടിച്ചതാണെന്നാണ് കരുതുന്നത്.
അതിനിടെ, തീപ്പിടിത്ത കേസിൽ ആന്ധ്ര സ്വദേശി സതീഷ് നാരായണന്റെ അറസ്റ്റ് രേഖപ്പെടുത്തി. നേരത്തെ മൂന്നു കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കുറ്റം സമ്മതിച്ചതോടെയാണ് നാലാമത്തെ കേസിലും അറസ്റ്റ് രേഖപ്പെടുത്തിയത്. താലൂക്ക് ഓഫീസ് പരിസരത്ത് രാത്രി കിടക്കാനായെത്തിയപ്പോൾ മാലിന്യം കൂട്ടിയിട്ട് കത്തിച്ചുവെന്നാണ് ഇയാൾ പൊലിസനോട് പറഞ്ഞത്. പരസ്പര വിരുദ്ധമായ മൊഴികളാണ് ഇദ്ദേഹം പൊലിസിന് നൽകിയത്. ഇയാളുടെ മാനസിക നില പൊലിസ് പരിശോധിക്കും.
Vadakara taluk office on fire again, temporary office from tomorrow