സഞ്ചാരികൾക്ക് സന്തോഷ വാർത്ത; വാഗമൺ ഗ്ലാസ് ബ്രിഡ്ജ് എൻട്രി ഫീസ് പകുതിയായി കുറച്ചു
500 രൂപയായിരുന്നു നേരത്തെ ഗ്ലാസ് ബ്രിഡ്ജിലേക്കുള്ള പ്രവേശന ഫീസ്
തിരുവനന്തപുരം: വാഗമൺ ഗ്ലാസ് ബിഡ്ജിന്റെ എൻട്രി ഫീസ് കുറച്ചതായി വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. 500 രൂപയായിരുന്നു നേരത്തെ ഗ്ലാസ് ബ്രിഡ്ജിലേക്കുള്ള പ്രവേശന ഫീസ്. ഇത് 250 രൂപയായി കുറച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവേശന ഫീസ് കൂടുതലാണെന്നും ഇത് കുറക്കണമെന്നും ഉദ്ഘാടന വേളയിലും പിന്നീട് സോഷ്യൽമീഡിയയിലൂടെയും നിരവധി പേർ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിശോധിക്കാൻ ഇടുക്കി ജില്ലാ കലക്ടർക്ക് മന്ത്രി നിർദേശം നൽകുകയും ചെയ്തു. തുടർന്നാണ് ഫീസ് കുറക്കാൻ തീരുമാനിച്ചതെന്ന് മന്ത്രിയുടെ ഓഫീസ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
വാഗമൺ ഗ്ലാസ് ബിഡ്ജിന്റെ എൻട്രി ഫീസ് കുറച്ചതായി വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി .എ മുഹമ്മദ് റിയാസ് അറിയിച്ചു. സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഗമണിലെ അഡ്വഞ്ചർ പാർക്കിൽ ആരംഭിച്ച ഗ്ലാസ് ബ്രിഡ്ജ് ഇതിനകം തന്നെ ജനങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. രാജ്യത്തെ തന്നെ ഏറ്റവും നീളം കൂടിയ കാന്റി ലിവർ ഗ്ലാസ് ബ്രിഡ്ജ് എന്ന നിലയിൽ സഞ്ചാരികൾ കൗതുകത്തോടെയാണ് വാഗമണിലേക്ക് എത്തുന്നത്.
ഗ്ലാസ് ബ്രിഡ്ജ് ഉദ്ഘാടന വേളയിലും പിന്നീട് സോഷ്യൽമീഡിയയിലൂടെയും നിരവധി പേർ എൻട്രി ഫീസ് കുറക്കാനാവശ്യമായ ഇടപെടൽ നടത്തണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇക്കാര്യം പരിശോധിക്കാൻ ഇടുക്കി ജില്ലാ കളക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി. തുടർന്ന് ഇപ്പോൾ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവേശന ഫീസ് 500 രൂപയിൽ നിന്നും 250 രൂപയായി കുറക്കാൻ തീരുമാനിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.