പ്രവർത്തന ഫണ്ടും സംസ്ഥാന കമ്മിറ്റി ഓഫീസും; ചായപ്പൊടി വിറ്റ് പണം കണ്ടെത്താന്‍ വനിതാ ലീഗ്
ജില്ലാ കമ്മിറ്റികള്‍ക്ക് ടാർജറ്റ് നിശ്ചയിച്ചു കൊടുത്തിട്ടുണ്ട്.
പ്രവർത്തന ഫണ്ട് ശേഖരണത്തിനും സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമാണത്തിനുമുള്ള പണം കണ്ടെത്താൻ വനിതാ ലീഗ് ചായപ്പൊടി കച്ചവടത്തിനിറങ്ങുന്നു. ചെറുതുരുത്തിയിൽ നടന്ന വനിതാ ലീഗിന്റെ സംസ്ഥാന ക്യാമ്പിലാണ് ഇതുസംബന്ധിച്ച ധാരണയുണ്ടായത്. കിലോക്ക് 333 രൂപ നിരക്കിൽ മുൻകൂട്ടി പണം വാങ്ങി ശാഖാ തലത്തിൽ പ്രവർത്തകർ ഇറങ്ങിയാണ് വിൽപ്പന നടത്തുക.
നവംബർ ഒന്നിന് തുടങ്ങി 30 ന് അവസാനിക്കുന്ന രീതിയിൽ ഓൺലൈനായി ഫണ്ട് ശേഖരണവും ചായപ്പൊടിയുടെ വിതരണവും പൂർത്തിയാക്കും. ഇതിനായി ജില്ലാ തലത്തിലുള്ള വനിതാ ലീഗിന്റെ കൺവെൻഷനുകൾ തുടരുകയാണ്. കാംപയിൻറെ സംസ്ഥാന തല ഉദ്ഘാടനം പാണക്കാട് സാദിഖലി തങ്ങളാണ് നിർവഹിച്ചത്.
പ്രതീക്ഷിക്കുന്നത് 10 കോടി
ഇടനിലക്കാരൻ വഴി തേയില മൊത്തത്തിൽ ലേലത്തിലെടുത്ത് പാക്ക് ചെയ്ത് വിതരണം ചെയ്യാനാണ് തീരുമാനം. ജില്ലകൾക്ക് ടാർജറ്റ് നിശ്ചയിച്ചു കൊടുത്തിട്ടുണ്ട്. മലപ്പുറം ജില്ല 5 ലക്ഷം കിലോ ചായപ്പൊടി വിൽക്കണം. കോഴിക്കോട് മൂന്ന് ലക്ഷം കിലോയാണ് വിൽക്കേണ്ടത്. പാലക്കാടിന്റെയും കണ്ണൂരിന്റെയും ടാർജറ്റ് ഒരു ലക്ഷം കിലോ വീതമാണ്. ചായപ്പൊടി വിറ്റ് ലഭിക്കുന്ന തുകയും അറുപത് ശതമാനം സംസ്ഥാന കമ്മിറ്റിക്കാണ്. ശാഖ മുതൽ ജില്ലാ കമ്മിറ്റിവരെയുള്ള ഘടകങ്ങൾക്ക് പത്ത് ശതമാനം വീതം ലഭിക്കും.
വനിതാ ലീഗ് നേതാക്കൾക്ക് താമസിക്കാൻ ഉൾപ്പെടെ സൗകര്യമുള്ള ഓഫീസ് നിർമിക്കുകയാണ് ലക്ഷ്യം. പാലക്കാട് നിന്നുള്ള സംസ്ഥാന സെക്രട്ടറി ഷംല ഷൗക്കത്താണ് ചായപ്പൊടി വിറ്റ് ഫണ്ട് ശേഖരിക്കാനുള്ള ആശയം മുന്നോട്ട് വെച്ചത്. മുണ്ട് വിൽപ്പന നടത്തി നേരത്തേ യൂത്ത് ലീഗ് പ്രവർത്തന ഫണ്ട് ശേഖരിച്ചിരുന്നു. അതിനു പിറകേ ദേശീയ കമ്മിറ്റി ഓഫീസ് നിർമിക്കാനായി 75 കോടിയോളം രൂപ മുസ്ലിം ലീഗ് ഓൺലൈനായി പിരിച്ചു. ഇതിന് പിറകേയാണ് ടീ ഗാല പദ്ധതിയുമായി വനിതാ ലീഗും പിരിവിനിറങ്ങുന്നത്.