കേരള സർവകലാശാല സെനറ്റ് യോഗത്തിലെ തർക്കത്തിൽ വി.സി നിയമോപദേശം തേടും
വി.സിയെ നോക്കുകുത്തിയാക്കി ഉന്നതവിദ്യാഭ്യാസ മന്ത്രി യോഗം നിയന്ത്രിച്ചെന്ന് മോഹൻ കുന്നുമ്മൽ
തിരുവനന്തപുരം: ഇന്നലെ നടന്ന കേരള സർവകലാശാല സെനറ്റ് യോഗത്തിലെ പ്രശ്നങ്ങളിൽ വൈസ് ചാൻസലർ വ്യക്തിപരമായി നിയമോപദേശം തേടും. നിയമോപദേശം ലഭിച്ച ശേഷം ഡോ. മോഹനൻ കുന്നുമ്മൽ ഗവർണർക്ക് വിശദമായ റിപ്പോർട്ട് നൽകും.തന്നെ നോക്കുകുത്തിയാക്കി ഉന്നതവിദ്യാഭ്യാസ മന്ത്രി മന്ത്രി ആർ. ബിന്ദു യോഗം നിയന്ത്രിച്ചുവെന്നാണ് വൈസ് ചാന്‍സലറുടെ പരാതി.
യോഗത്തിന് അധ്യക്ഷത വഹിക്കാനായി ഹാളിലേക്ക് എത്തുമ്പോഴാണ് പ്രോ ചാൻസലർ ആയ മന്ത്രിയാണ് യോഗം നിയന്ത്രിക്കുന്നതെന്ന കാര്യം വി.സി അറിയുന്നത്. പിന്നെ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ. തീരുമാനങ്ങളിലൊന്നും ആർക്കും വ്യക്തതയില്ല. അതുകൊണ്ടുതന്നെ വിശദമായ പഠനത്തിനു ശേഷമാകും റിപ്പോർട്ട്തയ്യാറാക്കുക. ആദ്യം വ്യക്തിപരമായി നിയമോപദേശം തേടും.
ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടൽ നിയമപരമാണോ എന്നാകും പ്രധാനമായും പരിശോധിക്കുക. ഇതിൻറെ അടിസ്ഥാനത്തിലാകും റിപ്പോർട്ട് തയ്യാറാക്കുക. യോഗത്തിൽ പൂർണമായും തന്നെ ഒറ്റപ്പെടുത്തി എന്ന പരാതിയും വി.സിക്ക് ഉണ്ട്. മന്ത്രിയും ഇടത് അംഗങ്ങളും ചേർന്ന് ജനാധിപത്യവിരുദ്ധമായി പ്രവർത്തിച്ചു. തന്റെ അഭിപ്രായം പറയാനോ നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കാനോ അവസരം ലഭിച്ചില്ല. പ്രമേയം അവതരിപ്പിച്ചതും പാസാക്കിയതും നിയമവിരുദ്ധമാണ് എന്നും സൂചിപ്പിക്കും. സെനറ്റ് ചേർന്ന് പ്രതിനിധിയെ നിശ്ചയിച്ചില്ലെങ്കിലും ഉയർന്നുവന്ന രണ്ടുപേരുകളും വൈസ് ചാൻസിലർ റിപ്പോർട്ടിൽ ഉൾപ്പെടുത്തും. ഇതുകൂടാതെ ഇന്നത്തെ സംഭവങ്ങൾ ഉൾപ്പെടുത്തി ചാൻസിലർ നോമിനികൾ വി സിക്ക് ഒരു പരാതി നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച വിശദാംശങ്ങളും റിപ്പോർട്ടിൽ ചേർക്കും.
തുടർനടപടികൾ ചാൻസലർക്ക് വിട്ടുകൊടുക്കുക എന്ന നയമാണ് വിസിക്ക് ഉള്ളത്. അതുകൊണ്ടുതന്നെ ഗവർണറുടെ നിലപാട് ആകും ഇനി നിർണായകം. നിലവിലെ സാഹചര്യ പ്രകാരം നിയമപോരട്ടത്തിലേക്ക് നീങ്ങാനാണ് സാധ്യത.