കൂടുതൽ പുക പുറന്തള്ളുന്ന വാഹനങ്ങൾക്ക് പിടി വീഴും; കൊച്ചിയിൽ വായുമലിനീകരണം തടയുന്നതിന് നടപടിയുമായി ജില്ലാ ഭരണകൂടം

രാസബാഷ്പ മാലിന്യത്തിന്റെ അളവായ പി.എം 2.5 കൊച്ചിയിൽ വർധിക്കുന്നത് തടയാൻ അടിയന്തര ഇടപെടലുമായി ജില്ലാ ഭരണകൂടം

Update: 2023-02-14 09:47 GMT
Editor : afsal137 | By : Web Desk
Advertising

എറണാകുളം: വായുവിലെ രാസബാഷ്പ മാലിന്യത്തിന്റെ അളവായ പി.എം 2.5 കൊച്ചിയിൽ വർധിക്കുന്നത് തടയാൻ അടിയന്തര ഇടപെടലുമായി ജില്ലാ ഭരണകൂടം. മലിനീകരണ സ്രോതസുകൾ നിരീക്ഷിച്ച് കർശന നടപടികൾ സ്വീകരിക്കാൻ കലക്ടർ നിർദേശം നൽകി. നഗരത്തിലെ വായുവിന്റെ ഗുണമേന്മ സംബന്ധിച്ച് വിശദമായ പഠനം നടത്തുമെന്നും കലക്ടർ മീഡിയവണിനോട് പറഞ്ഞു.

വായുവിലെ രാസബാഷ്പ മാലിന്യത്തിന്റെ അളവായ പിഎം 2.5 കൊച്ചി നഗരത്തിൽ ഗണ്യമായി വർധിക്കുന്നുവെന്ന് മീഡിയവൺ ഇന്നലെയാണ് റിപ്പോർട്ട് ചെയ്തത്. പിഎം 2.5ന്റെ വർധനവ് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടത്തിന്റ ഇടപെടൽ. മലിനീകരണ നിയന്ത്രണ ബോർഡ്, ദുരന്ത നിവാരണ വിഭാഗം അടക്കമുള്ള വകുപ്പുകളുടെ അടിയന്തരയോഗം കലക്ടർ ഇന്നലെ വിളിച്ചുചേർത്തു.

വാഹനങ്ങളിൽ നിന്ന് പുറന്തള്ളുന്ന പുകയാണ് ഇപ്പോഴുള്ള അവസ്ഥയ്ക്ക് കാരണമെന്നാണ് നിഗമനം. അതുകൊണ്ട് തന്നെ ആർ.ഡി.ഒയുടേ നേതൃത്വത്തിൽ കൂടുതൽ പുക പുറന്തള്ളുന്ന വാഹനങ്ങളെ കണ്ടെത്താൻ പരിശോധന നടത്തും. നഗരത്തിലെ അന്തരീക്ഷ വായുവിന്റെ നിലവാരം നിരീക്ഷിക്കുന്നതിന് ജെ.എൻ.എൽ സ്റ്റേഡിയത്തിൽ പുതിയ നിരീക്ഷണകേന്ദ്രം തുടങ്ങും. നിലവിൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തില്ലെങ്കിലും വാഹനങ്ങൾ കൂടുന്നതിനാൽ ജാഗ്രത പുലർത്തണമെന്നും ജില്ലാ കലക്ടർ മീഡിയവണിനോട് പറഞ്ഞു. വായുനിലവാരം പഠിക്കുന്നതിനായി പ്രത്യേക സമിതി രൂപീകരിക്കാനും കലക്ടർ നിർദേശം നൽകി

Full View

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News