'തരൂർ കടുത്ത പിന്നാക്ക വിരോധി, സുകുമാരന്‍ നായര്‍ പച്ചക്ക് ജാതി പറഞ്ഞിട്ടും തടഞ്ഞില്ല'; വെള്ളാപ്പള്ളി നടേശൻ
'ഡൽഹി നായരെന്ന് പറഞ്ഞിരുന്ന ശശി തരൂരിനെ ഒറ്റ ദിവസം കൊണ്ടാണ് തറവാടി നായരും വിശ്വപൗരനുമാക്കിയത്'
ആലപ്പുഴ: ശശി തരൂർ കടുത്ത പിന്നാക്ക വിരോധിയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. 'തരൂർ കടുത്ത പിന്നാക്ക വിരോധിയാണ്. ദലിത് നേതാവിനെ കോൺഗ്രസിന്റെ അധ്യക്ഷനാക്കാൻ ശ്രമിച്ചപ്പോൾ അവരെ പിന്തള്ളിയാണ് തരൂർ സ്ഥാനാർഥിയായത്. തോൽക്കും എന്നറിഞ്ഞുകൊണ്ടുമാത്രമയിരുന്നു മത്സരിച്ചത്. 15 വർഷം പരിചയമുള്ള തരൂരിനേക്കാൾ യോഗ്യതയുള്ള എത്രയോ നേതാക്കൾ ഉണ്ടായിരുന്നെന്നും ഇവരെയൊക്കെ വെട്ടാനാണ് തരൂർ ശ്രമിക്കുന്നത്'.. വെള്ളാപ്പള്ളി പറഞ്ഞു.
'ഡൽഹി നായരെന്ന് പറഞ്ഞിരുന്ന ശശി തരൂരിനെ ഒറ്റ ദിവസം കൊണ്ടാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരന്‍ നായര്‍ തറവാടി നായരും ചങ്ങാനാശേരി നായരും വിശ്വപൗരനുമാക്കിയത്. സുകുമാരൻ നായരെപ്പോലെ പച്ചക്ക് ജാതിപറയുന്ന ആളെ താൻ വേറെ കണ്ടിട്ടില്ല. അതിനെ എതിർക്കാൻ തരൂരും ശ്രമിച്ചില്ല'. വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
'തരൂർ ബുദ്ധിമാനാണെന്നാണ് ഇത്രയും കാലം വിചാരിച്ചിരുന്നത്. എന്നാൽ ഈയിടെ നടത്തിയിരുന്ന പ്രസ്താവനകൾ അദ്ദേഹം ബുദ്ധിഹീനനാണെന്ന് തെളിയിക്കുകയാണ്. ശശി തരൂർ ഒരു ആനമണ്ടനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. 'കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്‌ശേഷം കേരളത്തിലെത്തി മതനേക്കാളെ കാണാൻ ഓടിനടക്കുകയാണ്. ഒരു മതനേതാവോ പ്രമാണി നേതാവോ പ്രഖ്യാപിക്കുന്നതിനനുസരിച്ച് വോട്ട് ചെയ്യുന്ന കാലമൊക്കെ കഴിഞ്ഞുപോയി. ഞാനടക്കമുള്ള സമുദായ നേതാവിന്റെ വാക്കുകേട്ടല്ല ഇന്ന് ആരും വോട്ട് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.