ആലുവ അഞ്ചുവയസുകാരിയുടെ കൊലപാതകം; പോക്സോ കോടതി നാളെ വിധി പറയും
തുടർച്ചയായി 26 ദിവസം നീണ്ട വിചാരണക്കൊടുവിലാണ് വിധിപ്രസ്താവം
കൊച്ചി: മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ആലുവയിലെ പെൺകുട്ടിയുടെ കൊലപാതകത്തിൽ പോക്സോ കോടതി നാളെ വിധി പറയും. അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കഴുത്തുഞെരിച്ചാണ് പ്രതിയായ അസഫാഖ് ആലം കൊലപ്പെടുത്തിയത്. തുടർച്ചയായി 26 ദിവസം നീണ്ട വിചാരണക്കൊടുവിലാണ് വിധിപ്രസ്താവം.
പെൺകുട്ടി കൊല്ലപ്പെട്ട് മൂന്ന് മാസം പൂർത്തിയാകുമ്പോഴാണ് അതിവേഗം നടപടികൾ പൂർത്തിയാക്കി കോടതി വിധി പ്രസ്താവിക്കുന്നത്. 26 ദിവസം നീണ്ടുനിന്ന വിചാരണയിൽ പെൺകുട്ടിയുടെ അച്ഛനെയും അമ്മയെയും ഉൾപ്പെടെ 44 സാക്ഷികളെ വിസ്തരിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളാണ് പ്രോസിക്യൂഷൻ ഹാജരാക്കിയത്. പ്രതി അസഫാഖ് ആലം സ്ഥിരം കുറ്റവാളിയാണെന്ന് തെളിയിക്കുന്ന രേഖകളും അന്വേഷണ സംഘം കൈമാറിയിരുന്നു. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോവുക, ക്രൂരമായി ബലാത്സംഗം ചെയ്യുക, കൊലപ്പെടുത്തുക എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്.
ഇയാൾ ബിഹാർ സ്വദേശി ആയതിനാൽ ദ്വിഭാഷിയുടെ സഹായത്തോടെയായിരുന്നു വിസ്താരം. ജൂലൈ 28 നാണ് ജ്യൂസ് വാങ്ങിനൽകാമെന്ന് പറഞ്ഞ് പെൺകുട്ടിയുമായി അസഫാഖ് ആലം കടന്നുകളയുന്നത് . പിന്നീട് കുട്ടിയെ ആലുവ മാർക്കറ്റിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.