ഗവർണറുടെ ചിറകരിഞ്ഞ് സർക്കാർ; വി.സി നിയമനത്തിൽ അധികാരം വെട്ടിച്ചുരുക്കുന്ന ബില്ലിന് മന്ത്രിസഭാ അംഗീകാരം
മുഖ്യമന്ത്രിയെ സർവകലാശാലകളുടെ വിസിറ്ററായി നിയമിക്കണമെന്നും ഓരോ സർവകലാശാലകൾക്കും വെവ്വേറെ ചാൻസലറെ നിയമിക്കണമെന്നും വിദ്യാഭ്യാസ പരിഷ്‌കരണ കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്
തിരുവനന്തപുരം: സർവകലാശാലാ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ അധികാരം കവരുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. വി.സി നിയമന സമിതിയുടെ ഘടന മാറ്എറും. ചാൻസലറുടെ പ്രതിനിധിയെ സർക്കാർ നോമിനേറ്റ് ചെയ്യും.
ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നിർണായക തീരുമാനം. സർച്ച് കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം മൂന്നിൽനിന്ന് അഞ്ചാക്കാനും തീരുമാനിച്ചിട്ടുണ്ട്. ബിൽ 22ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും.
സർക്കാരും ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനും വിവിധ വിഷയങ്ങളിൽ പോര് തുടരുന്നതിനിടെയാണ് പുതിയ നീക്കം. കഴിഞ്ഞ ദിവസമാണ് അംബേദ്കർ സർവകലാശാല മുൻ വൈസ് ചാൻസർ ശ്യാം ബി. മേനോൻ അധ്യക്ഷനായ ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മിഷൻ ഗവർണറുടെ അധികാരങ്ങൾ വെട്ടിച്ചുരുക്കുന്നതടക്കമുള്ള ശിപാർശകൾ സമർപ്പിക്കുന്നത്. മുഖ്യമന്ത്രിയെ സർവകലാശാലകളുടെ വിസിറ്ററായി നിയമിക്കണമെന്നും ഓരോ സർവകലാശാലകൾക്കും വെവ്വേറെ ചാൻസലറെ നിയമിക്കണമെന്നും ശിപാർശയിൽ പറയുന്നുണ്ട്.
സർവകലാശാലകളുടെ ഭരണപരവും നിയമപരവുമായ അധികാരമുള്ള വിസിറ്ററായി മുഖ്യമന്ത്രിയെ ചുമതലപ്പെടുത്താനാണ് നിർദേശം. വി.സി കാലാവധി അഞ്ചുവർഷമാക്കും.
Summary: Kerala cabinet approves Bill to curtail Governor's powers in appointing University Vice-Chancellors