അനധികൃത സ്വത്തുസമ്പാദനാരോപണം; എഡിജിപിക്കെതിരായ അന്വേഷണത്തിന് വേഗം കൂട്ടി വിജിലൻസ്

ഡിസംബറിൽ ഇടക്കാല റിപ്പോർട്ട്‌ നൽകണമെന്ന വിജിലൻസ് കോടതിയുടെ നിർദേശത്തെത്തുടർന്നാണ് നീക്കം

Update: 2024-10-03 00:44 GMT
Advertising

തിരുവനന്തപുരം: അനധികൃത സ്വത്തുസമ്പാദന ആരോപണത്തിൽ ADGP എം.ആർ അജിത് കുമാറിനെതിരായ അന്വേഷണത്തിന് വിജിലൻസ് വേഗം കൂട്ടി. ഡിസംബറിൽ ഇടക്കാല റിപ്പോർട്ട്‌ നൽകണമെന്ന വിജിലൻസ് കോടതിയുടെ നിർദേശത്തെത്തുടർന്നാണിത്. നിയമസഭാ സമ്മേളനത്തിന് എത്തിയാൽ അടുത്തയാഴ്ച തിരുവനന്തപുരത്ത് വച്ച് പി.വി അൻവർ എം.എൽ.എയുടെ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

ആറുമാസമാണ് എഡിജിപി എം.ആർ അജിത് കുമാറിനും മുൻ മലപ്പുറം എസ്പി സുജിത് ദാസിനുമെതിരായ അന്വേഷണം പൂർത്തിയാക്കാൻ വിജിലൻസിന് നൽകിയിരിക്കുന്ന സമയം. ഇവർക്കെതിരെ പി.വി അൻവർ എംഎൽഎ നൽകിയ അനധികൃത സ്വത്തുസമ്പാദനം അടക്കമുള്ള അഞ്ച് പരാതികളിലാണ് അന്വേഷണം നടക്കുന്നത്. എന്നാൽ അജിത് കുമാർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി പി നാഗരാജ് നൽകിയ ഹരജി ഇന്നലെ വിജിലൻസ് കോടതി പരിഗണിച്ചിരുന്നു.

അജിത് കുമാറിനെതിരെ നിലവിൽ സർക്കാർ ഉത്തരവിട്ടിരിക്കുന്ന അന്വേഷണത്തിന്റെ ഇടക്കാല റിപ്പോർട്ട്‌ ഡിസംബർ പത്തിന് നൽകണമെന്നായിരുന്നു കോടതിയുടെ നിർദേശം. ഇതോടെ നടപടികൾ വേഗത്തിലാക്കാനാണ് വിജിലൻസ് മേധാവി യോഗേഷ് ഗുപ്തയുടെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം അൻവറിന് മൊഴിയെടുക്കുന്നതിനുള്ള നോട്ടീസും നൽകി. തിങ്കളാഴ്ച തിരുവനന്തപുരത്ത് വെച്ച് മൊഴി രേഖപ്പെടുത്താനാണ് നീക്കം.

എന്നാൽ നിയമസഭാ സമ്മേളനത്തിന് വരാതെ അൻവർ നിലമ്പൂരിൽ തന്നെ തുടരാൻ തീരുമാനിച്ചാൽ മൊഴിയെടുപ്പിന്റെ തീയതിയോ സ്ഥലമോ മാറ്റേണ്ടി വരും. ഇതിനോടകം മരം മുറിയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മലപ്പുറം എസ്.പി ക്യാമ്പ് ഓഫീസിലെത്തി വിജിലൻസ് സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. അൻവറിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം മരം മുറിയുമായി ബന്ധപ്പെട്ട് ചിലരുടെ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ ആലോചന. അജിത് കുമാർ, സുജിത് ദാസ് എന്നിവരുടെ മൊഴി അന്വേഷണത്തിന്റെ അവസാനഘട്ടത്തിലാകും രേഖപ്പെടുത്തുക.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News