ചിന്നക്കനാലിലെ റിസോർട്ട് നികുതി വെട്ടിപ്പ്; കുഴൽനാടന് വിജിലൻസ് നോട്ടീസ്, ഹാജരാകണം
വിജിലിൻസ് നോട്ടീസ് ലഭിച്ചുവെന്നും ഹാജരാകുമെന്നും കുഴൽനാടൻ
ഇടുക്കി: ചിന്നക്കനാലിൽ റിസോർട്ട് വാങ്ങിയതിൽ നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മാത്യു കുഴൽനാടൻ എം.എൽ.എയോട് ഹാജരാകാൻ വിജിലൻസ് നിർദേശം. മൊഴിയെടുക്കാനായി ശനിയാഴ്ച രാവിലെ 11 മണിക്ക് ഹാജരാകാനാണ് വിജിലൻസ് അറിയിച്ചിരിക്കുന്നത്. വിജിലിൻസ് നോട്ടീസ് ലഭിച്ചുവെന്നും നാളെ ഹാജരാകുമെന്നും കുഴൽനാടൻ അറിയിച്ചു.
2022ലാണ് മാത്യു കുഴൽനാടനും സുഹൃത്തുക്കളും ചേർന്ന് ചിന്നക്കനാലിൽ റിസോർട്ട് വാങ്ങിയത്. തുടർന്ന് ഈ ഇടപാടിൽ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ആരോപിച്ച് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി രംഗത്തെത്തി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണിപ്പോൾ കുഴൽനാടന് വിജിലൻസ് നോട്ടീസ് അയച്ചിരിക്കുന്നത്. 4000 സ്‌ക്വയർഫീറ്റ് ഉള്ള ഒരു കെട്ടിടവും 850 സ്‌ക്വർഫീറ്റ് വീതമുള്ള രണ്ട് കെട്ടിടങ്ങളുമാണ് മാത്യുവിന്റെയും സുഹൃത്തുക്കളുടെയും ഉടമസ്ഥതയിലുള്ളത്.
കപ്പിത്താൻ എന്ന് പേരിട്ടിരിക്കുന്ന റിസോർട്ടിലെ വലിയ കെട്ടിടം റിസോർട്ട് ആവശ്യങ്ങൾക്കും ചെറിയ കെട്ടിടം പാർപ്പിടാവശ്യങ്ങൾക്കും നിർമിച്ചു എന്നായിരുന്നു രേഖകൾ. ഇതിൽ ഗാർഹികാവശ്യത്തിന് അനുമതി വാങ്ങി നിർമിച്ച കെട്ടിടങ്ങൾ റിസോർട്ട് ആവശ്യത്തിന് ഉപയോഗിച്ചു എന്നതാണ് കുഴൽനാടനെതിരെയുള്ള ആരോപണം. തുടർന്ന് റിസോർട്ടിന്റെ ലൈസൻസ് പുതുക്കി നൽകാത്ത സാഹചര്യമുണ്ടായെങ്കിലും രേഖകൾ സുതാര്യമാക്കിയതിനെ തുടർന്ന് ലൈസൻസ് പുതുക്കി നൽകി.