വിലങ്ങാട് ഉരുൾപൊട്ടി ഒരാളെ കാണാതായി; 13 വീടുകൾ ഒലിച്ചുപോയി

ഉരുൾപൊട്ടലിൽ മലയങ്ങാട് പാലം ഒലിച്ചു പോയതിനെ തുടർന്ന് 15 കുടുംബങ്ങൾ മലയോര ഭാഗത്ത് ഒറ്റപ്പെട്ടു കഴിയുകയാണ്.

Update: 2024-07-30 16:02 GMT
Advertising

കോഴിക്കോട്: വടകര വിലങ്ങാട് മഞ്ഞക്കുന്ന് ഭാഗത്തുണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ ഒരാളെ കാണാതായി. 63കാരനായ മാത്യു എന്നയാളെയാണ് കാണാതായത്. രക്ഷാപ്രവർത്തനത്തിനെത്തിയ ഇദ്ദേഹം, ഉരുൾപൊട്ടലിൽ പെടുകയായിരുന്നു. ഇദ്ദേഹത്തിനായി എൻ.ഡി.ആർ.എഫിന്റെ നേതൃത്വത്തിൽ ഫയർ ആന്റ് റെസ്‌ക്യൂ ഉൾപ്പെടെയുള്ള വിഭാഗങ്ങൾ തിരച്ചിൽ നടത്തി. രാത്രി കാലാവസ്ഥ പ്രതികൂലമായതോടെ തിരച്ചിൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. രാവിലെ വീണ്ടും തുടരും.

ഞായറാഴ്ച പുലർച്ചെ 12 മണിയോടെയാണ് വിലങ്ങാട് ഉരുൾപൊട്ടലുണ്ടായത്. പാറക്കല്ലുകൾ ഉരുണ്ടുവരുന്ന ശബ്ദം കേട്ട പ്രദേശത്തെ 13 കുടുംബങ്ങൾ വീടുകളിൽ നിന്ന് ഇറങ്ങിയോടിയതിനാൽ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇവർ വീടുകളിൽ നിന്ന് ഇറങ്ങിയ ഉടനെ പാറക്കല്ലുകളും മണ്ണുമായെത്തിയ മലവെള്ളത്തിൽ 13 വീടുകളും കടകളും പൂർണമായും ഒലിച്ചുപോയി. വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ രക്ഷാപ്രവർത്തകനായി എത്തിയതായിരുന്നു മാത്യു. അവിടെയുണ്ടായിരുന്ന കടയുടെ വരാന്തയിൽ നിൽക്കുകയായിരുന്ന അദ്ദേഹം ഇരുൾപൊട്ടലിൽ പെടുകയായിരുന്നു. അദ്ദേഹം നിന്ന കടയും അപ്പാടെ ഒലിച്ചുപോയി.

ഉരുൾപൊട്ടലിൽ മലയങ്ങാട് പാലം ഒലിച്ചു പോയതിനെ തുടർന്ന് 15 കുടുംബങ്ങൾ മലയോര ഭാഗത്ത് ഒറ്റപ്പെട്ടു കഴിയുകയാണ്. ഇവിടെയുള്ള പാരിഷ് ഹാളിൽ ആരംഭിച്ച ദുരിതാശ്വാസ കാമ്പിലാണ് ഇവരിപ്പോൾ കഴിയുന്നത്. സുരക്ഷാ ഉദ്യോഗസ്ഥർ സഹായത്തിനായി അക്കരെ എത്തിയിട്ടുണ്ട്. ഉരുൾപൊട്ടലിൽ വൈദ്യുതി പോസ്റ്റുകൾ കടപുഴകിയതിനെ തുടർന്ന് പ്രദേശത്ത് വൈദ്യുതി വിതരണം പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്. കാമ്പുകളിൽ ഉൾപ്പെടെ ജനറേറ്റർ സംവിധാനം എത്തിച്ചിട്ടുണ്ട്. ദുരിതാശ്വാസ കാമ്പിലേക്ക് ആവശ്യമായ ഭക്ഷണസാധനങ്ങളും വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കളും രക്ഷാ പ്രവർത്തകർ എത്തിച്ചുനൽകി. ഉരുൾപൊട്ടലിനെ തുടർന്ന് പുഴയുടെ തീരങ്ങളിലുള്ളവരെ മാറ്റിപ്പാർപ്പിച്ചു. പാരിഷ് ഹാളിലെ കാമ്പിലുള്ള 200 പേർക്കു പുറമെ, വിലങ്ങാട് സെന്റ് ജോർജ് എച്ച്.എസ്.എസ്, അടുപ്പിൽ കോളനി, പാലൂർ എൽ.പി സ്‌കൂൾ എന്നിവിടങ്ങളിലെ കാമ്പുകളിലായി 510 പേരെ കൂടി മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

ജില്ലയിലെ കൈതപ്പൊയിൽ - ആനോറമ്മൽ വള്ളിയാട് റോഡിലുണ്ടായ മണ്ണിടിച്ചിലിൽ 80 മീറ്ററോളം റോഡ് മണ്ണിനടയിലായി. ഇവിടെ നിന്ന് ഏഴു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കുറ്റ്യാടി- മരുതോങ്കര വില്ലേജിൽ പശുക്കടവ് ഭാഗത്തും ഉരുൾപൊട്ടലുണ്ടായി. കടന്തറ പുഴയിൽ വെള്ളം കയറിയതിനെ തുടർന്ന് പൃക്കന്തോട്, സെന്റർ മുക്ക്, പീടികപ്പാറ പ്രദേശത്തുള്ള പുഴയോരവാസികളെ നെല്ലിക്കുന്ന് ഷെൽട്ടറിലേക്ക് മാറ്റി. കുന്ന്യോർമല ഭാഗത്ത് ദേശീയപാതയ്ക്ക് ഇരുവശവും മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് പ്രദേശവാസികളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

മഴ ശക്തമായ സാഹചര്യത്തിൽ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തി. ക്വാറികളുടെ പ്രവർത്തനം നിർത്തിവെക്കാനും നിർദേശിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ ആകെ 56 കാമ്പുകളിലായി 2869 ആളുകളാണ് കഴിയുന്നത്. നൂറുകണക്കിനാളുകളെ ബന്ധുവീടുകളിലേക്ക് മാറ്റി. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളോട് മാറിത്താമസിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

ദുരിതാശ്വാസ കാമ്പുകൾ: കോഴിക്കോട് താലൂക്ക്- 18 (1076 പേർ), വടകര താലൂക്ക്- 13 (849 പേർ), കൊയിലാണ്ടി താലൂക്ക് 10 (319 പേർ), താമരശ്ശേരി താലൂക്ക് - 15 (625 പേർ).

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News