കിഴക്കമ്പലത്തെ അക്രമം; 156 അതിഥി തൊഴിലാളികൾ പിടിയിൽ, അന്വേഷണം തുടരുന്നു
ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി മദ്യപിച്ച ഇവർ പരസ്പരം ഏറ്റുമുട്ടുകയും സംഘർഷം തടയാനെത്തിയ കുന്നത്തുനാട് സ്റ്റേഷനിലെ പൊലീസുകാരുടെ ജീപ്പ് കത്തിക്കുകയുമായിരുന്നു
എറണാകുളം കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ പരസ്പരം ഏറ്റുമുട്ടുകയും പൊലീസ് ജീപ്പ് കത്തിക്കുകയും ചെയ്ത കേസിൽ 156 പേരെ അറസ്റ്റ് ചെയ്തു. കിഴക്കമ്പലത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ റെയ്ഡ് നടത്തിയാണ് നടപടി. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി മദ്യപിച്ച ഇവർ പരസ്പരം ഏറ്റുമുട്ടുകയും സംഘർഷം തടയാനെത്തിയ കുന്നത്തുനാട് സ്റ്റേഷനിലെ പൊലീസുകാരുടെ ജീപ്പ് കത്തിക്കുകയുമായിരുന്നു. തൊഴിലാളികളുടെ കല്ലേറിൽ അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റു. കിറ്റക്‌സിലെ അതിഥി തൊഴിലാളികളാണ് അക്രമം അഴിച്ചുവിട്ടത്.
ക്രിസ്മസ് കരോൾ നടത്തിയത് സംബന്ധിച്ച തർക്കമാണ് തൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചത്. ഇവർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. രാത്രി 12 മണിയോടെയാണ് സംഭവം. പൊലീസ് കൺട്രോൾ റൂമിൽ ലഭിച്ച വിവരമനുസരിച്ച്, തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ സംഘർഷത്തിൽ ഇടപെടാനെത്തിയതായിരുന്നു പൊലീസ്. ഇതോടെ തൊഴിലാളികൾ പൊലീസിനു നേരെ തിരിഞ്ഞു. കല്ലേറിൽ കുന്നത്തുനാട് സിഐ വി.ടി ഷാജനുൾപ്പടെ അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വൻ സംഘം ക്യാമ്പ് ചെയ്യുകയാണ്.
അതേസമയം, സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും ആക്രമണത്തിൽ മാരകായുധങ്ങൾ ഉപയോഗിച്ചോയെന്ന് പരിശോധിക്കുമെന്നും ഡിഐജി നീരജ് ഗുപ്ത അറിയിച്ചു. സംഭവത്തിൽ രണ്ട് കേസ് രജിസ്റ്റർ ചെയ്‌തെന്നും എട്ടു പൊലിസുകാർക്കാണ് പരിക്കേറ്റതെന്നും റൂറൽ എസ്പി കെ കാർത്തിക് അറിയിച്ചു. മറ്റു കാര്യങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു പൊലീസ് വാഹനങ്ങൾക്കു നേരെയും ആക്രമണം ഉണ്ടായി. ഇതിൽ ഒരു ജീപ്പ് പൂർണമായും കത്തിച്ചു. ജീപ്പിലുണ്ടായിരുന്ന പൊലീസുകാർ ഓടിരക്ഷപ്പെടുകയായിരുന്നു. സ്ഥലത്തെത്തിയ നാട്ടുകാർക്കു നേരെയും കല്ലേറുണ്ടായി. തുടർന്ന് ആലുവ റൂറൽ എസ്.പി കാർത്തിക്കിന്റെ നേതൃത്വത്തിൽ പൊലീസ് സംഘമെത്തി തൊഴിലാളികളുടെ ക്യാമ്പിനുള്ളിൽ കയറി പ്രതികളെ അറസ്റ്റ് ചെയ്തു. പുലർച്ചെ നാലു മണിയോടെയാണ് ഇവരെ പിടികൂടിയത്. പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ അക്രമം അഴിച്ചുവിട്ട തൊഴിലാളികൾ മുമ്പും പ്രശ്‌നമുണ്ടാക്കിയിട്ടുണ്ടെന്നും അന്ന് പൊലീസിനെ അറിയിച്ചപ്പോൾ തിരിഞ്ഞുനോക്കിയില്ലെന്നും നാട്ടുകാർ പറയുന്നു.
At least 150 people have been arrested in connection with a clash between guest workers and the burning of a police jeep at Ernakulam kizhakkambalam