ചങ്ങനാശ്ശേരിയിലെ വെർച്വൽ അറസ്റ്റ്; വാട്ട്സാപ്പിന് കത്തയച്ച് പൊലീസ്
മുംബൈ പൊലീസ് എന്ന പേരിൽ ഡോക്ടറിൽ നിന്നും 5 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ 4.35 ലക്ഷം രൂപ പൊലീസ് തിരിച്ചുപിടിച്ചിരുന്നു
കോട്ടയം: കോട്ടയം ചങ്ങനാശ്ശേരിയിലെ വെർച്വൽ അറസ്റ്റിൽ വാട്ട്സാപ്പിന് കത്തയച്ച് പൊലീസ്. വാട്ട്സാപ്പ് കോളിന്‍റെ വിശദാംശങ്ങൾ തേടി കോട്ടയം എസ്‍പിയാണ് കത്തയച്ചത്. മുംബൈ പൊലീസ് എന്ന പേരിൽ ഡോക്ടറിൽ നിന്നും 5 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ 4.35 ലക്ഷം രൂപ പൊലീസ് തിരിച്ചുപിടിച്ചിരുന്നു.
സംസ്ഥാനത്ത് വെർച്ചൽ അറസ്റ്റ് തട്ടിപ്പ് സംബന്ധിച്ച ബോധവൽക്കരണം ശക്തമാക്കുന്നതിനിടെയാണ് വീണ്ടും തട്ടിപ്പ് .ചങ്ങനാശ്ശേരി പെരുന്നയിലെ ഡോക്ടറിൽ നിന്നുമാണ് മുംബൈ പൊലീസ് എന്ന പേരിൽ 500000 രൂപ തട്ടിയത്. ചൊവ്വാഴ്ച രാവിലെ പരിഭ്രാന്തനായി ബാങ്കിലെത്തിയ ഡോക്ടർ പണം ഉത്തരേന്ത്യയിലുള്ള തന്‍റെ സുഹൃത്തിന് അയക്കണമെന്ന് ആവശ്യപ്പെട്ടു. അക്കൗണ്ട് സംബന്ധിച്ച സംശയം പ്രകടിപ്പിച്ച ബാങ്ക് അധികൃതരോട് ഡോക്ടർ പ്രകോപിതനായി സംസാരിച്ചു. ഇടപാടിന് ശേഷം സംശയം തോന്നിയ ബാങ്ക് അധികൃതർ ഉടൻ പൊലീസിൽ വിവരമറിയിച്ചു. ഇങ്ങനെയാണ് തട്ടിപ്പ് പുറത്തായത് .
സംഭവമറിഞ്ഞ് വീട്ടിലെത്തിയ ചങ്ങനാശ്ശേരി എസ്എച്ച് വിനോദ് കുമാർ എസ്ഐ സന്ദീപ് എന്നിവരോട് ഡോക്ടർ സഹകരിച്ചില്ല. തുടർന്ന് പൊലീസ് ഫോൺ വാങ്ങി പരിശോധിച്ചപ്പോൾ തട്ടിപ്പ് വ്യക്തമായി. വെർച്ചൽ അറസ്റ്റ് എന്ന നടപടി ഇന്ത്യയിൽ ഇല്ല. ഇത്തരം ഫോൺ കോളുകൾ വന്നാൽ പൊലീസിൽ വിവരമറിയിച്ചാൽ തട്ടിപ്പ് തടയാൻ കഴിയും എന്ന് വ്യക്തമാക്കുന്നതാണ് ചങ്ങനാശ്ശേരിയിലെ സംഭവം.