ആയിരം സതീശൻമാർ വന്നാലും അര പിണറായി ആകില്ല; സഹനശക്തിക്ക് ഓസ്‌കർ പ്രഖ്യാപിച്ചാൽ അതിന് പിണറായി അർഹനാകും: വി.എൻ വാസവൻ
തലശ്ശേരി കലാപകാലത്ത് പിണറായി പള്ളിക്ക് കാവൽനിൽക്കുമ്പോൾ കെപിസിസി പ്രസിഡന്റ് ആർഎസ്എസ് ശാഖക്ക് കാവൽനിൽക്കുകയായിരുന്നുവെന്നും വാസവൻ പറഞ്ഞു.
തിരുവനന്തപുരം: ആയിരം സതീശൻമാർ വന്നാലും അര പിണറായി ആകില്ലെന്ന് മന്ത്രി വി.എൻ വാസവൻ. സഹനശക്തിക്ക് ഒരു ഓസ്‌കർ പ്രഖ്യാപിച്ചാൽ പിണറായി അതിന് അർഹനാകും. മാറാട് കലാപമുണ്ടായപ്പോൾ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ ആന്റണിയും പി.കെ കുഞ്ഞാലിക്കുട്ടിയും കൂടി പോയി. അന്ന് കുഞ്ഞാലിക്കുട്ടിയെ ആർഎസ്എസുകാർ തടഞ്ഞ് തിരിച്ചയച്ചു. ആന്റണി ഒറ്റക്കാണ് പോയത്. എന്നാൽ പിണറായിയും വി.കെ.സി മമ്മദ് കോയയും എളമരം കരീമും പോയപ്പോൾ അവരെ തടഞ്ഞു. വി.കെ.സിയും എളമരം കരീമും ഇല്ലാതെ ഒറ്റക്ക് പോകില്ലെന്ന നിലപാടാണ് പിണറായി സ്വീകരിച്ചത്. അവർ ഒരുമിച്ചാണ് അന്ന് മാറാട് സന്ദർശിച്ചത്.
നിരവധി മാധ്യമ ഭരണകൂട വേട്ടയാടലുകളെ അതിജീവിച്ച് കടന്നുവന്ന നേതാവാണ് പിണറായി വിജയൻ. ലാവ്‌ലിൻ കേസിൽ അടക്കം അദ്ദേഹത്തെ വേട്ടയാടി. ആകാശത്തുവെച്ച് അദ്ദേഹത്തെ കായികമായി ആക്രമിക്കാനുള്ള ശ്രമം പോലുമുണ്ടായി. തലശ്ശേരി കലാപമുണ്ടായപ്പോൾ പള്ളിക്ക് കാവൽനിന്ന് ഒരേ ഒരു നേതാവാണ് ഇന്ന് നിയമസഭയിലുള്ളത്. അത് പിണറായി വിജയനാണ്. അന്ന് കെപിസിസി പ്രസിഡന്റ് ആർഎസ്എസ് ശാഖക്ക് കാവൽനിൽക്കുകയായിരുന്നുവെന്നും വാസവൻ പറഞ്ഞു.