വിപ്ലവം, പോരാട്ടം, സമരജീവിതം; വി.എസ് @100

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് മൂവ്‌മെന്റിന്റെ സമരകലുഷിതമായ വഴിത്താരകളിലെ താഴാത്ത കൊടിയാണ് വി.എസ്. നൂറാണ്ടിന്റെ വാർധക്യാവശതകൾ പിടിച്ചുലയ്ക്കുന്നെങ്കിലും ജാഗ്രതയുള്ളൊരു കണ്ണുമായി വി.എസ് ഉണർന്നിരിപ്പുണ്ടെന്ന് വിശ്വസിക്കാനാണ് മലയാളിക്കിഷ്ടം

Update: 2022-10-20 01:11 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: ഇടതുപക്ഷ കേരളത്തിന്റെ സമരസൂര്യൻ വി.എസ് അച്യുതാനന്ദൻ ശതാബ്ദി നിറവിലേക്ക്. 'കണ്ണേ കരളേ വി.എസേ' എന്നാർത്തലച്ച മുദ്രാവാക്യത്തിന്റെ കരുത്തിൽ, കമ്യൂണിസ്റ്റ് പാർട്ടിയുടെ കാർക്കശ്യ മതിലുകളെ പൊളിച്ചുവീഴ്ത്തിയ നേതാവാണ് വി.എസ്. ഒരു നൂറ്റാണ്ട് പിന്നിടുന്ന വി.എസിന്റെ ജീവിതം കേരളത്തിന്റെ വളർച്ചാവഴികളോട് ചേർന്നുകിടക്കുന്നു. സമരഭരിതവും സാർഥകവുമായ ജീവിതം 99 ആണ് പിന്നിടുകയാണ്.

വി.എസ് എന്ന രണ്ടക്ഷരത്തിനൊപ്പം മലയാളി ചേർത്തുവച്ചിരിക്കുന്നത് അണഞ്ഞുപോകാത്ത വിപ്ലവത്തിന്റെ തീയോർമകളെയാണ്. മണ്ണിനും മനുഷ്യനും വേണ്ടിയുള്ള പോരാട്ടങ്ങളുടെ കനലുപൊള്ളുന്ന ചരിത്രസ്ഥലികളിലേക്ക് നീണ്ടുകിടക്കുന്നു ആ പേര്. 1923ൽ ആലപ്പുഴയിൽ ജനിച്ച് ഇന്ന് 99 വയസ് പൂർത്തിയാക്കുമ്പോൾ വലിയൊരു സമരജീവിതമായി വി.എസ് മാറുകയാണ്.

പാർട്ടിക്ക് പിഴച്ചുപോയെന്ന് തോന്നിയപ്പോഴെല്ലാം, ഇതല്ല തന്റെ പ്രസ്ഥാനമെന്ന് പറയാതെ പറഞ്ഞയാളാണ് വി.എസ്. അഴിമതിക്കാർക്കും സ്ത്രീവിരുദ്ധർക്കും സാമൂഹികദ്രോഹികൾക്കും മുൻപിൽ പാർട്ടി ഭേദമന്യേ ഒരു തലവേദനയായി എന്നും അദ്ദേഹമുണ്ടായിരുന്നു. ടി.പി ചന്ദ്രശേഖരന്റെ പ്രിയപത്‌നിയെ കണ്ട് നെഞ്ചുപൊട്ടി നിൽക്കുന്ന വി.എസിനെ കേരളമോർക്കുന്നത് മാപ്പിരക്കുന്ന മാർക്‌സിസ്റ്റിന്റെ രൂപത്തിലാണ്. സകലസ്ത്രീപീഡകരയെും കൈയാമവുമായി തെരുവിലൂടെ നടത്തിക്കുമെന്ന് വിളിച്ചുപറഞ്ഞ വി.എസിൽ സ്ത്രീസമൂഹം വിമോചനത്തിന്റെ ശബ്ദം കേട്ടു.

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് മൂവ്‌മെന്റിന്റെ സമരകലുഷിതമായ വഴിത്താരകളിലെ താഴാത്ത കൊടിയാണ് വി.എസ്. നൂറാണ്ടിന്റെ വാർധക്യാവശതകൾ പിടിച്ചുലയ്ക്കുന്നെങ്കിലും ജാഗ്രതയുള്ളൊരു കണ്ണുമായി വി.എസ് ഉണർന്നിരിപ്പുണ്ടെന്ന് വിശ്വസിക്കാനാണ് മലയാളിക്കിഷ്ടം.

Summary: VS Achuthanandan @ 100        

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News