'മേയർ തുടരുന്നത് എല്‍ഡിഎഫ് തീരുമാനപ്രകാരം, അത് അങ്ങനെ തുടരട്ടെ'; എം.കെ വർഗീസിനെതിരായ നിലപാട് മയപ്പെടുത്തി സുനില്‍ കുമാര്‍
മേയർക്കെതിരെ ഇന്നലെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് സുനില്‍ കുമാര്‍
തൃശൂര്‍: തൃശൂർ മേയർ എം.കെ വർഗീസിനെതിരായ നിലപാട് മയപ്പെടുത്തി സിപിഐ നേതാവ് വി.എസ് സുനിൽകുമാർ. മേയർ തുടരുന്നത് എല്‍ഡിഎഫ് തീരുമാനപ്രകാരമാണെന്നും അത് അങ്ങനെ തുടരട്ടെയെന്നും സുനിൽകുമാർ പറഞ്ഞു. സുരേന്ദ്രന്‍റെ ഭവന സന്ദർശന വിവാദം മുന്നോട്ടുകൊണ്ടുപോകാൻ താൽപര്യമില്ല. മേയർക്കെതിരെ ഇന്നലെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം തൃശൂരിലെ തോൽവി ആരുടെയോ തലയിൽ കെട്ടിവയ്ക്കാനാണ് വി.എസ് സുനിൽകുമാർ ശ്രമിക്കുന്നതെന്ന് തൃശൂർ മേയർ ആരോപിച്ചു. തന്നെ ബിജെപിയിൽ എത്തിക്കാനാണ് സുനിൽകുമാർ ശ്രമിക്കുന്നത്. ഇടതുപക്ഷം ഇനിയും അധികാരത്തിൽ വരണം എന്നാണ് ആഗ്രഹം. തനിക്ക് സുരേന്ദ്രനുമായി സൗഹൃദമില്ല. കേക്കുമായി വന്നതിനെ ഇത്ര വലിയ വിവാദമാക്കേണ്ട ആവശ്യമെന്തെന്നും മേയർ ചോദിച്ചു.
''ഞാന്‍ സിപിഎമ്മിലുറച്ച് നില്‍ക്കുന്ന ആളാണ്. സിപിഎമ്മിന്‍റെ കൂടെ നില്‍ക്കുന്ന എന്നെ ഇതുപോലുള്ള ബാലിശമായ കാര്യങ്ങളിലേക്ക് വലിച്ചിഴക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. കെ.സുരേന്ദ്രൻ ആത്മാർഥമായിട്ട് വന്നതെന്നാണ് എനിക്ക് ബോധ്യപ്പെട്ടത്. സുനിൽകുമാർ പറഞ്ഞതിന്‍റെ അർഥം എനിക്ക് മനസിലാകുന്നില്ല. സുരേന്ദ്രന്‍റെ വീട്ടിൽ പോയി ചായകുടിച്ച് വരാൻ സുനിൽകുമാറിനുള്ള ബന്ധം എന്താണെന്ന് മനസിലാകുന്നില്ല. എന്തിന് സുരേന്ദ്രന്‍റെ വീട്ടിൽ പോയി എന്ന് സുനിൽകുമാർ വ്യക്തമാക്കണം.
രണ്ടു കാലിൽ മന്തുള്ള ആളാണ് ഈ വഴിക്ക് ഒരു കാലിൽ മന്തുള്ളവൻ പോകുമെന്ന് പറയുന്നത്. സുനിൽ കുമാറിന്‍റെ വീട്ടിൽ സുരേന്ദ്രനും വന്നിട്ടില്ലെന്ന് തെളിയിക്കട്ടെ. സുരേന്ദ്രന്‍റെ വീട്ടിൽ എന്തിനു പോയി എന്നും സുനിലിന്‍റെ വീട്ടിൽ സുരേന്ദ്രൻ എന്തിനു വന്നു എന്നും സുനിൽ ബോധ്യപ്പെടുത്തട്ടെ'' എന്നും മേയര്‍ പറയുന്നു.