'സുരേന്ദ്രൻജിയുടെ ബാഗിൽ ഷർട്ടും മുണ്ടും ബനിയനും, ചെറിയ ബാഗിൽ ഷേവിങ് സെറ്റും പൗഡറും'; ന്യായീകരിച്ച് വിവി രാജേഷ്

"ഇതല്ലാതെ തെളിവുണ്ടെങ്കിൽ വച്ചോണ്ടിരിക്കാതെ കോടതിയിൽ പോകണം"

Update: 2021-06-06 12:02 GMT
Editor : abs | By : Web Desk
Advertising

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തെരഞ്ഞെടുപ്പ് വേളയിൽ കുഴൽപ്പണം കടത്തിയെന്ന ആരോപണത്തിൽ പ്രതികരണവുമായി പാർട്ടി നേതാവ് വിവി രാജേഷ്. സുരേന്ദ്രൻ ഹെലികോപ്ടറിൽ നിന്ന് ഇറങ്ങുന്ന വേളയിൽ ഉണ്ടായിരുന്ന പെട്ടിയിൽ ഷർട്ടും മുണ്ടും ആയിരുന്നു എന്നാണ് വിവി രാജേഷ് വ്യക്തമാക്കിയത്. ഇക്കാര്യം സുരേന്ദ്രനോട് താൻ നേരിട്ടു സംസാരിച്ചു ഉറപ്പുവരുത്തിയതാണ് എന്നും അദ്ദേഹം വ്യക്തമാക്കി. മനോരമ ന്യൂസ് ചാനലിലെ ചർച്ചയ്ക്കിടെയായിരുന്നു ബിജെപി നേതാവിന്റെ പ്രതികരണം.

' ഈ ഹെലികോപ്ടർ കഥ നടക്കുന്നത് കേട്ട് ഞാൻ സുരേന്ദ്രൻജിയോട് ചോദിച്ചു. നിങ്ങളാ ഹെലികോപ്ടറിൽ എന്താണ് കൊണ്ടുവന്നത്?  -പത്തനംതിട്ടയാണല്ലോ ഹെലികോപ്ടറിൽ കോടികൾ കൊണ്ടുവന്നു എന്ന് പറയുന്നത്- അദ്ദേഹം പറഞ്ഞു: എന്റെ ബാഗിലുണ്ടായിരുന്നത് രണ്ടോ മൂന്നോ ബനിയൻ, പിന്നെ മറ്റുള്ള വസ്ത്രങ്ങൾ, ഷർട്ട്, മുണ്ട്. ചെറിയ ബാഗിൽ ഒരു ഷേവിങ് സെറ്റും കുറച്ച് പൗഡറും ഒരു ചീപ്പോ പെർഫ്യൂമോ എന്തോ ഉണ്ടായിരുന്നു. ഇതായിരുന്നു കൊണ്ടുവന്നത്. ഇതാണ് ഞങ്ങളുടെ കൈയിലുള്ളത്. ഇതല്ലാതെ തെളിവുണ്ടെങ്കിൽ വച്ചോണ്ടിരിക്കാതെ കോടതിയിൽ പോകണം- ചർച്ചയിൽ കോൺഗ്രസ് പ്രതിനിധിയായി പങ്കെടുത്ത രാഹുൽ മാങ്കൂട്ടത്തിനോട് വിവി രാജേഷ് പറഞ്ഞു

തെരഞ്ഞെടുപ്പ് കമ്മിഷനെയും പൊലീസിനെയും അറിയിച്ചാണ് ഹെലികോപ്ടറിലെ സഞ്ചാരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേതാക്കന്മാർ ഹെലികോപ്ടറിലും വിമാനത്തിലും വരുമ്പോഴും പോകുമ്പോഴും തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ച് പൊലീസിനെയും അറിയിച്ച്, തെരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥൻ, ഒരു പൊലീസുദ്യോഗസ്ഥൻ, ഒരു ക്യാമറമാൻ ഇത്രയും പേർ അവിടെയുണ്ടാകും. വരുന്നവരുടെയും പോകുന്നവരുടെയും എല്ലാ ബാഗേജുകളും അവർ ആവശ്യപ്പെടുന്നത് അനുസരിച്ച് ചെക്ക് ചെയ്യും. ഇതാണ് അവിടത്തെ പ്രൊസീജ്യർ. അല്ലാതെ അവിടെ ഒന്നും നടക്കില്ല' - വിവി രാജേഷ് കൂട്ടിച്ചേർത്തു. 

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News