വാളയാർ പീഡന കേസ്; തുടരന്വേഷണത്തിന് സി.ബി.ഐയുടെ പുതിയ ടീം
മൂന്നു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് കോടതി
പാലക്കാട്: വാളയാർ പീഡന കേസിൽ തുടർ അന്വേഷണം നടത്താൻ സിബിഐയുടെ പുതിയ ടീം. സി.ബി.ഐ കൊച്ചി യൂണിറ്റിലെ ഡി.വൈ.എസ്.പി വി.എസ് ഉമയുടെ നേതൃത്യത്തിലാണ് അന്വേഷണം നടത്തുക. ഇത് സംബന്ധിച്ച റിപ്പോർട്ട് സിബിഐ പാലക്കാട് പോക്‌സോ കോടതിയിൽ സമർപ്പിച്ചു. മൂന്നു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്.
കേസിൽ സി.ബി.ഐയുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളിയിരുന്നു. പെണ്‍കുട്ടികളുടെ മരണം കൊലപാതകമല്ലെന്ന പൊലീസ് കണ്ടെത്തല്‍ ശരിവച്ചുള്ള കുറ്റപത്രമാണ് സിബിഐയും കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ ഇത് റദ്ദാക്കണമെന്നും കുട്ടികളുടെ മരണം കൊലപാതകമാണെന്നും അമ്മ കോടതിയില്‍ നല്‍കിയ ഹരജിയില്‍ ആരോപിച്ചിരുന്നു. ഇത് പരിഗണിച്ചാണ് പോക്സോ കോടതിയുടെ ഉത്തരവ്.
കേരളാ-തമിഴ്നാട് അതിർത്തിയിൽ വാളയാറിൽ 13ഉം ഒമ്പതും വയസുള്ള സഹോദരിമാരെ 2017 ജനുവരിയിലും മാർച്ചിലുമാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്ന് സഹോദരിമാർ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസും പിന്നാലെ സിബിഐയും കണ്ടെത്തിയത്. എന്നാൽ പതിനാലും ഒമ്പതും വയസ് മാത്രമുള്ള തൻറെ മക്കളുടേത് ആത്മഹത്യയല്ലെന്നും കൊലപ്പെടുത്തിയതാണെന്നായിരുന്നു പെൺകുട്ടികളുടെ അമ്മയുടെ നിലപാട്.