പശ്ചിമ കൊച്ചിയിലെ കുടിവെള്ള ക്ഷാമം: പാഴൂർ പമ്പ് ഹൗസിലെ തകരാർ രണ്ട് ദിവസത്തിനകം പരിഹരിക്കും; വാട്ടര്‍ അതോറിറ്റി

രണ്ടാമത്തെ പമ്പിന്റെ തകരാര്‍ പരിഹരിക്കുന്നതിനുള്ള ശ്രമവും ഊർജിതം

Update: 2023-02-22 14:07 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: പശ്ചിമ കൊച്ചിയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്നു. പാഴൂര്‍ പമ്പ് ഹൗസിലെ പമ്പുകളില്‍ ഒരെണ്ണം രണ്ടു ദിവസത്തിനകം പ്രവര്‍ത്തനസജ്ജമാകുമെന്ന്  വാട്ടര്‍ അതോറിറ്റി വാട്ടര്‍ അതോറിറ്റി അറിയിച്ചു. രണ്ടാമത്തെ പമ്പിന്റെ തകരാര്‍ പരിഹരിക്കുന്നതിനുള്ള ശ്രമവും ഊർജിതമാക്കുമെന്നും വാട്ടര്‍ അതോറിറ്റി അറിയിച്ചു. കുടിവെളള വിതരണത്തിന് കൂടുതല്‍ ചെറിയ ടാങ്കറുകള്‍ ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.ജനങ്ങളുടെ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് ഈ നടപടി. 

പശ്ചിമ കൊച്ചിയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. ബദൽമാര്‍ഗം ഉപയോഗിച്ചുള്ള കുടിവെള്ള വിതരണം കാര്യക്ഷമമാകാതിരുന്നതോടെയാണ് ജനങ്ങൾ പ്രതിഷേധം കടുപ്പിച്ചത്. ഇതോടെ പലയിടത്തും ടാങ്കര്‍ ലോറികളിൽ വെള്ളം എത്തിച്ചെങ്കിലും വിതരണം പൂര്‍ത്തിയാക്കാനായില്ല.

കുടിവെള്ള വിതരണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ കരുവേലിപ്പടി ജല അതോറിറ്റി ഓഫീസിന് മുന്നില്‍ പകലന്തിയോളം നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. രാവിലെ മുതൽ കൂടുതൽ ടാങ്കറുകള്‍ എത്തിച്ചു കുടിവെള്ള വിതരണം കാര്യക്ഷമമാകുമെന്നാണ് അധികൃതര്‍ അറിയിച്ചത്. എന്നാല്‍ ഈ ഉറപ്പ് പാലിക്കപ്പെട്ടില്ല. ഇതോടെ നാട്ടുകാര്‍ രാവിലെ കോർപ്പറേഷന്റെ രണ്ടാം ഡിവിഷനായ കുന്നുംപുറത്തെ റോഡ് ഉപരോധിച്ചു. എന്നാല്‍ ടാങ്കറുകളിൽ എത്തിച്ച വെള്ളം പലയിടത്തും തികഞ്ഞില്ല. ഇതോടെ കാര്യങ്ങൾ സംഘർഷത്തിലേക്ക് നീങ്ങിയിരുന്നു.

അതേസമയം, കുടിവെള്ളക്ഷാമത്തിന് പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉടനെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ മീഡിയവണിനോട് പറഞ്ഞു. 'പമ്പ് ഹൗസിലെ മോട്ടോറുകൾ തകരാറിലായതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ചെറിയ ടാങ്കറുകളിൽ വെള്ളമെത്തിക്കാൻ ശ്രമം തുടരുന്നുവെന്നും മന്ത്രി പറഞ്ഞു .പ്രതിസന്ധി ഉടൻ പരിഹരിക്കാൻ ആവശ്യമായ നിർദേശങ്ങൾ കലക്ടർക്ക് നൽകിയെന്നും ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കുന്നുവെന്നും മന്ത്രി അറിയിച്ചു.


Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News