ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ഡബ്ല്യു.സി.സി ആവശ്യപ്പെട്ടു: മന്ത്രി പി രാജീവ്
റിപ്പോർട്ട് പരസ്യപ്പെടുത്തേണ്ട നിയമപരമായ ബാധ്യത സർക്കാരിനില്ലെന്ന് മന്ത്രി
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ഡബ്ല്യു.സി.സി ആവശ്യപ്പെട്ടെന്ന് മന്ത്രി പി രാജീവ്.ദ ഇന്ത്യൻ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ ഡബ്ല്യു.സി.സി പ്രതിനിധി കളുമായി ചർച്ച നടത്തിയെന്നും മന്ത്രി അഭിമുഖത്തിൽ പറയുന്നു.
റിപ്പോർട്ട് പരസ്യപ്പെടുത്തേണ്ട നിയമപരമായ ബാധ്യത സർക്കാരിനില്ല. റിപ്പോർട്ടിലെ നിർദേശങ്ങൾ നിയമവകുപ്പിന് കൈമാറിയിട്ടുണ്ടെന്നും ഉടന്‍ അത് സാസ്കാരിക വകുപ്പിന് കൈമാറുമെന്നും മന്ത്രി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ മെയ് നാലിന് സർക്കാർ സിനിമ സംഘടനകളുടെ യോഗം വിളിച്ചിരിക്കെയാണ് മന്ത്രിയുടെ പുതിയ വെളിപ്പെടുത്തല്‍. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാൻ കഴിയില്ലെന്നായിരുന്നു സർക്കാർ നിലപാട്. ഡബ്ലൂ.സി.സി അടക്കം റിപ്പോർട്ട് പുറത്തു വിടാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് റിപ്പോർട്ട് പഠിച്ച് നടപ്പാക്കാൻ ഉന്നതതല ഉദ്യോഗസ്ഥസമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. റിപ്പോർട്ടിൻമേൽ ചർച്ച ചെയ്യാൻ എല്ലാ സിനിമസംഘടനകളെയും സർക്കാർ ക്ഷണിച്ചിട്ടുണ്ട്.
അതേസമയം വിജയ്ബാബുവിനെതിരായ ബലാത്സഗ പരാതിയിൽ പരാതിക്കാരിയെ പരസ്യമായി അപമാനിച്ചതിനെ അപലപിച്ച് ഡബ്ലിയു.സി.സി. മലയാള സിനിമയിലെ ലൈംഗികാതിക്രമങ്ങളുടെയും അക്രമങ്ങളുടെയും ഞെട്ടിക്കുന്ന മറ്റൊരു ആരോപണം ഇപ്പോൾ പരസ്യമാകുന്നു എന്ന് ഡബ്ലിയു.സി.സി ഫേസ്ബുക്ക് പേജിൽ കുറിച്ചു.