മുതലപ്പൊഴി നിഷ്ക്രിയത്വം തുടർന്നാൽ സർക്കാറിന് വലിയ വില കൊടുക്കേണ്ടിവരും: റസാഖ് പാലേരി
പെരുമാതുറയിൽ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച സമര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
തിരുവനന്തപുരം:മത്സ്യതൊഴിലാളികളുടെ ജീവന് വില കൽപ്പിക്കാത്ത സർക്കാറിൻ്റെ അനീതിക്കെതിരെ ജനങ്ങളെ അണിനിരത്തി ശക്തമായ സമരങ്ങൾക്ക് നേതൃത്വം കൊടുക്കുമെന്നു വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി.
നിരന്തരം അപകടങ്ങൾ സംഭവിച്ചിട്ടും നിരവധി മത്സ്യതൊഴിലാളികളുടെ ജിവൻ പൊലിഞ്ഞിട്ടും മുതലപ്പൊഴിയിലെ അപകടാവവസ്ഥ പരിഹരിക്കാൻ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി പെരുമാതുറയിൽ സംഘടിപ്പിച്ച സമര സംഗമത്തിൽ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മുതലപ്പൊഴിയിൽ ശാശ്വത പരിഹാരം കാണാനുള്ള നടപടി സർക്കാർ വേഗത്തിലാക്കണം.
നിസംഗമായ നിലപാടുമായി മുന്നോട്ട് പോകാനാണ് തീരുമാനമെങ്കിൽ ജനങ്ങളുടെ ഭാഗത്ത് നിന്നുള്ള രോഷം സർക്കാർ നേരിടേണ്ടി വരും. മരണപ്പെട്ടവരുടെ കൃത്യമായ കണക്ക് പോലും സർക്കാറിന്റെ കയ്യിൽ ഇല്ല. തുടക്കം മുതലേ ഈ വിഷയം പരിഗണിക്കുന്നതിൽ സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള അനാസ്ഥ പ്രകടമാണ്. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരത്തുക പോലും അനുവദിക്കാത്ത സർക്കാർ നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണ് . ജനങ്ങളുടെ സുരക്ഷക്ക് പരിഗണന കൊടുക്കാത്ത സർക്കാരിന് ഒരു നിമിഷം പോലും തൽസ്ഥാനത്ത് തുടരാൻ അർഹതയില്ല. ഇനിയും തീരദേശ ജനങ്ങളെ വഞ്ചിക്കുന്ന നിലപാടുമായി മുന്നോട്ട് പോകാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ, മത്സ്യതൊഴിലാളി സമൂഹത്തെയും പൌരജനങ്ങളെയും അണിനിരത്തി ജനകീയ പ്രക്ഷോഭങ്ങൾക്ക് വെൽഫെയർ പാർട്ടി മുൻകൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമര സംഗമത്തിൽ വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ല പ്രസിഡൻറ് അഷ്റഫ് കല്ലറ അധ്യക്ഷത വഹിച്ചു. അപകടത്തിൽ മരണമടഞ്ഞ കുഞ്ഞുമോന്റെ ഭാര്യ മലേഷ, വെൽഫെയർ പാർട്ടി സംസ്ഥാന ജന: സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ, KRLCC ജില്ല ജനറൽ സെക്രട്ടറി പാട്രിക്ക് മൈക്കിൾ, പെരുമാതുറ - പുതുക്കുറിച്ചി താങ്ങു വല അസ്സോസിയേഷൻ പ്രസിഡൻ്റ് സജീബ്, സ്വതന്ത്ര മൽസ്യത്തൊഴിലാളി ഫെഡറേഷൻപ്രസിഡന്റ് ആന്റോ ഏലിയാസ്, അഖില പെരുമാതുറ മുസ്ലീം കോ:കമ്മിറ്റി ചെയർമാൻ സെയ്യദ് അലവി തങ്ങൾ,തീരദേശ സംരക്ഷണ സമിതി കൺവീനർ മാഗ്ളിൻ ഫിലോമിന, INC ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് സുനിൽ, IUML മേഖലാ സെക്രട്ടറി മുഹമ്മദ് ഷാഫി എന്നിവർ സംഗമത്തിൽ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മെഹബൂബ് ഖാൻ പൂവാർ സ്വാഗതവും ജില്ലാ സെക്രട്ടറി ഷാഹിദ ഹാറൂൺ നന്ദിയും രേഖപ്പെടുത്തി.