മെട്രോപോളിറ്റൻ സിറ്റിയിൽ 10 ദിവസമായി ആളിക്കത്തികൊണ്ടിരിക്കുന്ന തീ കെടുത്താൻ എന്ത് ചെയ്യും? ചാറ്റ് ജി.പി.ടിയുടെ മറുപടി
ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. തീ 90 ശതമാനവും അണച്ചുകഴിഞ്ഞെന്ന് ജില്ലാ കലക്ടർ പറഞ്ഞു.
മെട്രോപോളിറ്റൻ സിറ്റിയിൽ 10 ദിവസമായി ആളിക്കത്തിക്കൊണ്ടിരിക്കുന്ന തീ കെടുത്താൻ എന്ത് ചെയ്യും? ചോദ്യം ചാറ്റ് ജി.പി.ടിയോടാണ്. കേരളത്തിൽ ഏറെക്കുറെ അസാധ്യമായ കാര്യങ്ങളാണ് മറുപടി കിട്ടിയത്. ഉത്തരവാദിത്തപ്പെട്ടവരെ അറിയിക്കണമെന്നാണ് ചാറ്റ് ജി.പി.ടിയുടെ ആദ്യ മറുപടി. അഗ്‌നിരക്ഷാസേനയെ ബന്ധപ്പെട്ട് തീപിടിത്തത്തെ പറ്റി അറിയിക്കണം, വേസ്റ്റ് പ്ലാന്റ് മാനേജ്‌മെന്റ് ടീമിനെ അറിയിച്ച് വേണ്ട മുൻകരുതലുകൾ എടുക്കുക തുടങ്ങിയവയാണ് ആദ്യം ചെയ്യേണ്ടതെന്ന് ചാറ്റ് ജി.പി.ടി പറയുന്നു.
രണ്ടാമത്തെ മറുപടി സ്ഥലത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുക. ഒഴിപ്പിച്ചവരെ സുരക്ഷിതമായ സ്ഥലത്ത് മാറ്റി താമസിപ്പിക്കണം. മൂന്നാമത് തീയുടെ ഉറവിടം കണ്ടെത്തുക, തീപിടിത്തത്തിന് കാരണം മാലിന്യത്തിന്റെ സാന്നിധ്യമാകാം, അല്ലെങ്കിൽ കെമിക്കലോ, വാതക ചോർച്ചയോ ആവും. നാലാമത് തീപിടിത്ത ഉറവിടം നശിപ്പിക്കുക. പിന്നീട് ഫയർ എക്‌സ്റ്റിങ്ഗ്യൂഷർ ഉപയോഗിച്ച് തീയണക്കണം, തീപിടിത്തം വലുതാണെങ്കിൽ സ്ഥലം വിടുക. ആറാമത് വാട്ടർ ഹോസസ് ഉപയോഗിച്ച് തീയണക്കുക. കെമിക്കലുകളിൽ വെള്ളം തളിക്കരുതെന്നും മുന്നറിയിപ്പുണ്ട്. ഏഴാമതും അവസാനത്തേയും മറുപടി അപകടബാധിത സ്ഥലത്തുനിന്ന് മാറണമെന്നാണ്. പറ്റുമെങ്കിൽ ഗ്ലൗസും ഗൂഗിൾസും ധരിക്കണം. ഇതൊക്കെയാണ് ചാറ്റ് ജി.പി.ടിയുടെ മറുപടി.
കൊച്ചിയെ ആകെ പുകയിൽ മൂടിച്ച ബ്രഹ്മപുരത്ത് ചാറ്റ് ജി.പി.ടിയുടെ ഒരു മറുപടിയും വില പോകില്ലെന്നതാണ് സത്യം. ഉദ്യോഗസ്ഥരെയൊക്കെ അറിയിച്ചെങ്കിലും വെള്ളത്തിന്റെ സോഴ്‌സ് സ്ഥലത്തില്ല, അപകടസാധ്യത സ്ഥലത്തുനിന്ന് മാറണമെങ്കിൽ കൊച്ചി മൊത്തം മാറ്റേണ്ടി വരും, തീയുടെ ഉറവിടം ഇന്നും ആർക്കുമറിയില്ല, എന്തായാലും ചാറ്റ് ജി.പി.ടിക്കെങ്കിലും മറുപടിയുണ്ടെന്നതിൽ ആശ്വസിക്കാം.