'പൊലീസിന് അപമാനമുണ്ടാക്കുന്നവരെ സംരക്ഷിക്കില്ല'; ചിലർ പഴയ ശീലത്തിൽ നിന്ന് മാറിയിട്ടില്ലെന്ന് മുഖ്യമന്ത്രി
'നാട്ടിൽ അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്നവരോട് ഒരു വിട്ടുവീഴ്ചയും പാടില്ല'
തിരുവനന്തപുരം: പൊലീസിന് അപമാനം വരുത്തുന്നവർക്ക് സംരക്ഷണം നൽകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റുകൾ വെച്ചുപൊറുപ്പിക്കില്ല. ക്രമസമാധാന നില മോശമാണെന്ന് വരുത്തണമെന്ന് ആഗ്രഹിക്കുന്ന ചില ശക്തികളുണ്ട്. നാട്ടിൽ അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്നവരോട് ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളന സമാപന യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
പൊലീസിലെ ചിലർ പഴയ ശീലത്തിൽ നിന്ന് മാറിയിട്ടില്ല. ഒറ്റപ്പെട്ട തെറ്റുകൾ പൊലീസിനെ ആകെ ബാധിക്കും. അത്തരം കാര്യങ്ങളെ സർക്കാർ പിന്തുണയ്ക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
ക്രമസമാധാനം തകർന്നു കാണാൻ ആഗ്രഹിക്കുന്നവർ ചെറിയ കാര്യങ്ങൾ കിട്ടിയാൽ പർവതീകരിക്കും. ബോധപൂർവം പൊലീസിനെ പ്രകോപിപ്പിക്കാനുള്ള ഇടപെടൽ പലയിടങ്ങളിലുമുണ്ടായി. ഉയർന്ന ഓഫിസർമാരെ ആക്രമിക്കുന്ന സ്ഥിതി വരെ ഉണ്ടായി. നാട്ടിൽ അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ശക്തികളോട് ഒരു വിട്ടുവീഴ്ചയും പാടില്ലന്നും അദ്ദേഹം പറഞ്ഞു.
ഇന്റലിജൻസ് സംവിധാനങ്ങളെ നിഷ്പ്രഭമാക്കി പ്രവർത്തിക്കാൻ പ്രബലമായ ശക്തികൾ ഉണ്ട് എന്നതിന്റെ രാഷ്ട്രീയ ഉദാഹരണമാണ് മഹാരാഷ്ട്രയിൽ നടന്നത്. ഏതൊരു വിഷയത്തിലും നെഗറ്റീവ് ആംഗിൾ കൊണ്ടുവരുന്ന ചില കൂട്ടരുണ്ട്. അവർ ചിലത് പടച്ചുവിടുന്നതും നമ്മൾ കണ്ടു. പൊലീസ് സ്റ്റേഷനുകൾ അധികാര കേന്ദ്രങ്ങളല്ല, സേവന കേന്ദ്രങ്ങളാണെന്ന തിരിച്ചറിവ് വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.