ടീം പിണറായിയില്‍ ആരൊക്കെ; ഇത്തവണ 21 അംഗ മന്ത്രിസഭയുണ്ടാകുമോ?

ഏതൊക്കെ ഘടകക്ഷികള്‍ക്ക് എത്രയൊക്കെ മന്ത്രിമാരുടെ സ്ഥാനം നല്‍കണമെന്ന കാര്യത്തിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്നാരംഭിച്ചേക്കും

Update: 2021-05-05 01:17 GMT
By : Web Desk
Advertising

മന്ത്രിസ്ഥാനങ്ങള്‍ വിഭജിക്കുന്നതിനായുള്ള ഇടത് മുന്നണിയുടെ ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്നാരംഭിച്ചേക്കും. കേരള കോണ്‍ഗ്രസ് എമ്മുമായിട്ടാണ് ആദ്യം ചര്‍ച്ച നടക്കുക.സിപിഐയടക്കം മറ്റ് ഘടകകക്ഷികളുമായുള്ള ചര്‍ച്ചകളും ഉടനെ നടക്കും.

വീണ്ടും അധികാരമേല്‍ക്കുമ്പോള്‍ ടീം പിണറായിയില്‍ ആരൊക്കെ എന്ന കാര്യത്തിലുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. കഴിഞ്ഞ തവണ മന്ത്രിമാരുടെ എണ്ണം കുറച്ചെങ്കിലും കൂടുതല്‍ ഘടകക്ഷികള്‍ ഉള്ളത് കൊണ്ട് ഇത്തവണ 21 അംഗ മന്ത്രിസഭ തന്നെ അധികാരമേല്‍ക്കാനാണ് സാധ്യത. ഏതൊക്കെ ഘടകക്ഷികള്‍ക്ക് എത്രയൊക്കെ മന്ത്രിമാരുടെ സ്ഥാനം നല്‍കണമെന്ന കാര്യത്തിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്നാരംഭിച്ചേക്കും.

സിപിഐയ്ക്ക് കഴിഞ്ഞ തവണ ലഭിച്ച ആറ് ക്യാബിനറ്റ് പദവികളില്‍ ഒരെണ്ണം കുറയാന്‍ സാധ്യതയുണ്ട്. നാല് മന്ത്രിസ്ഥാനവും ഒരു ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും, ഒരു ചീഫ് വിപ്പുമാണ് സിപിഐയ്ക്ക് നിലവിലുള്ളത്. ഇതില്‍ ചീഫ് വിപ്പ് സ്ഥാനം സിപിഐ വിട്ട് നല്‍കിയേക്കും. സിപിഐയില്‍ നിന്ന് ഇ ചന്ദ്രഖേരന്‍, പി പ്രസാദ്, കെ രാജന്‍ എന്നിവര്‍ മന്ത്രിസഭയിലുണ്ടാകും. വനിത പ്രാതിനിധ്യം വേണമെന്ന് തീരുമാനിച്ചാല്‍ ജെ ചിഞ്ചുറാണി മന്ത്രിയാകും. ഇല്ലെങ്കില്‍ പി.എസ് സുപാല്‍, ജി.എസ് ജയലാല്‍ എന്നിവരില്‍ ഒരാള്‍ മന്ത്രിസ്ഥാനത്തേക്ക് വരും. ചിറ്റയം ഗോപകുമാര്‍, ടൈസണ്‍ മാസ്റ്റര്‍ എന്നിവരെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്കും പരിഗണിക്കുന്നുണ്ട്.

കേരള കോണ്‍ഗ്രസ് രണ്ട് മന്ത്രിസ്ഥാനം ചോദിക്കുന്നുണ്ടെങ്കിലും ഒരു മന്ത്രിസ്ഥാനവും, ചീഫ് വിപ്പ് സ്ഥാനവും നല്‍കാനാണ് സാധ്യത. റോഷി അഗസ്റ്റിന്‍ മന്ത്രിയായാല്‍ എന്‍. ജയരാജ് ചീഫ് വിപ്പ് ആകും. ഇല്ലെങ്കില്‍ തിരിച്ചായിരിക്കും സംഭവിക്കുക. ജെഡിഎസില്‍ നിന്ന് കെ കൃഷ്ണന്‍കുട്ടി, മാത്യു ടി തോമസ് എന്നിവരില്‍ ഒരാള്‍ രണ്ടരവര്‍ഷം മന്ത്രിയാകും. ബാക്കി സമയം അടുത്തയാള്‍ക്ക് നല്‍കും. എന്‍സിപിയില്‍ നിന്ന് എ.കെ ശശീന്ദ്രന്‍, തോമസ് കെ തോമസ് എന്നിവരില്‍ ഒരാള്‍ മന്ത്രിയാകും. ടേം അടിസ്ഥാനത്തിലായിരിക്കും എന്‍സിപിയിലെ മന്ത്രിസ്ഥാനവും.

ഒറ്റ സീറ്റില്‍ ജയിച്ചവരും മന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കുന്നുണ്ട്. എല്‍ജെഡി കെ. പി മോഹനന് വേണ്ടിയും, ഐഎൻഎല്‍ അഹമ്മദ് ദേവര്‍ കോവിലിന് വേണ്ടിയും, കേരള കോണ്‍ഗ്രസ് ബി, ഗണേഷ് കുമാറിന് വേണ്ടിയും രംഗത്തുണ്ട്. ആന്‍റണി രാജുവും, കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസ്ഥാനം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഒറ്റ സീറ്റില്‍ ജയിച്ച എല്ലാവര്‍ക്കും മന്ത്രിസ്ഥാനം നല്‍കാന്‍ കഴിയില്ല. അതുകൊണ്ട് ഇതില്‍ ഒന്നോ രണ്ടോ പേരെ മാത്രമേ പരിഗണിക്കാന്‍ സാധ്യതയുള്ളു. ഉഭയകക്ഷി ചര്‍ച്ചയിലുടെ ഇക്കാര്യത്തില്‍ വ്യക്തത വരും.

Tags:    

By - Web Desk

contributor

Similar News