'നിങ്ങളെന്തിനാണ് മുക്കത്ത് പോയത്?'; ഉമർ ഫൈസി-ജയരാജൻ കൂടിക്കാഴ്ച സഭയിലുയർത്തി പികെ ബഷീർ
"സിപിഎം എന്തിനാണ് ഇതിനൊക്കെ പോകുന്നത്. നിങ്ങൾ മുസ്‌ലിയാക്കന്മാർക്കൊപ്പം നടന്നാലേ ഞങ്ങൾ ഉഷാറാകൂ.'
തിരുവനന്തപുരം: സമസ്ത നേതാവ് ഉമർ ഫൈസി മുക്കവും കണ്ണൂർ ജില്ലാ സിപിഎം സെക്രട്ടറി എംവി ജയരാജനും തമ്മിലുള്ള കൂടിക്കാഴ്ച സഭയിൽ ഉന്നയിച്ച് മുസ്‌ലിം ലീഗ് അംഗം പി.കെ ബഷീർ. മുസ്‌ലിം മതനേതാക്കൾക്ക് പിന്നാലെ സിപിഎം എന്തിനാണ് പോകുന്നതെന്ന് ബഷീർ ചോദിച്ചു. ഇത്തരം ഇരട്ടത്താപ്പുകൾ മുസ്‌ലിം സമുദായം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ജനവിധി അതാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
'ഞങ്ങളുടെ പാർട്ടിയിൽനിന്ന് ആരെങ്കിലും പോകുമ്പോൾ നിങ്ങളെന്തിനാണ് മുസ്‌ലിയാക്കന്മാരുടെ പിന്നിൽ പോകുന്നത്. അവരെ പോയി എന്തിനാണ് തൊഴുന്നത്. പാർട്ടിക്ക് ഒരന്തസ്സില്ലേ. മുസ്‌ലിം സമുദായത്തിന്റെ എല്ലാ ആളുകളുടെ അടുത്തും പോയി പൗരത്വ നിയമം നടപ്പിലാക്കില്ല എന്ന് പറയുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അത് കേന്ദ്രം നടപ്പാക്കുന്ന നിയമമല്ലേ. ഇപ്പോൾ സമുദായത്തിന്റെ വക്താക്കളായി ചമഞ്ഞു നടക്കുകയാണ്. എന്നിട്ട് ഒരൊറ്റ വോട്ടു കിട്ടിയോ, പൊന്നാനീൽ ഒരാളെ നിർത്തിയില്ലേ. എന്താണ് ഉണ്ടായത്. തിരുവമ്പാടി മണ്ഡലത്തിലാണല്ലോ മുക്കം. അവിടെ തെരഞ്ഞെടുപ്പിൽ സഹായിച്ചതിന് ഒരു ഫൈസി മുസ്‌ലിയാരോട് നന്ദി പറയാൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ പോയി. എന്നിട്ട് വഴി തെറ്റി. ലീഗുകാരോടാണ് വഴി ചോദിച്ചത്. എന്തിനാണ് ഇതിനൊക്കെ സിപിഎം പോകുന്നത്. നിങ്ങൾ മുസ്‌ലിയാക്കന്മാർക്കൊപ്പം നടന്നാലേ ഞങ്ങൾ ഉഷാറാകൂ. ഞങ്ങളുടെ സമുദായത്തിന് ഈ ഇരട്ടത്താപ്പൊക്കെ അറിയാം. ഹിന്ദു ബെൽറ്റിൽ പോയി എളമരം കരീം എന്നും മുസ്‌ലിം പ്രദേശത്ത് പോയി കരീംക്ക എന്നും പറയുകയാണ് സിപിഎം.' - ബഷീർ പറഞ്ഞു.
കോൺഗ്രസുണ്ടെങ്കിലേ ഇടതുള്ളൂ എന്ന് തെരഞ്ഞെടുപ്പിന് ശേഷം മനസ്സിലായെന്നും അദ്ദേഹം പരിഹസിച്ചു.
'75 കൊല്ലം ഭരിച്ച കോൺഗ്രസ് അമ്പത് സീറ്റിലേക്ക് ചുരുങ്ങി. നൂറു സീറ്റ് നേടി ഈ തെരഞ്ഞെടുപ്പിൽ തിരിച്ചുവന്നു. ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ എന്നാണ് സിപിഎം പറഞ്ഞിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കോൺഗ്രസുണ്ടെങ്കിലേ ഇടതുള്ളൂ എന്ന് സഖാക്കൾക്ക് ബോധ്യമായി. നിങ്ങളുടെ തറവാടല്ലായിരുന്നോ ബംഗാളും ത്രിപുരയും. 15 കൊല്ലമായി ഏതെങ്കിലും സഭയിലേക്ക് അവിടെ സിപിഎമ്മിന് സീറ്റ് കിട്ടുന്നുണ്ടോ? മുഖസ്തുതിയല്ലാതെ സിപിഎമ്മിൽ എന്താണുള്ളത്. മന്ത്രി രാധാകൃഷ്ണന്റെ വ്യക്തിപ്രഭാവം കൊണ്ട് മാത്രമാണ് ഒരു സീറ്റിൽ ജയിച്ചത്. നവ കേരള സദസ്സ് നടത്തി ജനങ്ങളുമായി സംവാദം നടത്തിയിട്ടും മറ്റെല്ലായിടത്തും തോറ്റു. ആ ബസ് ഞങ്ങൾ അധികാരത്തിൽ വന്നാൽ മ്യൂസിയത്തിൽ വയ്ക്കും.' - ബഷീർ കൂട്ടിച്ചേർത്തു.
കാലം മാറിയത് സിപിഎം തിരിച്ചറിയണമെന്നും ആ പാർട്ടിയിൽ ഇപ്പോൾ ചർച്ചകൾ നടക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'തോറ്റാൽ തോറ്റു എന്നംഗീകരിക്കുക. ജയിച്ചാലേ എംപിയും എംഎൽഎയും ആകാൻ പറ്റൂ. വെറുതെ അതുമിതും പറഞ്ഞിട്ട് എന്താണ് കാര്യം. സാമ്പത്തിക നയങ്ങളിലെ പരാജയം, അച്ചടക്കമില്ലായ്മ, ധൂർത്ത്, മോശം പൊലീസ് നയം, മാധ്യമവേട്ട, സഹകരണ ബാങ്കിലെ അഴിമതികൾ, പെൻഷൻ മുടങ്ങിയത്, എസ്എഫ്‌ഐയുടെ അക്രമരാഷ്ട്രീയം, സിദ്ധാർത്ഥന്റെ കൊലപാതകം, വിമർശനങ്ങളോടുള്ള അസഹിഷ്ണുത, മത-സാമുദായിക സംഘടനകളെ അതിരുവിട്ട് പ്രീണിപ്പിക്കാനുള്ള ശ്രമം എന്നിവയാണ് സിപിഎം തോൽക്കാനുള്ള കാരണം.' - ബഷീർ ചൂണ്ടിക്കാട്ടി.
'കോൺഗ്രസിന് നൂറു സീറ്റ് കിട്ടി. ഇടതുപക്ഷത്തിന് നേരത്തെ 52 സീറ്റ് ഉണ്ടായിരുന്നു. സിപിഎം മെലിയുന്നതിൽ സങ്കടമുണ്ട്. പണ്ട് സിപിഎമ്മിൽ ചർച്ചയുണ്ടായിരുന്നു. ഇപ്പോൾ അതില്ല. സിപിഎം യാഥാർത്ഥ്യം ഉൾക്കൊള്ളണം. കാര്യങ്ങൾ പഠിക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നം. പണ്ട് പാർട്ടിയിൽ അതുണ്ടായിരുന്നു. 72 മണിക്കൂറൊക്കെ ചർച്ച നടന്ന കാലമുണ്ടായിരുന്നു. ഇപ്പോൾ ഗോവിന്ദൻ മാഷും മുഖ്യമന്ത്രിയും പറയുന്നത് കേട്ട് തലകുലുക്കി തിരിച്ചു പോകുകയാണ് ചെയ്യുന്നത്. കാലം മാറിയത് സിപിഎം തിരിച്ചറിയണം.' - അദ്ദേഹം ആവശ്യപ്പെട്ടു.
ഏപ്രിൽ 30നാണ് കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി കൂടിയായ എംവി ജയരാജൻ സമസ്ത മുശാവറ അംഗമായ ഉമർ ഫൈസിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയത്. തെരഞ്ഞെടുപ്പിൽ സിപിഎം അനുകൂല സമീപനം പരസ്യമായി സ്വീകരിച്ച മതനേതാവായിരുന്നു ഉമർ ഫൈസി.