കോടഞ്ചേരിയിൽ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു; അനുമതി ലഭിച്ച ശേഷമുള്ള ആദ്യ സംഭവം
പഞ്ചായത്ത് പ്രസിഡന്റിന്റെ നിർദേശപ്രകാരമാണ് വെടിവെച്ചത്
കോഴിക്കോട്: കോടഞ്ചേരിയിൽ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. കാട്ടുപന്നികളെ വെടിവെയ്ക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരം നൽകിയതിന് ശേഷമുള്ള ആദ്യ സംഭവമാണ് കോടഞ്ചേരിയിലേത്.
ഇന്നലെ രാത്രിയാണ് വേളങ്കോട് ഞാളിയത്ത് യോഹന്നാന്റെ കൃഷിയിടത്തിൽ കാട്ടുപന്നിയെത്തിയത്. കോടഞ്ചേരി പഞ്ചായത്തിനെ വിവരമറിയിച്ചതോടെ വെടിവെച്ച് കൊല്ലാനുള്ള അനുമതി പ്രസിഡൻറ് നല്കി. വനം വകുപ്പുദ്യോഗസ്ഥരുടെയും പഞ്ചായത്തിൻറെയും സാനിധ്യത്തിലാണ് പന്നിയെ വെടിവെച്ചത്. തോക്ക് ലൈസൻസുള്ള യോഹന്നാൻറെ മകൻ രാജുവാണ് പന്നിയെ വെടിവെച്ചത്. കോടഞ്ചേരി മേഖലയിലെ രൂക്ഷമായ കാട്ടുപന്നി ശല്യത്തിന് പരിഹാരം കാണാൻ സർക്കാറിന്റെ പുതിയ ഉത്തരവ് പ്രയോജനം ചെയ്യുമെന്ന് പ്രതീക്ഷയിലാണ് പഞ്ചായത്ത്.
പന്നിയെ സംസ്‌കരിക്കുന്നതിനുള്ള നിബന്ധനകളും വനം വകുപ്പ് പുറത്തിറക്കിയിരുന്നു. കാട്ടുപന്നിയെ കുഴിച്ചിടുമ്പോൾ പിന്നീട് ഉപയോഗിക്കാനാകാത്ത രീതിയിൽ സംസ്‌കരിക്കണം. പഞ്ചായത്ത് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ഈ നിബന്ധനകൾ പാലിച്ചാണ് വെടിവെച്ച് കൊന്ന കാട്ടുപന്നിയെ സംസ്‌കരിച്ചത്.