മൂന്നാറിൽ കാറിന് സമീപം തമ്പടിച്ച് കാട്ടാനക്കൂട്ടം; കാറിനെ തൊട്ടും തലോടിയും കരിവീരന്മാര്‍, നെഞ്ചിടിപ്പേറ്റുന്ന ദൃശ്യങ്ങള്‍
വന്യജീവി ഫോട്ടോഗ്രാഫർ ഹാഡ്ലി രഞ്ജിത്തിന്റെ കാറിന് സമീപത്താണ് കാട്ടാനക്കൂട്ടമെത്തിയത്
മൂന്നാർ: മൂന്നാർ ചൊക്കനാട് എസ്റ്റേറ്റിൽ കാറിന് സമീപം തന്പടിച്ച് കാട്ടാനക്കൂട്ടം. വന്യജീവി ഫോട്ടോഗ്രാഫർ ഹാഡ്ലി രഞ്ജിത്തിന്റെ കാറിന് സമീപത്താണ് കാട്ടാനക്കൂട്ടമെത്തിയത്. വാഹനത്തെ വലയം വെച്ച ശേഷം കാട്ടാനക്കൂട്ടം തിരികെ പോയി.
ചൊക്കനാട് എസ്റ്റേറ്റിൽ കാട്ടാനക്കൂട്ടമിറങ്ങിയെന്നറിഞ്ഞ് ദൃശ്യങ്ങൾ പകർത്താനെത്തിയതായിരുന്നു ഹാഡ്‌ലി രഞ്ജിത്തും സംഘവും. റോഡിൽ കാർ നിർത്തിയ ശേഷം ആനയുടെ ദൃശ്യങ്ങൾ പകർത്താനായി ഇവർ മറ്റൊരിടത്തേക്ക് മാറി. ഇതിനിടെയിലാണ് കാട്ടാനക്കൂട്ടം കാറിന് സമീപത്തേക്കെത്തിയത്. കാറിനുള്ളിൽ ആളുണ്ടായിരുന്നില്ല. വാഹനത്തിന് കേടുപാടുകൾ വരുത്താതെ തൊട്ടും തലോടിയും കാട്ടാനക്കൂട്ടം അൽപ്പസമയം ചിലവഴിച്ചു. പിന്നീട് കാട് കയറി.
ഇതിനിടെ ഇന്നലെ രാത്രി പഴയമൂന്നാറിലെ ജനവാസമേഖലയിലെത്തിയ പടയപ്പ കൃഷിനാശമുണ്ടാക്കി. നാട്ടുകാരും വനപാലകരും ചേർന്നാണ് ആനയെ കാട് കയറ്റിയത്.