അതിരപള്ളിയിലെ വന്യമൃഗ ശല്യം; പരിഹാരം വേഗത്തിലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ
അതിരപ്പള്ളിയിൽ ഈ മാസം ആദ്യം ആനയുടെ ആക്രണത്തിൽ അഞ്ചു വയസുകാരി കൊല്ലപ്പെട്ടതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു
അതിരപ്പള്ളിയിൽ വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങളുടെ ആശങ്കയ്ക്ക് ഉടൻ പരിഹാരം കാണുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. വനവുമായി അതിർത്തി പങ്കിടുന്ന മേഖലകളിൽ 65 കിലോമീറ്റർ നീളത്തിൽ പ്രതിരോധ സംവിധാനം ഈ വർഷം തന്നെ പൂർത്തിയാക്കുമെന്നും വനം മന്ത്രി അറിയിച്ചു. ഇതോടെ തൃശൂർ അതിരപ്പള്ളി മേഖലയിൽ ആനകളടക്കമുള്ള കാട്ടുമൃഗങ്ങളുടെ ശല്യത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതിരപ്പള്ളിയിൽ ഈ മാസം ആദ്യം ആനയുടെ ആക്രണത്തിൽ അഞ്ചു വയസുകാരി കൊല്ലപ്പെട്ടതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ദീർഘ കാല അടിസ്ഥാനത്തിൽ വന്യ മൃഗ ശല്യത്തിന് പരിഹാരം കാണണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗവും ചേർന്നു. ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ രാധാകൃഷ്ണനും യോഗത്തിൽ പങ്കെടുത്തു. ബെന്നി ബെഹനാൻ എം.പി, റോജി ജോൺ, സനീഷ് കുമാർ എന്നീ എം.എൽ.എ മാരും മറ്റ് ജനപ്രതിനിധികളും ആശങ്കകൾ പങ്ക് വെച്ചു. സോളാർ ഫെൻസിങ് പ്രായോഗികമായ സ്ഥലങ്ങളിലെല്ലാം ഉടൻ നിർമ്മിക്കുമെന്ന് എ കെ ശശിന്ദ്രൻ അറിയിച്ചു.
ശാസ്ത്രീയ പഠനം പറമ്പികുളം ഫോറെസ്റ്റ് ഫൌണ്ടേഷൻ നടത്തുമെന്നും റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടി വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. 500 ഫോറസ്റ്റ് ബീറ്റ് ഓഫീസർമ്മാരെ ആദിവാസി വിഭാഗങ്ങളിൽ നിന്ന് റിക്രൂട്ട് ചെയ്യും. 100 വനിതകളെയും സർവീസിൽ എടുക്കും. 6 മാസം കൊണ്ട് നിയമനം പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.