വിജിലൻസ് അന്വേഷണം കൊണ്ട് തളർത്താനാവില്ല; ഏത് അന്വേഷണത്തോടും സഹകരിക്കും: മാത്യു കുഴൽനാടൻ
സർക്കാർ രാഷ്ട്രീയ എതിരാളികളെ വേട്ടയാടുകയാണെന്നും ഇതിനായി അന്വേഷണ എജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്നും മാത്യു കുഴൽനാടൻ പറഞ്ഞു
കൊച്ചി: വിജിലൻസ് അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ മറുപടിയുമായി മാത്യു കുഴൽനാടൻ. ഏത് അന്വേഷണവുമായും സഹകരിക്കുമെന്ന് മാത്യൂ കുഴൽനാടൻ പറഞ്ഞു. സർക്കാർ രാഷ്ട്രീയ എതിരാളികളെ വേട്ടയാടുകയാണ് ഇതിനായി അന്വേഷണ എജൻസികളെ ദുരുപയോഗം ചെയ്യുന്നു. അഴിമതിക്കെതിരെ സർക്കാരിന് ഉപയോഗിക്കാൻ കഴിയുന്ന പവർഫുൾ ടൂളാണ് വിജിലൻസ്. എന്നാൽ സർക്കാർ ഇന്ന് ഏത് തരത്തിലാണ് വിജിലൻസിനെ കൈകാര്യം ചെയ്യുന്നതെന്ന് മാത്യു കുഴൽനാടൻ ചോദിച്ചു.
സർക്കാരിന്റെ ഏതന്വേഷണത്തോടും സഹകരിക്കും. എന്നാൽ അധികാരം ഉപയോഗിച്ച് തന്നെ തളർത്താമെന്നാണ് സർക്കാരിന്റെ തീരുമാനമെങ്കിൽ നിയമപരമായി നേരിടുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. ഇതിൽ എം.എൽ.എ സ്ഥാനം ഏതെങ്കിലും നിലക്ക് തടസം നിൽക്കുകയാണെങ്കിൽ ആ പ്രിവിലേജ് വേണ്ടെന്ന് വെക്കാൻ തയ്യാറാണെന്ന് മാത്യു കൂട്ടിചേർത്തു.
എക്‌സാ ലോജിക്കോ വീണാ വിജയനോ ഒരു സേവനവും സി.എം.ആർ.എല്ലിന് നൽകിയിട്ടില്ല. പിന്നെ പണം നൽകാൻ രണ്ട് സാധ്യതകളാണുള്ളത്. ഒന്നെങ്കിൽ വീണാ വിജയന് ഭിക്ഷയായി നൽകിയത്. ഭിക്ഷയല്ലെങ്കിൽ അതിന് കാരണമുണ്ട്, അതന്വേഷിച്ചപ്പോഴാണ് വീണാവിജയൻ പിണറായി വിജയന്റെ മകളാണെന്ന് കണ്ടെത്തിയത്. പി.വി താനല്ലെന്ന് പറയുന്ന പിണറായി വിജയൻ വീണ് തന്റെ മകളല്ലെന്ന് പറയാൻ തയ്യാറാകുമോ എന്ന് കുഴൽനാടൻ ചോദിച്ചു.
ഇടക്കാല റിപ്പോർട്ടിലെ പരാമർശം തന്നെക്കുറിച്ചല്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്, ഇത് പച്ചക്കള്ളമാണ്. പൊതുസമൂഹത്തിന് മുമ്പിൽ മുഖ്യ മന്ത്രി പച്ചക്കളളം പറയുകയാണ്. ഇതോടെ പാർട്ടി പ്രവർത്തകർക്കിടയിലുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ ഇമേജ് ഇടിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ കുടുംബത്തെക്കുറിച്ച് തന്നെയാണ് റിപ്പോർട്ടിലുള്ളത്. സി.എം.ആർ.എല്ലിൽ നിന്ന് മാത്രമല്ല പലരിൽ നിന്നും മുഖ്യമന്ത്രിയുടെ മകൾ പണം വാങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രി ജനങ്ങളോട് പറഞ്ഞ പച്ചക്കള്ളം തിരുത്തി പറയണം.
മാർക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി വരവിൽ കവിഞ്ഞ സ്വത്ത് എറണാകുളം, ഇടുക്കി ജില്ലാ സെക്രട്ടിമാർ സമ്പാദില്ലെന്ന് പറയാൻ പറ്റുമോ?. ഇക്കാര്യം നേരത്തെ എം.വി ഗോവിന്ദനോട് ചോദിച്ചപ്പോൾ മറുപടി പറഞ്ഞില്ല. മൗനം സമ്മതമാണെന്ന് കരുതേണ്ടി വരുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. തെളിവില്ലാതെ അന്തരീക്ഷത്തിൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്ന് കരുതി രാജിവെക്കേണ്ട സാഹചര്യമില്ല. ഇന്ററിം സെറ്റിൽമെന്റിലുള്ള പി.വി മറ്റൊരു പി.വി ആണെന്ന് തെളിയിച്ചാൽ താൻ എം.എൽ.എ സ്ഥാനം രാജിവെക്കുമെന്നും കുഴൽനാടൻ കൂട്ടിചേർത്തു.