ഹജ്ജ് യാത്രക്ക് അധിക നിരക്ക്; കോഴിക്കോട് വിമാനത്താവളത്തോടുള്ള വിവേചനത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കും: പി.എം.എ സലാം

കേരളത്തിലെ മറ്റു വിമാനത്താവളങ്ങളിൽ നിന്ന് 85,000 രൂപ നിരക്കിൽ ഹജ്ജ് യാത്ര സാധ്യമാകുമ്പോൾ കരിപ്പൂരിൽ 1,65,000 രൂപയാണ് ഈടാക്കുന്നത്.

Update: 2024-01-28 12:22 GMT
Advertising

കോഴിക്കോട് : കോഴിക്കോട് വിമാനത്താവളത്തോട് കാണിക്കുന്ന കടുത്ത വിവേചനത്തിനും ക്രൂരതക്കുമെതിരെ ശക്തമായ ജനവികാരം ഉയർന്നുവരുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. മറ്റെല്ലാ കാര്യത്തിലുമെന്നപോലെ ഹജ്ജ് യാത്രയുടെ കാര്യത്തിലും കോഴിക്കോട് വിമാനത്താവളത്തോട് വിവേചനം തുടരുകയാണ്. കേരളത്തിലെ മറ്റു വിമാനത്താവളങ്ങളിൽ നിന്ന് 85,000 രൂപ നിരക്കിൽ ഹജ്ജ് യാത്ര സാധ്യമാകുമ്പോൾ കരിപ്പൂരിൽ അത് 1,65,000 രൂപ ആകുന്നു. ഇത് കടുത്ത വിവേചനമാണ്. എയർ ഇന്ത്യയടക്കം കൂട്ടുനിന്നു നടത്തുന്ന ഈ കൊള്ള തടയേണ്ടതുണ്ട്. ചുരുങ്ങിയ നിരക്കിൽ സർവീസ് നടത്താൻ തയ്യാറായ സൗദി എയർലൈൻസ് അടക്കമുള്ളവയെ തള്ളിക്കൊണ്ടാണ് എയർ ഇന്ത്യയുടെ പകൽക്കൊള്ളക്ക് അധികൃതർ കൂട്ടുനിന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽനിന്ന് ഹജ്ജ് വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് ടെണ്ടറിലെ അട്ടിമറി നടന്നതെന്ന വാർത്ത ഏറെ ഗൗരവമുള്ളതാണ്. കേന്ദ്ര ഹജ്ജ് വകുപ്പിന്റെയും വ്യോമയാനമന്ത്രാലയത്തിന്റെയും ഈ ക്രൂരത കണ്ടില്ലെന്ന് നടിക്കുന്ന കേരള മുഖ്യമന്ത്രിയും സർക്കാരും ജനങ്ങളുടെ പ്രതിഷേധത്തിന്റെ ചൂടറിയും. കേരളത്തിലെ മൊത്തം ഹജ്ജ് യാത്രികരിൽ 78% പേരും തിരഞ്ഞെടുത്ത കോഴിക്കോട് എയർപോർട്ടിൽ നിന്നുള്ള ഹാജിമാർക്ക് മാത്രം 80,000 രൂപ അമിതമായി ഈടാക്കുന്നതിനെതിരെ മുസ്‌ലിം ലീഗ് ശക്തമായ പ്രക്ഷോഭം നടത്തും. ലീഗ് എം.പിമാർ ഡൽഹിയിലെത്തി കേന്ദ്ര ഹജ്ജ് കമ്മിറ്റിയുമായും വ്യോമയാന വകുപ്പുമായും ചർച്ചനടത്തും. എം.എൽ.എമാരും ഭാരവാഹികളും ഇക്കാര്യത്തിൽ കേരള സർക്കാരിലും സമ്മർദം ചെലുത്തും. ന്യായമായ തീരുമാനമുണ്ടാകുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് മുസ്‌ലിം ലീഗ് നേതൃത്വം നൽകുമെന്നും പി.എം.എ സലാം പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News