'കരിപ്പൂരിൽ മാത്രം ഈ ദുരവസ്ഥ ആവർത്തിക്കുന്നത് എന്തുകൊണ്ടാണ്'? അടിയന്തര പരിഹാരം തേടി വിസ്‌ഡം
കരിപ്പൂരിനെതിരെ തുടരുന്ന വിവേചന പൂർണമായ സമീപനങ്ങളുടെ തുടർച്ചയായാണ് നീക്കങ്ങളെന്ന് വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടികെ അഷ്‌റഫ്
കരിപ്പൂരിൽ ഹജ്ജ് യാത്രാ നിരക്ക് കൂട്ടിയ നടപടി തികഞ്ഞ വിവേചനമെന്ന് വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടികെ അഷ്‌റഫ്. വിഷയത്തിൽ പരിഹാരം കാണാൻ കേന്ദ്ര വ്യോമയാന മന്ത്രാലയവും ന്യൂനപക്ഷ മന്ത്രാലയവും കേന്ദ്ര ഹജ്ജ് കമ്മിറ്റിയും സംസ്ഥാന സർക്കാരും ജനപ്രതിനിധികളും തയ്യാറാകണമെന്നും ടികെ അഷ്‌റഫ് ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:-
കരിപ്പൂരിൻ്റെ കാര്യത്തിൽ മാത്രം ഈ ദുരവസ്ഥ ആവർത്തിക്കുന്നത് എന്തുകൊണ്ടാണ്?
ഈ വർഷത്തെ ഹജ്ജ് യാത്രക്കായി കരിപ്പൂർ വിമാനത്താവളത്തെ തെരെഞ്ഞെടുത്ത ഹാജിമാർക്ക് കേരളത്തിലെ മറ്റ് രണ്ട് എംബാർക്കേഷൻ പോയിന്റുകളായ കൊച്ചി, കണ്ണൂർ വിമാനത്താവളത്തേക്കാൾ നിരക്കിൽ ഇരട്ടി തുക നൽകേണ്ടി വരുന്ന സാഹചര്യം ഉണ്ടായിരിക്കുന്നത് തികഞ്ഞ വിവേചനമാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഹാജിമാർ ആശ്രയിക്കുന്ന കരിപ്പൂരിനെതിരെ കഴിഞ്ഞ ഏതാനും വർഷമായി തുടരുന്ന വിവേചന പൂർണമായ സമീപനങ്ങളുടെ തുടർച്ചയായാണ് ഈ നീക്കങ്ങളും എന്ന് സംശയിക്കാതെ നിർവാഹമില്ല.
കോഴിക്കോട് നിന്ന് ചെറിയ വിമാനങ്ങൾ ഉപയോഗിച്ചും മറ്റ് വിമാനത്താവളങ്ങളിൽ നിന്ന് വലിയ വിമാനങ്ങൾ ഉപയോഗിച്ചും സർവീസ് നടത്തുന്നതാണ് നിരക്കിലെ ഭീമമായ അന്തരത്തിന് കാരണമെന്നാണ് വാദമെങ്കിലും ഇത് വസ്തുതാപരമായി ശരിയല്ലെന്നാണ് മുൻ വർഷങ്ങളിലെ കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം വലിയ വിമാനങ്ങൾ ഉപയോഗിച്ച് ഹാജിമാരെ കൊണ്ട് പോയ കൊച്ചിയിലെ നിരക്ക് കോഴിക്കോടിനേക്കാൾ താരതമ്യേന കൂടുതലായിരുന്നു.
അനാവശ്യമായും അനിയന്ത്രിതമായും കോഴിക്കോട് വിമാനത്താവളത്തിലെ വലിയ വിമാന സർവീസ് നിർത്തി വെച്ച കേന്ദ്ര സർക്കാറാണ് ഈ വിഷയത്തിൽ പ്രതിസ്ഥാനത്ത് ഒന്നാമാത്. ഈ സാഹചര്യത്തെ മുതലെടുത്ത് കോഴിക്കോടിനെ എംബാർക്കേഷൻ പോയിന്റ് ആയി തെരെഞ്ഞെടുത്ത 7500 ലേറെ വരുന്ന മഹാഭൂരിപക്ഷം ഹാജിമാരെ കൂടി തങ്ങളുടെ എയർപോർട്ടുകളിലേക്ക് എത്തിക്കാൻ ശ്രമം നടത്തുന്ന സ്വകാര്യ എയർപോർട്ട് മാനേജ്‌മെന്റുകളും തങ്ങളുടെ താൽപര്യങ്ങൾക്കായി ഹാജിമാരെ പ്രയാസപ്പെടുത്തുകയാണ്.
കോഴിക്കോട് വിമാനത്താവളത്തിലെ വലിയ വിമാന സർവീസ് ഉടനെ പുനരാരംഭിക്കുകയോ, ഹജ്ജിനായി വലിയ വിമാന സർവീസുകൾക്ക് അനുമതി നൽകുകയോ, നിലവിലെ ഭീമമായ തുക കുറക്കാൻ കോഴിക്കോട് നിന്നുള്ള ഹജ്ജ് ഓപ്പറേഷന് കൂടുതൽ ഇന്ത്യൻ, സൗദി വിമാന കമ്പനികളെ ഉൾപ്പെടുത്തി റീ ടെണ്ടർ വിളിക്കുകയോ ചെയ്ത് വിഷയത്തിൽ പരിഹാരം കാണാൻ കേന്ദ്ര വ്യോമയാന മന്ത്രാലയവും, ന്യൂനപക്ഷ മന്ത്രാലയവും, കേന്ദ്ര ഹജ്ജ് കമ്മിറ്റിയും, സംസ്ഥാന സർക്കാരും, ജനപ്രതിനിധികളും തയ്യാറാകണം. നിരക്കിലെ അന്തരം തുടർന്നാൽ കോഴിക്കോട് എംബാർക്കേഷൻ പോയിന്റ് ഒഴിവാക്കി കൊച്ചിയും കണ്ണൂരും മാത്രമാക്കുമെന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നിലപാടും ആശാവഹമല്ല. പരിഹാര സാധ്യതകൾ തേടാൻ സാധ്യമായ ഇടപെടൽ നടത്താൻ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കും സംസ്ഥാന സർക്കാരിനും ബാധ്യതയുണ്ട്.
വിശ്വാസികളെ സംബന്ധിച്ച് ഒരായുഷ്കാലത്തെ ജീവിതാഭിലാഷമാണ് ഹജ്ജ് കർമ്മം. ജീവിത കാലത്തെ വലിയൊരു അദ്ധ്വാനവും സമ്പത്തും ഇതിനായി മാറ്റി വെക്കുന്ന, കയ്യിലുള്ളതെല്ലാം സ്വരുക്കൂട്ടി ഹജ്ജിനായി തയ്യാറെടുക്കുന്ന സാധാരണക്കാരായ ആളുകളാണ് സർക്കാർ ക്വോട്ടയെ ഹജ്ജിനായി ആശ്രയിക്കുന്നത്. വർഷങ്ങളായി നറുക്കെടുപ്പിലൂടെ തങ്ങളുടെ ഊഴം കാത്ത് നിൽക്കുന്നവർ പോലും ഇതിലുണ്ട്.
ഈ വർഷം ഹജ്ജിന് അപേക്ഷ സമർപ്പിച്ച 24000 ത്തിലേറെ ആളുകളിൽ 14464 ആളുകളും കോഴിക്കോടിനെയാണ് പുറപ്പെടൽ കേന്ദ്രമായി തെരഞ്ഞെടുത്തിരിക്കുന്നത്. നറുക്കെടുപ്പിലൂടെ ഹജ്ജിനായി തെരഞ്ഞെടുക്കപ്പെടുന്ന ആകെ യാത്രക്കാരിൽ 7500 ത്തോളം ആളുകൾ കോഴിക്കോട് പുറപ്പെടൽ കേന്ദ്രമായി തെരഞ്ഞെടുത്തവരായിരിക്കുമെന്നതിനാൽ വിഷയത്തിൽ അടിയന്തര പരിഹാരം കണ്ടെത്താൻ ബന്ധപ്പെട്ടവർ ജാഗ്രത കാണിക്കണം.