നടക്കാനിറങ്ങിയ സ്ത്രീയെ കടന്നു പിടിച്ച സംഭവം: വകുപ്പ് ചുമത്തിയതിൽ പൊലീസിന് ഗുരുതര വീഴ്ച
യുവതിയുടെ മൊഴി ഉള്ള പശ്ചാത്തലത്തിൽ ചുമത്തേണ്ടിയിരുന്നത് ജാമ്യമില്ലാ വകുപ്പായ 354ാം വകുപ്പായിരുന്നു
തിരുവനന്തപുരം: തിരുവനന്തപുരത്ത് മ്യൂസിയത്തിൽ നടക്കാനിറങ്ങിയ സ്ത്രീയെ കടന്നുപിടിച്ച കേസിൽ പ്രതിയ്‌ക്കെതിരെ വകുപ്പ് ചുമത്തിയതിൽ പൊലീസിന് ഗുരുതര വീഴ്ചയെന്ന് ആരോപണം. ലൈംഗികാതിക്രമം നടന്നു എന്ന് യുവതിയുടെ മൊഴിയുണ്ടായിരുന്നിട്ടും ജാമ്യം ലഭിക്കുന്ന വകുപ്പാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.
യുവതിയുടെ മൊഴി ഉള്ള പശ്ചാത്തലത്തിൽ ചുമത്തേണ്ടിയിരുന്നത് ജാമ്യമില്ലാ വകുപ്പായ 354ാം വകുപ്പായിരുന്നു. എന്നാൽ 354 എ1 എന്ന വകുപ്പാണ് പ്രതിയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇത് ജാമ്യം ലഭിക്കുന്ന വകുപ്പ് ആണ്. ഇത് ചൂണ്ടിക്കാട്ടി പൊലീസ് കമ്മിഷണർക്ക് പരാതി നൽകാനാണ് യുവതിയുടെ തീരുമാനം.
സംഭവത്തിൽ പൊലീസ് നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് യുവതി നേരത്തെയും രംഗത്തെത്തിയിരുന്നു. പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും പ്രതി ഏഴു മിനിറ്റ് മ്യൂസിയത്തിനകത്ത് ഒളിച്ചിരുന്നിട്ടും പൊലീസ് കാര്യമാക്കിയില്ലെന്നുമായിരുന്നു ആരോപണം.
ബുധനാഴ്ച പുലർച്ചെ 4.40ഓടെയാണ് യുവതിക്കെതിരെ ലൈംഗികാതിക്രമം നടന്നത്. കാറിലെത്തിയ പ്രതി യുവതിയെ കടന്നു പിടിക്കുകയായിരുന്നു. ഇയാളെ പിടികൂടാൻ ഇവർ പിന്നാലെ ഓടിയെങ്കിലും കഴിഞ്ഞില്ല.
അതേസമയം സംഭവത്തിൽ പൊലീസ് കൃത്യമായ അന്വേഷണം നടത്തുമെന്ന് മന്ത്രി വീണാ ജോർജ് പ്രതികരിച്ചു. സമാനസംഭവങ്ങളിൽ പൊലീസ് കൃത്യമായ ഇടപെടൽ നടത്താറുണ്ടെന്നും ഈ കേസിലും അതുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.