ഭർതൃമാതാവ് യുവതിയുടെ ദേഹത്തേക്ക് ചൂടുവെള്ളമൊഴിച്ചതായി പരാതി
പള്ളി കമ്മിറ്റിയിൽ ഭർത്താവിന്റെ കുടുംബത്തെ അപമാനിച്ചെന്ന് പറഞ്ഞായിരുന്നു ആക്രമണം
പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂരിൽ ഭർതൃഗൃഹത്തിൽ യുവതിക്ക് പൊള്ളലേറ്റ സംഭവം ഭർതൃമാതാവ് ആസൂത്രിതമായി നടത്തിയ ആക്രമണമാണെന്ന് യുവതിയുടെ കുടുംബം. പള്ളി കമ്മിറ്റിയിൽ ഭർത്താവിന്റെ കുടുംബത്തെ അപമാനിച്ചു എന്ന് പറഞ്ഞായിരുന്നു ആക്രമണം. ഭർതൃമാതാവ് യുവതിയുടെ ദേഹത്തേക്ക് ചൂടുവെള്ളം ഒഴിക്കുകയായിരുന്നെന്നും പൊള്ളലേറ്റ് അവശനിലയിൽ ആയിട്ടും ഭർത്താവിന്റെ വീട്ടുകാർ തിരിഞ്ഞു നോക്കിയില്ലെന്നും യുവതിയുടെ സഹോദരൻ മീഡിയവണിനോട് പറഞ്ഞു.
പൊള്ളലേറ്റ യുവതി നിലവിളിച്ചുകൊണ്ടു പുറത്തേക്കോടുകയായിരുന്നു. ഭർതൃവീട്ടുകാർ തിരിഞ്ഞുനോക്കാത്തതിനെ തുടർന്ന് വാർഡ് അംഗവും നാട്ടുകാരും ചേർന്നാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. ശരീരത്തിൽ 25 ശതമാനം പൊള്ളലേറ്റിരുന്നു. നിരന്തരമായ ആക്രമണം ഭർത്താവിന്റെ ഭാഗത്ത് നിന്നും ഉണ്ടായെന്നും യുവതി പറയുന്നു. തുടർന്ന് പഠിക്കാൻ അനുവദിക്കാമെന്ന് പറഞ്ഞായിരുന്നു കല്യാണം കഴിച്ചത്. എന്നാൽ പിന്നീട് ഇതിനെക്കുറിച്ച് ചോദിക്കുമ്പോൾ ഭർത്താവും വീട്ടുകാരും മർദിച്ചതായും യുവതിയുടെ പരാതിയിലുണ്ട്. കല്യാണത്തിന് അണിഞ്ഞിരുന്ന 100 പവൻ സ്വർണവും ഭർത്താവിന്റെ വീട്ടുകാർ വാങ്ങിവെച്ചെന്നും സ്വർണം ആവശ്യപ്പെട്ടപ്പോഴും മർദിച്ചിരുന്നതായും യുവതിയുടെ പരാതിയിലുണ്ട്.