മലയാളി നഴ്സ് നിമിഷപ്രിയയുടെ ഹരജി തള്ളി; യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ

യെമന്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. വധശിക്ഷയില്‍ ഇളവ് തേടി നിമിഷപ്രിയ നല്‍കിയ ഹരജി മൂന്നംഗ ബെഞ്ച് തള്ളി

Update: 2022-03-08 01:08 GMT
Editor : Jaisy Thomas | By : Web Desk
Advertising

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ പാലക്കാട് സ്വദേശി നിമിഷപ്രിയക്ക് വധശിക്ഷ. യെമന്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. വധശിക്ഷയില്‍ ഇളവ് തേടി നിമിഷപ്രിയ നല്‍കിയ ഹരജി മൂന്നംഗ ബെഞ്ച് തള്ളി. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയാണ് നിമിഷ. ആത്മരക്ഷാര്‍ഥമാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷപ്രിയ വാദിച്ചത്. സ്ത്രീ എന്ന പരിഗണന നിമിഷയ്ക്ക് കിട്ടുമെന്നു പ്രതീക്ഷിക്കപ്പെട്ടെങ്കിലും അന്തിമ വിധി എതിരായി.

യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്നു കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു എന്നതാണ് കേസ്. 2017 ജൂലൈ 25നാണ് യെമന്‍ പൗരനായ തലാല്‍ കൊല്ലപ്പെട്ടത്. യമനില്‍ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം.

യെമന്‍കാരിയായ സഹപ്രവര്‍ത്തക ഹനാന്റെയും മറ്റൊരു യുവാവിന്റെയും നിര്‍ദേശപ്രകാരം തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചതു മരണത്തിന് ഇടയാക്കുകയായിരുന്നു. കീഴ്‌ക്കോടതിയാണ് നിമിഷയ്ക്കു വധശിക്ഷ വിധിച്ചത്. വധശിക്ഷ ശരിവച്ചാല്‍ യെമന്‍ പ്രസിഡന്‍റിന്‍റെ അധ്യക്ഷതയിലുള്ള സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലിന്‍റെ പരിഗണനയ്ക്കു കേസ് സമര്‍പ്പിക്കാം. എന്നാല്‍, അവിടെ അപ്പീല്‍ കോടതിയിലെ നടപടിക്രമങ്ങള്‍ ശരിയായിരുന്നോ എന്നു പരിശോധിക്കുക മാത്രമാണു പതിവ്. കൊല്ലപ്പെട്ടയാളുടെ കുടുംബം പണം സ്വീകരിച്ച് മാപ്പ് നല്‍കിയാല്‍ മാത്രമേ നിമിഷക്ക് ജീവിതത്തിലേക്ക് മടങ്ങി വരാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇതിനായി നടത്തിയ ശ്രമങ്ങള്‍ വിജയിച്ചിരുന്നില്ല. കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളും നാട്ടുകാരും സനായിലെ കോടതിക്ക് മുന്‍പില്‍ തടിച്ചു കൂടി പ്രതിഷേധം നടത്തിയിരുന്നു. 


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News