ക്ഷേത്ര പരിസരത്ത് നിന്ന് സ്‌കൂട്ടർ മോഷണം; യുവാവ് പിടിയിൽ

കട കുത്തിത്തുറന്ന് മോഷണം നടത്തിയതും എ.ടി.എമ്മിൽ നിന്നു പണം കവരാൻ ശ്രമിച്ചതും താനാണെന്നു ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു

Update: 2022-08-31 13:07 GMT
Advertising

തിരുവനന്തപുരം: ഉള്ളൂർ തുറുവിക്കൽ ക്ഷേത്രത്തിനു മുൻവശത്ത് പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടർ മോഷ്ടിച്ച സംഭവത്തിൽ യുവാവ് മെഡിക്കൽകോളജ് പൊലീസിന്റെ പിടിയിലായി. ഇരിഞ്ചയം താന്നിമൂട് തോപ്പുവിള പുത്തൻ വീട്ടിൽ ജ്യോതിഷ് (23) ആണ് പിടിയിലായത്. ഓഗസ്റ്റ് 28-നായിരുന്നു കേസിന്നാസ്പദമായ സംഭവം. ഉള്ളൂർ സ്വദേശിനിയായ വീട്ടമ്മയുടെ ആക്ടീവ സ്‌കൂട്ടറാണ് ഇയാൾ മോഷ്ടിച്ചു കടത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടുകൂടിയാണ് പ്രതിയെ കണ്ടെത്തിയത്.

മോഷ്ടിച്ച ബൈക്ക് പ്രതിയിൽ നിന്നു കണ്ടെത്തി. നെടുമങ്ങാട്ട് കുറച്ചുനാൾ മുമ്പ് കട കുത്തിത്തുറന്ന് മോഷണം നടത്തിയതും കമ്പിപ്പാര ഉപയോഗിച്ച് മൺവിള ഭാഗത്തുള്ള എ.ടി.എമ്മിൽ നിന്നു പണം കവരാൻ ശ്രമിച്ചതും താനാണെന്നു ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. മെഡിക്കൽ കോളജ് സി.ഐ പി. ഹരിലാൽ, എസ്.ഐ സി.പി പ്രശാന്ത്, രതീഷ്, എസ്.സി.പി.ഒമാരായ ജവാദ്, നാരായണൻ, സി.പി.ഒമാരായ അഭിലാഷ്, ഷൈനു, വിപിൻ എന്നിവർ ഉൾപ്പെട്ട സംഘം പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News