നമ്പർ പ്ലേറ്റ് ഇളക്കിമാറ്റി ബൈക്കിൽ എംഡിഎംഎ വിൽപന; തിരുവനന്തപുരത്ത് യുവാവ് പിടിയിൽ
പാന്റ്‌സിനുള്ളിൽ ഒളിപ്പിച്ചിരുന്ന നിലയിലായിരുന്നു എംഡിഎംഎ.


തിരുവനന്തപുരം: കഴക്കൂട്ടം ടെക്‌നോപാർക്കിന് സമീപം എംഡിഎംഎമായി യുവാവ് പിടിയിൽ. മണക്കാട് ബലവാൻനഗർ സ്വദേശി സബിനെയാണ് കഴക്കൂട്ടം പൊലീസ് പിടികൂടിയത്. നമ്പർ പ്ലേറ്റ് ഇളക്കിമാറ്റി ബൈക്കിൽ എംഡിഎംഎ വിൽപന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
ഇയാളുടെ പാന്റ്‌സിനുള്ളിൽ ഒളിപ്പിച്ചിരുന്ന മൂന്ന് ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. ഇന്ന് വൈകീട്ട് ടെക്‌നോപാർക്കിന് സമീപം പൊലീസ് വാഹനപരിശോധന നടത്തുന്നതിനിടെയാണ് മുന്നിലെ നമ്പർ പ്ലേറ്റ് ഇളക്കിമാറ്റി ഒരു ബൈക്ക് വരുന്നത് കണ്ടത്. തുടർന്ന് ഈ ബൈക്ക് തടഞ്ഞ് പൊലീസ് തടഞ്ഞെങ്കിലും ഒന്നും കണ്ടെത്താനായില്ല.
എന്നാൽ ബൈക്കോടിച്ച യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നി വസ്ത്രത്തിൽ പരിശോധന നടത്തിയപ്പോഴാണ് പാന്റ്സിനുള്ളിൽ നിന്ന് എംഡിഎംഎ കണ്ടെടുത്തത്. ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.