യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് കേസ്; പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് കീഴടങ്ങി
യൂത്ത് കോൺഗ്രസ് കാസർകോട് തൃക്കരിപ്പൂർ ഈസ്റ്റ് എളേരി മണ്ഡലം വൈസ് പ്രസിഡന്‍റാണ് കീഴടങ്ങിയത്
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ പ്രതിയും യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവുമായ ജയ്സൺ മുകളേൽ കീഴടങ്ങി. കോടതി നിർദേശ പ്രകാരം മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് പ്രതി കീഴടങ്ങിയത്. ജയ്സന്റെ അറസ്റ്റ് രേഖപ്പെടുത്തി ഉടൻ ജാമ്യത്തിൽ വിടും. യൂത്ത് കോൺഗ്രസ് കാസർകോട് തൃക്കരിപ്പൂർ ഈസ്റ്റ് എളേരി മണ്ഡലം വൈസ് പ്രസിഡന്റ് ആണ് ജയ്സൺ. ജയ്സനെ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് സംഘം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്. ഡി.വൈ.എസ്.പി ജലീൽ തോട്ടത്തിലും സംഘവുമാണ് പ്രതിയെ ചോദ്യം ചെയ്യുക.
കേസിൽ മുഖ്യകണ്ണിയായ കാസർകോട് സ്വദേശി രാകേഷ് അരവിന്ദനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തതിരുന്നു. രാകേഷും ജയ്‌സണും ചേർന്നാണ് സി.ആർ കാർഡ് ആപ്പ് നിർമ്മിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം.
കേസിൽ ഏഴാം പ്രതിയായ രാകേഷ് യൂത്ത് കോൺഗ്രസുകാരനല്ല. കേസിലെ ആറാം പ്രതിയായ ജയ്‌സണിന്റെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു രാകേഷ്. ജയ്‌സണും രാകേഷും ചേർന്നാണ് സിആർ കാർഡ് എന്ന ആപ്ലിക്കേഷൻ നിർമിച്ചത്. കേസിൽ ഐഡി കാർഡുകൾ പല രീതിയിൽ നിർമിക്കപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിലേറ്റവും പ്രധാനമായി പൊലീസ് കണക്കാക്കുന്നത് ഈ ആപ്പ് വഴിയുള്ള നിർമാണമാണ്.
ഏറ്റവും കൂടുതൽ ഐഡി കാർഡുകൾ ആപ്പ് വഴിയാണ് നിർമിക്കപ്പെട്ടതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തുടർന്ന് ആപ്പ് നിർമിച്ച ജയ്‌സണെ പൊലീസ് പിടികൂടുകയായിരുന്നു. ജയ്‌സണ് സാങ്കേതിക സഹായം ലഭിച്ചു എന്ന നിഗമനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രാകേഷിനെ അറസ്റ്റ് ചെയ്തത്.