കരാർ വ്യവസ്ഥകൾ ലംഘിച്ച് സോണ്ട കമ്പനി ബയോമൈനിങ്ങിന് ഉപകരാർ നൽകി; രേഖകൾ പുറത്ത്
അരാഷ് മീനാക്ഷി എന്ന കമ്പനിക്കാണ് 22. 5 കോടി രൂപക്ക് ഉപകരാർ നൽകിയത്
കൊച്ചി: ബ്രഹ്മപുരത്ത് ബയോമൈനിംഗ് നടത്തുന്ന സോണ്ട ഇന്‍ഫ്രാടെക് കരാർ ലംഘിച്ചതായി രേഖകൾ. കരാറിന് വിരുദ്ധമായി മറ്റൊരു കമ്പനിക്ക് ബയോമൈനിങിന് ഉപകരാർ നൽകുകയായിരുന്നു. കൊച്ചി കോർപറേഷന്റെ അനുമതിയില്ലാതെ ഉപകരാർ നൽകരുതെന്ന വ്യവസ്ഥയാണ് സോണ്ട ലംഘിച്ചത്. ഉപകരാറിന്റെ രേഖകൾ മീഡിയവണിന് ലഭിച്ചു.
ബ്രഹ്മപുരത്ത് തന്നെയുള്ള അരാഷ് മീനാക്ഷി എന്ന കമ്പനിക്കാണ് 22. 5 കോടി രൂപക്ക് ബയോമൈനിംഗ് ജോലി പകുതിയിലും കുറഞ്ഞ തുകക്ക് കൈമാറിയത്. സോണ്ടയുമായുള്ള കരാര്‍ റദ്ദാക്കാന്‍ കോര്‍പറേഷന് ഇത് മതിയായ കാരണമാണെങ്കിലും ഒരു നടപടിയുമുണ്ടായിട്ടില്ല.
ബ്രഹ്മപുരത്ത് നേരത്തേ സംഭരിച്ച അഞ്ച് ലക്ഷം ടണ്‍ മാലിന്യം ബയോമൈനിംഗ് നടത്താന്‍ 54.9 കോടിക്കാണ് 2021 ല്‍ സോണ്ട കമ്പനി കരാറെടുത്തത്. കോര്‍പറേഷനുമായുള്ള കരാറൊപ്പിട്ട് രണ്ടരമാസം കഴിഞ്ഞപ്പോള്‍ സോണ്ട ഈ ജോലി മറ്റൊരു കമ്പനിക്ക് ഉപകരാര്‍ നല്‍കി. 54.9 കോടിക്ക് കരാറെടുത്ത ജോലി പകുതിയിലും കുറഞ്ഞ തുകക്ക് അരാഷ് മീനാക്ഷിക്ക് മറിച്ചു കൊടുത്തത്.
2021 നവംബര്‍ 20 ന് സോണ്ടയും അരാഷ് മീനാക്ഷിയും തമ്മില്‍ ഒപ്പിട്ട കരാറിന്റെയും വര്‍ക് ഓഡററിന്റെയും പകര്‍പ്പാണ് പുറത്ത് വന്നത്. കോര്‍പറേഷനുമായുള്ള സോണ്ടയുടെ കരാറിലെ ക്ലോസ് 35 ല്‍ അനുമതിയില്ലാതെ ഉപകരാര്‍ നല്‍കിയാല്‍ കരാര്‍ റദ്ദാക്കുമെന്ന വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥയുടെ നഗ്നമായ ലംഘനം നടന്നുവെന്ന് മാത്രമല്ല അരാഷ് മീനാക്ഷി കമ്പനിയുടെ പശ്ചാത്തലം കൂടി സംശയിക്കപ്പെടുകയാണ്. സോണ്ട ഇന്‍ഫ്രാടെകിന് ബയോമൈനിംഗിന് പോലുമുള്ള സാങ്കേതിക വൈദഗ്ധ്ധ്യമോ സംവിധാനമോ ഇല്ലെന്ന് കൂടി ഇതോടു കൂടി വ്യക്തമാകുകയാണ്.
അതേസമയം, ബ്രഹ്മപുരത്തെ ഉപകരാറിനു പിന്നിലും സിപിഎം നേതാക്കൾ തന്നെയാണെന്ന് കൊച്ചി മുൻ മേയർ ടോണി ചമ്മണി ആരോപിച്ചു. ഉപകരാർ ഏറ്റെടുത്തവർക്ക് മാലിന്യ സംസ്‌കരണവുമായി ഒരു ബന്ധവുമില്ല.ബ്രഹ്മപുരത്തെ മാലിന്യം സംസ്‌കരണം സംബന്ധിച്ച് സിബിഐ അന്വേഷിക്കണം.
കോഴിക്കോട്, കൊച്ചി, കൊല്ലം നഗരങ്ങളിലെ കരാറുകളാണ് സിപിഎമ്മിന്റെ ബിനാമികൾ ഏറ്റെടുത്തിരിക്കുന്നതെന്നും ടോണി ചമ്മണി പറഞ്ഞു.