ഗള്‍ഫ് - അമേരിക്ക ഉച്ചകോടി ഡിസംബറിലേക്ക് മാറ്റാന്‍ തീരുമാനം

കുവൈത്ത് അമീര്‍ ശൈഖ് സ്വബാഹ് അല്‍അഹ്മദ് അസ്സ്വബാഹ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഉച്ചകോടി മാറ്റാന്‍ തീരുമാനമായത്

Update: 2018-09-06 18:31 GMT
Advertising

ഗള്‍ഫ് പ്രതിസന്ധിയില്‍ പരിഹാരശ്രമങ്ങള്‍ വീണ്ടും അകലെയാകുന്നു. ഈ മാസം നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഗള്‍ഫ് - അമേരിക്ക ഉച്ചകോടി ഡിസംബറിലേക്ക് മാറ്റാന്‍ തീരുമാനിച്ചതായി സൂചന. കുവൈത്ത് അമീര്‍ ശൈഖ് സ്വബാഹ് അല്‍അഹ്മദ് അസ്സ്വബാഹ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഉച്ചകോടി മാറ്റാന്‍ തീരുമാനമായത്.

കഴിഞ്ഞ മാര്‍ച്ചില്‍ നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഗള്‍ഫ് അമേരിക്ക ഉച്ചകോടി ചില രാജ്യങ്ങളുടെ വിയോജിപ്പുകളെ തുടര്‍ന്നാണ് സെപ്തംബറിലേക്ക് മാറ്റിയത്. എന്നാല്‍ ഈ മാസവും ഉച്ചകോടി നടക്കാന്‍ സാധ്യതയില്ലെന്ന സൂചനകളാണ് ലഭ്യമാകുന്നത്. ഗള്‍ഫ് പ്രതിസന്ധിയില്‍ മധ്യസ്ഥനീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന കുവൈത്ത് അമീര്‍ ശൈഖ് സ്വബാഹ് അല്‍അഹ്മദ് അസ്സ്വബാഹ് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ച്ചയിലാണ് ഉച്ചകോടി ഇനിയും മാറ്റിവെക്കേണ്ടി വരുമെന്ന കാര്യം അമീര്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ അറിയിച്ചതായുള്ള സൂചനകള്‍ ലഭിച്ചത്.

കഴിഞ്ഞ വര്‍ഷമാണ് അയല്‍ രാജ്യങ്ങളായ സൗദി അറേബ്യയും യു.എ.ഇയും ബഹ്റൈനും ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തി മേഖലയില്‍ പ്രതിസന്ധി ഉയര്‍ത്തിയത്. ഉപരോധം പ്രഖ്യാപിച്ച ഉടന്‍ തന്നെ കുവൈത്ത് അമീര്‍ മധ്യസ്ഥ ശ്രമം തുടങ്ങിയിരുന്നെങ്കിലും ഇത് വരെ ഈ രാജ്യങ്ങളെ കൂട്ടിയിരുത്താന്‍ സാധിച്ചിരുന്നില്ല. അതിനിടെയാണ് അമേരിക്ക പ്രശ്നത്തില്‍ ഇടപെടുന്നതും ക്യാപ് ഡേവിഡില്‍ ഈ രാജ്യങ്ങളുടെ നേതാക്കളെ വിളിച്ച് വരുത്തി പ്രതിസന്ധി തീര്‍ക്കാനുള്ള ശ്രമം നടത്തുന്നതും. കുവൈത്ത് അമീര്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഉച്ചകോടി നടക്കുമെന്ന പ്രതീക്ഷ ഉടലെടുത്തത്. എന്നാല്‍ അവസാന നിമിഷം പുതിയ തിയ്യതി പ്രഖ്യാപിച്ചത് പ്രതിസന്ധി ഇനിയും നീളുമെന്ന സൂചനയാണ് നല്‍കുന്നത്.

കഴിഞ്ഞ ദിവസം കുവൈത്ത് അമീര്‍ അമേരിക്കന്‍ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഗള്‍ഫ് പ്രതിസന്ധി മുഖ്യ വിഷയമായതായി കുവൈത്ത് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Tags:    

Similar News