ആടുജീവിതം: കാലം തീര്‍ത്ത, കാലാതിവര്‍ത്തിയായ സിനിമ
ഏതാണ്ടെല്ലാ മലയാളിക്കും അറിയാവുന്ന ഓരോരുത്തരും അവരുടേതായ ഭാവനാപ്രപഞ്ചങ്ങള്‍ തീര്‍ത്ത ഒരു കഥാതന്തുവിനെ ചിത്രീകരിക്കുകയെന്ന വെല്ലുവിളി അതിന്റെ പൂര്‍ണതയില്‍ തന്നെ ബ്ലെസി നടപ്പാക്കി.
പ്രവാസത്തിന്റെയോ പ്രവാസിയുടെയോ കഥകളില്ലാതെ മലയാളിയുടെ ഒരു ചരിത്രവും പൂര്‍ത്തിയാകില്ല. മലയാളിയുടെ പ്രവാസ ഭൂപടങ്ങള്‍ മാറിമറിയുന്നുണ്ടെങ്കിലും'ഗള്‍ഫ്' ഒരു സ്വപ്നഭൂമികയായി ഇന്നും അവശേഷിക്കുന്നു. മലയാളി പ്രവാസിയുടെ വിരഹവും അതിജീവനവും പ്രയാണങ്ങളും നമ്മുടെ സാഹിത്യത്തിലും സിനിമയിലും സംഗീതത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. അറേബ്യന്‍ മണ്ണിലെ സംരംഭങ്ങളിലൂടെ ലോകത്തോളം വളര്‍ന്ന മലയാളികളുണ്ടെങ്കിലും അതിലേറ്റവും ജനപ്രിയമാകാന്‍ വിധിക്കപ്പെട്ടത് മരുഭൂമിയില്‍ ഒറ്റപ്പെട്ട നജീബിന്റെ കഥയാണെന്നതും മലയാളികള്‍ക്ക് നേരെ കാരുണ്യത്തിന്റെ ഉറവ ചൊരിഞ്ഞ എത്രയോ അറബികളുണ്ടായിട്ടും അതിലേറ്റവും പ്രസിദ്ധനായത് മസറയിലെ അര്‍ബാബാണെന്നതും ചരിത്രത്തിന്റെയോ സാഹിത്യത്തിന്റെയോ യാദൃശ്ചികതയായിരിക്കാം. അതല്ലെങ്കില്‍ ബെന്യാമിന്റെ അക്ഷരങ്ങളുടെയോ കഥപറച്ചിലിന്റെയോ മിടുക്കായിരിക്കാം.
നോവലിലെ പ്രധാന ഉള്‍ത്തിരിവുകളില്‍ ചിലതും നജീബിന്റെ ആത്മഭാഷണങ്ങളും സിനിമ പുറത്തിരുത്തുന്നു. നോവലിന്റെ ക്രോണോളജിക്കല്‍ ഓര്‍ഡറിനെ അട്ടിമറിക്കുന്ന സിനിമ പ്രേക്ഷകനെയും കൂടെക്കൂട്ടുന്നു. വിരഹത്തിന്റെ നോവും ഏകാന്തതയുടെ തണുപ്പും മരുഭൂമിയുടെ ഭീതിയും പ്രേക്ഷകനെയും തൊട്ടുകടന്നുപോകുന്നു.
കഥകളോ നോവലുകളോ തിരശ്ശീലയിലെത്തിക്കുമ്പോള്‍ അത് എഴുത്തുകാരന്റെ സര്‍ഗാത്മകതയോട് നീതിപുലര്‍ത്തിയില്ല എന്ന വിമര്‍ശനം ലോകവ്യാപകമായുള്ളതാണ്. ദി ഗോഡ് ഫാദര്‍, ദി ഷൗഷാങ്ക് റിഡപ്ഷന്‍, ചെമ്മീന്‍ എന്നിവ പോലെ പുസ്തകങ്ങളെയും കടന്നുപോയ ചലച്ചിത്രങ്ങളുമുണ്ട്. സാഹിത്യകാരന്‍മാര്‍ തന്നെ തിരയെഴുത്തും നിര്‍വഹിച്ചിരുന്നതില്‍ നിന്നും, പോയ പതിറ്റാണ്ടില്‍ മലയാള സിനിമ മാറി സഞ്ചരിക്കുന്നുണ്ട്. പൊതുവേ സാഹിത്യവും സിനിമയും വിരുദ്ധ ധ്രുവങ്ങളാണെന്ന ബോധ്യമാണ് വര്‍ത്തമാന തിരക്കഥാകൃത്തുക്കളെയും സംവിധായകരെയും നയിക്കുന്നത്. അതിനിടയിലാണ് മലയാളത്തിലെ ഏറ്റവും ജനപ്രിയ നോവലുകളിലൊന്നായ ആടുജീവിതം തിരശ്ശീലയിലേക്ക് എത്തുന്നത്.
ഒരു സാഹിത്യകൃതിയെ ദൃശ്യവത്കരിക്കുമ്പോള്‍ വേണ്ട പ്രാഥമിക ബോധ്യങ്ങള്‍ തിരിച്ചറിഞ്ഞു എന്നുള്ളിടത്താണ് ബ്ലെസിയെന്ന സംവിധായകന്‍ വിജയിക്കുന്നത്. അടിസ്ഥാനപരമായി ആടുജീവിതത്തിന്റെ കഥാഗതിയും വഴിത്തിരിവുകളും ചിത്രം ഉള്‍ക്കൊള്ളുമ്പോഴും പുസ്തകം കഥപറഞ്ഞുപോകുന്ന രീതിയിലല്ല സിനിമ ചലിക്കുന്നത്. നോവലിലെ പ്രധാന ഉള്‍ത്തിരിവുകളില്‍ ചിലതും നജീബിന്റെ ആത്മഭാഷണങ്ങളും സിനിമ പുറത്തിരുത്തുന്നു. നോവലിന്റെ ക്രോണോളജിക്കല്‍ ഓര്‍ഡറിനെ അട്ടിമറിക്കുന്ന സിനിമ പ്രേക്ഷകനെയും കൂടെക്കൂട്ടുന്നു. വിരഹത്തിന്റെ നോവും ഏകാന്തതയുടെ തണുപ്പും മരുഭൂമിയുടെ ഭീതിയും പ്രേക്ഷകനെയും തൊട്ടുകടന്നുപോകുന്നു.
ഏതാണ്ടെല്ലാ മലയാളിക്കും അറിയാവുന്ന ഓരോരുത്തരും അവരുടേതായ ഭാവനാപ്രപഞ്ചങ്ങള്‍ തീര്‍ത്ത ഒരു കഥാതന്തുവിനെ ചിത്രീകരിക്കുകയെന്ന വെല്ലുവിളി അതിന്റെ പൂര്‍ണതയില്‍ തന്നെ ബ്ലെസി നടപ്പാക്കി. അനന്തമായ മരുഭൂമിയും ഏതാനും മുഖങ്ങളും മാത്രമുള്ള സമയങ്ങളിലും പ്രേക്ഷകന്‍ വിരസതയറിയാതെ കാഴ്ചകളില്‍ ലയിച്ചിരിക്കുന്നു. ജലസമൃദ്ധമായ കേരളത്തിലെ ഒരു പുഴയില്‍ കഴുത്തറ്റം മുങ്ങി മണല്‍ വാരിയിരുന്ന നജീബിന്റെ, ഒരിറ്റ് ജലം പോലുമില്ലാത്ത മരുഭൂ മണലിലേക്കുള്ള പരിണാമവും ഓര്‍മകളും ബ്ലസി അതിന്റെ തീവ്രതയില്‍തന്നെ അനുഭവിപ്പിക്കുന്നു.
മറ്റൊരു ഇന്ത്യന്‍ സിനിമയും ഇതുവരെ സഞ്ചരിക്കാന്‍ ധൈര്യപ്പെടാത്ത ഇടങ്ങളിലൂടെ സഞ്ചരിക്കുകയും അത് വിജയകരമായി പകര്‍ത്തുകയും ചെയ്ത ആടുജീവിതം ലോകത്തെ ഏത് രാജ്യക്കാരനും ഏത് ഭാഷ സംസാരിക്കുന്നയാള്‍ക്കും ഓരോ മലയാളിക്കും ധൈര്യമായി പരിചയപ്പെടുത്താവുന്ന സിനിമയാണ്.
വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിന്റെയും ലോകോത്തര ടെക്‌നീഷ്യന്‍സിന്റെയും കൈയൊപ്പുകള്‍ സിനിമയുടെ ഫ്രെയ്മുകളില്‍ കാണാം. 'ദി മെസ്സഞ്ചര്‍ ഓഫ് ദി ഗോഡ്' അടക്കമുള്ള മരൂഭൂമി പശ്ചാത്തലമായ ചിത്രങ്ങള്‍ക്ക് പകര്‍ന്ന അതേ മാന്ത്രികത ആടുജീവിതത്തിനും എ.ആര്‍ റഹ്മാന്‍ പകരുന്നുണ്ട്. സൂക്ഷ്മമായ ശബ്ദങ്ങളെയും കൊടുങ്കാറ്റിന്റെ അട്ടഹാസങ്ങളെയും ഒരുപോലെ സന്നിവേശിച്ച റസൂല്‍പൂക്കുട്ടി, ചടുലവും മനോഹാരിതയും ഭീതിയും ഒരുപോലെ ചേര്‍ന്ന ഫ്രെയ്മുകള്‍ വെച്ച സുനില്‍ കെ.എസ്, 2 മണിക്കൂര്‍ 50 മിനുറ്റ് നീളുന്ന ചിത്രത്തിനെ സമൃദ്ധമായി വെട്ടിയെടുന്ന ശ്രീകര്‍ പ്രസാദ് എല്ലാവരും തങ്ങളുടെ ബ്ലെസിയുടെ സ്വപ്നത്തെ മനോഹരമായി കുപ്പിക്കുള്ളിലാക്കി.
അഭിനയമെന്നത് സംഭാഷണകലയല്ല, അത് മറ്റൊരാളുടെ ജീവിതകലയാണെന്ന് സാന്‍ഫോര്‍ഡ് മെയ്‌സ്‌നര്‍ പറഞ്ഞിട്ടുണ്ട്. ആടുജീവിതത്തില്‍ ഇതുവരെ കണ്ട പൃഥ്വിരാജെന്ന നടനോ സംഭാഷണ ശൈലിയോ താരശരീരമോ ഒന്നുമില്ല. കാണുന്നത് നജീബ് മാത്രം. അതിനയാള്‍ ഏറ്റവും വലിയ ഉപകരണമാക്കിയത് തന്റെ ശരീരത്തെ തന്നെയാണ്. നിഗൂഢഭാവങ്ങളുള്ള ഇബ്രാഹീം ഖാദിരിയായെത്തിയ ജിമ്മി ജീന്‍ ലൂയിസ്, ഹക്കീമായി മാറിയ കെ.ആര്‍ ഗോകുല്‍, ഖഫീലായ താലിബ് അല്‍ ബലുഷി എന്നിവരെല്ലാം നോവല്‍ സൃഷ്ടിച്ച അതേ ഭാവനാ പ്രപഞ്ചത്തില്‍ നിറഞ്ഞാടി.
മറ്റൊരു ഇന്ത്യന്‍ സിനിമയും ഇതുവരെ സഞ്ചരിക്കാന്‍ ധൈര്യപ്പെടാത്ത ഇടങ്ങളിലൂടെ സഞ്ചരിക്കുകയും അത് വിജയകരമായി പകര്‍ത്തുകയും ചെയ്ത ആടുജീവിതം ലോകത്തെ ഏത് രാജ്യക്കാരനും ഏത് ഭാഷ സംസാരിക്കുന്നയാള്‍ക്കും ധൈര്യമായി പരിചയപ്പെടുത്താവുന്ന സിനിമയാണ്. നോവലിന്റെ അവതാരികയില്‍ എം. മുകുന്ദന്‍ എഴുതിയ പോലെ ഇത് ജീവിതത്തില്‍ നിന്നും ചീന്തിയെടുത്ത ഒരേടല്ല. ചോരവാര്‍ക്കുന്ന ഒരു ജീവിതം തന്നെയാണ്.