മദ്യം, ലോട്ടറി: പാവങ്ങളെ പിഴിയുന്ന സർക്കാരുകൾ

1970 - 71 ൽ 14 .77 ശതമാനമായിരുന്ന മദ്യത്തിന്റെയും ലോട്ടറിയുടെയും നികുതി ഓഹരി ഇന്ന് 36 ശതമാനമാണ്

Update: 2022-09-21 15:34 GMT
Click the Play button to listen to article

1983 - 84 മുതൽ കേരളം റവന്യു കമ്മി നേരിടുകയാണ്. റവന്യു വരുമാനം റവന്യു ചെലവിന് തികയാതെ വരുന്ന സാഹചര്യമാണ് റവന്യു കമ്മി. പൊതു ധനകാര്യത്തിന്റെ ഒരു പൊതുവായ തത്വം ഇതാണ്: കഴിയുന്നിടത്തോളം റവന്യു ചെലവുകൾ റവന്യു വരുമാനത്തിനുള്ളിൽ നിർത്തണം. നികുതി നൽകാനുള്ള ശേഷിയുടെ കാര്യത്തിൽ നമ്മൾ വൻതോതിൽ മുന്നോട്ട് പോയ കാലഘട്ടം മുതൽ പൊതുവിഭവങ്ങൾ സംഭാവന ചെയ്യുന്നതിൽ പുറകോട്ട് പോവുകയാണ്. അങ്ങനെ വന്ന തൊണ്ണൂറുകളുടെ അവസാനത്തിൽ നമ്മൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. എ.കെ ആന്റണി മുഖ്യമന്ത്രി ആയ കാലത്ത് ഡൽഹിയിൽ പോകുന്നതിന് ടിക്കറ്റെടുക്കുന്നതിന് പോലും കേരള സർക്കാരിന് പണമില്ലാത്ത അവസ്ഥ വന്നു. ആ അവസ്ഥയിലാണ് സർക്കാർ ഉദ്യോഗസ്ഥരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച് സർക്കാർ താത്ക്കാലികമായ ആശ്വാസം കണ്ടെത്തുകയാണ് ഉണ്ടായത്.

നമ്മുടെ മുന്നണി രാഷ്ട്രീയം എല്ലാകാലത്തും ജനപ്രിയതക്ക് പുറകെ പോയി എന്നതാണ് ഇതിന്റെ പ്രധാന കാരണം. ജനങ്ങൾ നികുതി - നികുതിയേതര രൂപത്തിൽ സംഭാവന ചെയ്യുന്ന പൊതുവിഭവങ്ങൾ കൊണ്ട് പുലർന്നു പോകുന്ന ഒരു പ്രസ്ഥാനം മാത്രമാണ് സർക്കാർ എന്നുള്ള കാര്യം ജനങ്ങളിൽ നിന്നും നിരന്തരം മറച്ചുവെക്കുക എന്നതാണ് നമ്മുടെ രാഷ്ട്രീയത്തിന്റെ ഒരു സ്വഭാവം. കൂടുതൽ കടമെടുക്കാൻ തുടങ്ങിയത് എൺപതുകളുടെ മധ്യത്തിലാണ്. ഇതിന് ചില സാമ്പത്തിക ശാസ്ത്രജ്ഞന്മാരുടെ രീതിശാസ്ത്രത്തിന്റെ പ്രശ്നങ്ങളും ഉണ്ട്. അവരും കേരളത്തിൽ ധാരാളമായി നികുതി പിരിക്കുന്നു, നികുതി ഭാരം കൂടുതലാണ് എന്ന തരത്തിലുള്ള പഠനങ്ങൾ നടത്തി. ആ പഠനങ്ങളിലെ രീതിശാസ്ത്രപരമായ തെറ്റുകൾ 2019ൽ ഇ.പി.ഡബ്ള്യുവിൽ പ്രസിദ്ധീകരിച്ച എന്റെ ലേഖനത്തിൽ ആണുള്ളത്. അതിൽ നമ്മുടെ സാമ്പത്തിക ശാസ്ത്രജ്ഞന്മാർ വരുത്തിയ ഈ പിഴവിനെ വിമർശിക്കുകയും തിരുത്തൽ നിർദേശിക്കുകയും ചെയ്തു.


1957 - 58 മുതൽ 1966 - 67 വരെയുള്ള പത്ത് വർഷം എടുക്കുകയാണെങ്കിൽ ഇന്ത്യയിലെ സംസ്ഥാനങ്ങൾ മൊത്തം സമാഹരിച്ച പൊതുവിഭവങ്ങളിൽ കേരളത്തിനു 4.45 ശതമാനം ഓഹരിയുണ്ടായിരുന്നു. കേരളം വളരെയധികം ദരിദ്രമായിരുന്ന അന്ന് പോലും ഇത്രയും ഓഹരിയുണ്ടായിരുന്നു. 2019 -20 എടുക്കുമ്പോൾ അത് 4.37 ശതമാനമായി കുറഞ്ഞു. പൊതുവിഭവങ്ങളിലേക്ക് സംഭാവന ചെയ്യാനുള്ള നമ്മളുടെ ക്ഷമത വളരെയധികം വർധിച്ചിട്ടും പൊതുവിഭവങ്ങൾ നമ്മൾ സംഭാവന ചെയ്യുന്നത് കുറഞ്ഞുവരികയും ഇതാണ് നമ്മളുടെ കടക്കെണിയുടെ തുടക്കം.

നമ്മൾ എവിടെ നിന്നാണ് പൊതുവിഭവങ്ങൾ സമാഹരിക്കുന്നത്? നമ്മളുടെ ഭരണഘടന പ്രകാരം സംസ്ഥാനങ്ങൾക്ക് ഒട്ടനവധി അധികാരങ്ങൾ പൊതുവിഭവ സമാഹരണത്തിന് വേണ്ടി നൽകിയിട്ടുണ്ട്. പക്ഷെ, കേരളം 2016 - 17 ൽ ഞാൻ ഇതിനെക്കുറിച്ച് പഠനം നടത്തുമ്പോൾ മദ്യം, ഭാഗ്യക്കുറി, മോട്ടോർ വാഹനങ്ങൾ, പെട്രോൾ എന്നീ നാലിനങ്ങളാണ് കേരളം സമാഹരിക്കുന്ന പൊതുവിഭവത്തിൽ അറുപത് ശതമാനത്തിന് മേലെ സംഭാവന ചെയുന്നത്. വെറും നാലിനങ്ങളാണ് ഇന്നും പൊതുവിഭവത്തിന് ഭൂരിഭാഗം സംഭാവന ചെയ്യുന്നത്. ഈ ഇനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഭാഗ്യക്കുറിയും മദ്യവുമാണ്. മദ്യത്തിന് മേൽ നികുതി ചുമത്തുന്നത് അതിന്റെ ഉപയോഗം കുറയ്ക്കുക എന്നതാണ്. മദ്യത്തിന് ഉയർന്ന നികുതി ചുമത്തി വില ഉയർത്തി നിറുത്തി മദ്യപാനം നിരുത്സാഹപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നത്. മദ്യവും ഭാഗ്യക്കുറിയും പാവങ്ങളുടെ മേൽ ഏറെ ഭാരം ഏൽപ്പിക്കുന്നവയാണ്. പാവങ്ങളാണ് മദ്യപാനത്തിന്റെയും ഭാഗ്യക്കുറിയുടെയും കെട്ടുപാടുകളിൽ പെട്ടുപോകുന്നതിൽ കൂടുതൽ . 1970 - 71 മദ്യവും ഭാഗ്യക്കുറിയും കൂടെ കേരളത്തിന്റെ തനത് വരുമാനത്തിൽ വെറും 14 . 7 ശതമാനമേ സംഭാവന ചെയ്തിട്ടുള്ളൂ. പക്ഷെ, തുടർന്നുള്ള വർഷങ്ങളിൽ മദ്യത്തിന്റെ നികുതി അടിക്കടി വർധിപ്പിച്ചു. അമ്പത് ശതമാനമായിരുന്ന മദ്യത്തിന്റെ നികുതി രണ്ടായിരാമായപ്പോഴേക്കും നൂറ് ശതമാനമായി.


1996 ൽ കേരളം ചാരായം നിരോധിച്ചു. ചാരായം നിരോധിച്ചത് മൂലം സംഭവിച്ചത് എന്താണ്? കുറഞ്ഞ ചെലവിൽ സാധാരണക്കാർക്ക് മദ്യപിക്കാനുള്ള അവസരം അതോടെ ഇല്ലാതായി. അവരെല്ലാവരും തന്നെ വില കൂടിയ വിദേശ മദ്യം കുടിക്കാൻ നിർബന്ധിതരായി. അതോടുകൂടി സർക്കാരിന്റെ മദ്യത്തിൽ നിന്നുള്ള നികുതി പിന്നെയും വർധിച്ചു. അടിക്കടി നികുതി വർധിപ്പിച്ച് ഇന്നിപ്പോൾ 250 ശതമാനമാണ് മദ്യത്തിന്റെ നികുതി. ഞാൻ ഇതിനെ കുറിച്ച് വിവരാവകാശ രേഖ പ്രകാരം ബിവറേജസ് കോർപറേഷനിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയുണ്ടായി. അവിടെ നിന്ന് കിട്ടിയ വിവരങ്ങൾ എന്നെ അത്ഭുതപ്പെടുത്തി. ഇരുപത്തഞ്ച് മദ്യ ബ്രാൻഡുകളുടെ വാങ്ങുന്ന വിലയും വിൽക്കുന്ന വിലയും അവരിൽ നിന്നും ലഭ്യമാക്കി. വെറും അറുപത് രൂപക്ക് ബിവറേജസ് കോർപറേഷൻ വാങ്ങുന്ന മദ്യം അവർ വിൽക്കുന്നത് 620 രൂപക്ക് ഒക്കെയാണ്. പത്തിരട്ടിയോളം ഉയർന്ന വിലക്കാണ് വിൽക്കുന്നത് എന്ന് ഇതിൽ നിന്നും വ്യക്തമാണ്. ഇത്തരത്തിൽ ഉയർന്ന നികുതി ചുമത്തി സാധാരണക്കാരിൽ നിന്നും പൊതുവിഭവം സർക്കാർ കൈക്കലാവുകയാണ്. ഇത് തന്നെയാണ് ഭാഗ്യക്കുറിയുടെയും അവസ്ഥ. 2010 മുതൽ വിവിധ തരത്തിലുള്ള ഭാഗ്യക്കുറികൾ തുടങ്ങി , ജനങ്ങളെ പ്രലോഭിപ്പിക്കുന്ന സമ്മാനങ്ങൾ കാണിച്ച് ലോട്ടറി ടിക്കറ്റുകൾ വൻതോതിൽ വിൽക്കുന്ന ഒരു സ്ഥിതി ഉണ്ടായി.

1970 - 71 ൽ 14 .77 ശതമാനമായിരുന്ന മദ്യത്തിന്റെയും ലോട്ടറിയുടെയും നികുതി  ഓഹരി ഇന്ന് 36 ശതമാനമാണ്. ഇത് സൂചിപ്പിക്കുന്നത്, പൊതുവിഭവങ്ങളുടെ ഭാരം സാധാരണ ജനങ്ങളുടെ മേൽ കൂടുതൽ കൂടുതൽ വന്നുകൊണ്ടിരിക്കുകയാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ മധ്യവർഗ്ഗത്തിൽ നിന്നും സമ്പന്നരിൽ നിന്നും പൊതുവിഭവങ്ങളുടെ ഭാരം സാവധാനം പാവപ്പെട്ടവരിലേക്ക് മാറുകയാണുണ്ടായത്. 

(തുടരും ) 

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - ഡോ. ജോസ് സെബാസ്റ്റ്യൻ

Writer

Similar News