സമുദായം, ഭരണകൂടം: വീണ്ടും ചില കേരളീയ അനുഭവങ്ങള്‍ - ഇസ്‌ലാമോഫോബിയ: 2024 ഏപ്രില്‍ മാസത്തില്‍ കേരളത്തില്‍ സംഭവിച്ചത്

(കേരളത്തില്‍ 2024 ഏപ്രില്‍ മാസത്തില്‍ നടന്ന ഇസ്‌ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 04)

Update: 2024-05-10 10:09 GMT
Advertising

വിവിധ ന്യൂനപക്ഷ വിഭാഗങ്ങളെ വിഭജിച്ചും വലിയ ന്യൂനപക്ഷങ്ങള്‍ക്കതിരെ ചെറിയ ന്യൂനപക്ഷങ്ങളെ അണിനിരത്തിയുമാണ് ഭൂരിപക്ഷ ദേശീയത സ്വയം ശക്തി പ്രാപിക്കുന്നത്. അമേരിക്കന്‍ ഐക്യനാടുകളില്‍ ബ്ലാക് ന്യൂനപക്ഷത്തിനെതിരെ ലാറ്റിനോ അടക്കമുള്ള മറ്റു ന്യൂനപക്ഷങ്ങളെ അണിനിരത്തി ഡൊണാള്‍ഡ് ട്രംപ് നടത്തിയ ഇലക്ഷന്‍ പ്രചാരണം ഓര്‍ക്കുക. കേരളത്തില്‍ ക്രൈസ്തവ - മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ ഇസ്ലാമോഫോബിയ നിറച്ച് ഭൂരിപക്ഷ ഹിന്ദുത്വ ദേശീയതയുടെ താല്‍പര്യങ്ങള്‍ സ്ഥാപിച്ചെടുക്കാനുള്ള ശ്രമം ധാരാളമായി നടക്കുന്നു. എന്നാല്‍, അത്തരം ശ്രമങ്ങളെ പ്രതിരോധിക്കുന്ന ക്രൈസ്തവ നിലപാടുകള്‍ ഇസ്ലാമോഫോബിയക്കെതിരായ ജൈവിക പ്രതിരോധ മാതൃകയായി സ്വയം വികസിച്ചിരിക്കുന്നുവെന്ന അനുഭവവും മറുവശത്തുണ്ട്. മറ്റൊന്ന്, ഭരണകൂട ഇസ്ലാമോഫോബിയയാണ്. അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആഴ്ച തോറും സജീവമാകുന്നതാണ് ഏപ്രിലിലെ അനുഭവം.

ക്രൈസ്തവ സമൂഹം തങ്ങള്‍ക്കൊപ്പം പൂര്‍ണമായി നിലയുറപ്പിച്ചിരിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കാനാണ് ഹിന്ദുത്വര്‍ ശ്രമിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ ശേഷം ഈ ശ്രമങ്ങള്‍ വല്ലാതെ വര്‍ധിച്ചു. സുദീപ്തോ സെന്‍ സംവിധാനം ചെയ്ത സിനിമ ദി കേരള സ്റ്റോറിയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളാണ് പ്രധാനമായി അതിന് ഉപയോഗപ്പെടുത്തിയത്. കേരളത്തില്‍നിന്ന് ലൗജിഹാദില്‍ കുടുക്കി  ഹിന്ദു-ക്രിസ്ത്യന്‍ യുവതികളെ ഐ.എസ് ഭീകരരായ മുസ്ലിം ചെറുപ്പക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് വാദിക്കുന്ന ഒരു ഹിന്ദുത്വപ്രചാരണ സനിമയാണ് കേരള സ്റ്റോറി.

ഭീമമായ പണം നല്‍കി 5,595 യുവതികളെ ഭീകരസംഘടനകള്‍ കൊണ്ടുപോയതായി വിജിലന്‍സ് കണ്ടെത്തിയതായി ഇടുക്കി രൂപതതന്നെ സുവിശേഷ മഹോത്സവത്തിന്റെ ഭാഗമായി ഇറക്കിയ ബുക്ക്ലെറ്റിലും അവകാശപ്പെട്ടു. സംഘ്പരിവാര്‍ സംഘടനകളുടെ അതേ വാദങ്ങളാണ് ഈ കുറിപ്പിലും പ്രത്യക്ഷപ്പെട്ടത്. ഇടുക്കി രൂപതയ്ക്കു പിന്നാലെ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ താമരശ്ശേരി രൂപത തീരുമാനിച്ചതായ വാര്‍ത്ത വന്നു. 

ഏപ്രില്‍ 6-ാം തിയ്യതി വൈകീട്ട് ദൂരദര്‍ശനിലൂടെ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന പ്രഖ്യാപനത്തോടെയാണ് ഇതുസംബന്ധിച്ച ചര്‍ച്ച ഉച്ചസ്ഥായിയിലെത്തുന്നത്. ഈ ചര്‍ച്ചക്കിടയില്‍ ഏപ്രില്‍ 4-ാം തിയ്യതി ഇടുക്കി രൂപതയിലെ പള്ളികളില്‍ വിശ്വാസോത്സവങ്ങളുടെ ഭാഗമായി കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചു. 10, 11, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കുവേണ്ടിയായിരുന്നു പ്രദര്‍ശനം. വിശ്വാസോത്സവത്തിന്റെ വിഷയം പ്രണയമായിരുന്നു. അതിന്റെ ഭാഗമായാണ് സിനിമ കാണിച്ചതെന്നാണ് രൂപതാ പി.ആര്‍.ഒ ജിന്‍സ് കാരക്കാട്ടില്‍ പറഞ്ഞത്. (ഏപ്രില്‍ 8, 2024, മാതൃഭൂമി).

സിനിമാ പ്രദര്‍ശനത്തെ അനുകൂലിച്ച് സീറോ മലബാര്‍ സഭ പി.ആര്‍.ഒ ഫാ. ആന്റണി വടക്കേക്കര മാതൃഭൂമിക്ക് അഭിമുഖം നല്‍കി (ഏപ്രില്‍ 8, 2024, മാതൃഭൂമി). പ്രണയത്തിന്റെ ചതിക്കുഴികളെ കുറിച്ച് വിശദീകരിക്കാനാണത്രെ പ്രദര്‍ശനം നടത്തിയത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇതൊരു നല്ല സിനിമയാണ്. രാഷ്ട്രീയ മുതലെടുപ്പിനും വര്‍ഗീയ ധ്രുവീകരണത്തിനുമായി ചിലര്‍ ഇതിനെ വിവാദമാക്കുകയാണത്രെ. ഭീമമായ പണം നല്‍കി 5,595 യുവതികളെ ഭീകരസംഘടനകള്‍ കൊണ്ടുപോയതായി വിജിലന്‍സ് കണ്ടെത്തിയതായി ഇടുക്കി രൂപതതന്നെ സുവിശേഷ മഹോത്സവത്തിന്റെ ഭാഗമായി ഇറക്കിയ ബുക്ക്ലെറ്റിലും അവകാശപ്പെട്ടു. സംഘ്പരിവാര്‍ സംഘടനകളുടെ അതേ വാദങ്ങളാണ് ഈ കുറിപ്പിലും പ്രത്യക്ഷപ്പെട്ടത്. ഇടുക്കി രൂപതയ്ക്കു പിന്നാലെ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ താമരശ്ശേരി രൂപത തീരുമാനിച്ചതായ വാര്‍ത്ത വന്നു. പക്ഷേ, പിന്നീട് അവര്‍ ആ ശ്രമം ഉപേക്ഷിച്ചു. തെരഞ്ഞെടുപ്പിനു ശേഷം പ്രദര്‍ശിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്.

ഇടുക്കി രൂപതയുടെ സിനിമാ പ്രദര്‍ശനത്തെ ഉമ്മന്‍ ചാണ്ടിയുടെ മകനും എം.എല്‍.എയുമായ ചാണ്ടി ഉമ്മന്‍ സ്വാതന്ത്ര്യത്തിന്റെ പ്രശ്നമായാണ് അവതരിപ്പിച്ചത്. ഇത്തരമൊരു സിനിമ കാണിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ യാഥാര്‍ഥ്യം എന്താണെന്ന് ജനങ്ങള്‍ക്കറിയാമെന്നുമുള്ള സമീപനമായിരുന്നു അദ്ദേഹത്തിന്റേത് (ഏപ്രില്‍ 9, 2024 ഡൂള്‍ ന്യൂസ്).

ഇസ്‌ലാമോഫോബിയക്കെതിരെ: ക്രൈസ്തവ പ്രതിരോധ മാതൃക

ക്രൈസ്തവര്‍ ഒറ്റക്കെട്ടായി മുസ്ലിംകള്‍ക്കെതിരെ നിലകൊണ്ടെന്നു കുരുതുന്നത് വസ്തുതാപരമല്ല. കേരള സ്റ്റോറി പ്രദര്‍ശനത്തിനെതിരേ ക്രൈസ്തവരില്‍നിന്നുതന്നെ വലിയ എതിര്‍പ്പുകള്‍ ഉയര്‍ന്നു. കത്തോലിക്കാ സഭയ്ക്കു അകത്തും പുറത്തുനിന്നും ഇതേ എതിര്‍പ്പ് രൂപപ്പെടുകയുണ്ടായി.

സീറോ മലബാര്‍ സഭയുടെ മുന്‍ വക്താവും സത്യദീപം ഇംഗ്ലീഷ് പതിപ്പിന്റെ പത്രാധിപരുമായ ഫാ. പോള്‍ തേലക്കാട്ട് കേരള സ്റ്റോറി പ്രദര്‍ശനത്തെക്കുറിച്ച് പറഞ്ഞത്, നടക്കാന്‍ പാടില്ലാത്ത സംഭവമായിരുന്നു അതെന്നാണ്: പറയുന്നതില്‍ ദുഃഖമുണ്ട്. എന്റെ കാലശേഷവും ഹിന്ദുക്കളും മുസ്ലിംകളും ക്രൈസ്തവരും സമാധാനത്തോടെ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നു. ഈ സമാധാനത്തിന്റെ അന്തരീക്ഷത്തെ വെറുപ്പിന്റെ അന്തരീക്ഷമാക്കി മാറ്റാന്‍ ശ്രമിക്കുന്നവര്‍ ഇവിടെയുണ്ട്. അത് മനസ്സിലാക്കണം. ആ സിനിമയുടെ ലക്ഷ്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. മുസ്ലിം വിരോധം വര്‍ധിപ്പിക്കാന്‍ വേണ്ടിയുള്ളതാണ്. ലൗ ജിഹാദിനെക്കുറിച്ചുള്ളതാണ്. ഇത്തരം സിനിമകള്‍ വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്നതാണ്'' (അങ്കമാലി ഓണ്‍ലൈന്‍, ന്യൂസ്, ഏപ്രില്‍ 9, 2024).

അതേദിവസം തന്നെ ദി ഫോര്‍ത്ത് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം സീറോ മലബാര്‍ സഭയിലെ മെത്രാന്മാര്‍ ചേര്‍ന്ന് മുന്‍കാലങ്ങളില്‍ ഇറക്കിയ ലൗ ജിഹാദ് വിരുദ്ധ പ്രസ്താവനയെയും വിമര്‍ശന വിധേയമാക്കി: ''2020ല്‍ സീറോ മലബാര്‍ സഭയുടെ അറുപതോളം വരുന്ന മെത്രാന്മാര്‍ ലൗ ജിഹാദിനെതിരെ പ്രസ്താവനയിറക്കിയിരുന്നു. സാമാന്യബോധമുള്ള ആളുകള്‍ ചെയ്യുന്ന കാര്യമല്ല അത്. ലൗ ജിഹാദ് ഉണ്ടോയെന്ന ചോദ്യം കേരള ഹൈക്കോടതിയില്‍ വന്നപ്പോള്‍, ഇല്ലെന്ന് കേരള പൊലീസ് മറുപടി നല്‍കിയതാണ്. അതുപോലെ ലൗ ജിഹാദ് ഇല്ലെന്ന് പറഞ്ഞ് എന്‍.ഐ.എ സുപ്രീംകോടതിയില്‍ സത്യവാങ്മൂലവും സമര്‍പ്പിച്ചിട്ടുണ്ട്. എന്നിട്ടും മെത്രാന്മാര്‍ ഇത് പറയുന്നത് സാമാന്യബോധത്തിനു നിരക്കാത്തതാണെന്ന് മാത്രമല്ല, ഫ്രാന്‍സിസ് മാര്‍പാപ്പ കത്തോലിക്കരോടും ക്രൈസ്തവരോടും പറയുന്നതെന്താണെന്ന് മനസിലാക്കാതെയുമാണ്.'' കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നവര്‍ കൂപമണ്ഡൂകങ്ങളാണെന്നും എന്താണ് കാണ്ഡമാലിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും നടക്കുന്നതെന്ന് മനസ്സിലാകാത്ത വിഡ്ഢികളായി ഇവര്‍ മാറുന്നതാണ് ദുരന്തമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു (ഏപ്രില്‍ 9, 2024, അഭിമുഖം പോള്‍ തേലക്കാട്ട് - ജിഷ്ണു രവീന്ദ്രന്‍).

ദി കേരള സ്റ്റോറി പ്രദര്‍ശനത്തിനെതിരെ യാക്കോബായ സഭ നിരണം ഭദ്രാസനം മുന്‍ അധിപന്‍ ഫാ. ഗീവര്‍ഗീസ് കൂര്‍ലോസും രംഗത്തുവന്നു. ചില സഭകളുടെ നടപടികള്‍ പ്രതിഷേധാര്‍ഹമാണ്. ലൗ ജിഹാദ് എന്ന പ്രതിഭാസം നമ്മുടെ നാട്ടിലില്ല എന്ന് തെളിയിക്കപ്പെട്ടതാണ്. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം പ്രദര്‍ശനം നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. (24 ന്യൂസ്, ഏപ്രില്‍ 9, 2024). യേശുക്രിസ്തുവിന്റെ പേരിലുള്ള സഭകള്‍ പ്രദര്‍ശിപ്പിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും 'ലൗ സ്റ്റോറി' (സ്നേഹത്തിന്റെ കഥകള്‍)കളാണ്, മറിച്ച് 'ഹേറ്റ് സ്റ്റോറി' (വിദ്വേഷത്തിന്റെ കഥകള്‍)കളല്ല എന്നാണ് അദ്ദേഹം എഫ്.ബിയില്‍ കുറിച്ചത് (ഏപ്രില്‍ 9, 2024).

ദീപിക എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ച പ്രകടന പത്രികകളും ചില ചോദ്യങ്ങളും ബി.ജെ.പിയുടെ ന്യൂനപക്ഷവിരുദ്ധ നിലപാടുകളെ ശക്തമായി ചോദ്യം ചെയ്യുന്നതായിരുന്നു. ക്രൈസ്തവസഭയില്‍തന്നെ രൂപംകൊള്ളുന്ന സംഘ്പരിവാര്‍ വിരുദ്ധ രാഷ്ട്രീയത്തിന്റെ സങ്കീര്‍ണതയാണിത്.

സീറോ മലബാര്‍ സഭയിലെ അങ്കമാലി-എറണാകുളം അതിരൂപതയിലെ സന്‍ജോപുരം സെന്റ് ജോസഫ് പള്ളിയിലെ വികാരിയായ ഫാദര്‍ ജെയിംസ് പനവേലിലാണ് കേരള സ്റ്റോറിക്കെതിരെ രംഗത്തുവന്ന മറ്റൊരു വൈദികന്‍. 'മണിപ്പൂരിന്റെ സ്റ്റോറി ഒരു റിയല്‍ സ്റ്റോറിയാണ് അത് സംഭവിച്ചതാണ്, അത് സത്യമാണ്. എന്നാല്‍, കേരള സ്റ്റോറി നിര്‍മിതമായ സ്റ്റോറിയാണ്, അതില്‍ നുണകളുണ്ട്'-ദി ക്യുവിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു (ഏപ്രില്‍ 11, 2024, ദി ക്യൂ അഭിമുഖം, ഫാദര്‍ ജെയിംസ് പനവേലില്‍- ഭാവനാ രാധാകൃഷ്ണന്‍). അപരമതവിദ്വേഷം പ്രചരിപ്പിക്കുകയാണ് കേരള സ്റ്റോറിയുടെ ഉദ്ദേശ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതിനെതിരെ എറണാകുളം അങ്കമാലി അതിരൂപതയുടെ മുഖപത്രം സത്യദീപവും രംഗത്തുവന്നു. മതബോധനത്തിന് അനുബന്ധമായി വര്‍ഗീയ വിദ്വേഷത്തിന്റെ 'കേരള സ്റ്റോറി'യെ നല്ല പാഠമാക്കിയവര്‍ മണിപ്പൂരിനെ മറന്നുപോയത് മനഃപൂര്‍വമാണോ എന്ന് മുഖപ്രസംഗത്തില്‍ ചോദിക്കുന്നു. ''പള്ളിയിലെ കാര്യം പള്ളിക്കാര്‍ നോക്കും' എന്ന് ആക്രോശിക്കുന്നവര്‍ ഉത്തരേന്ത്യയില്‍ നൂറു കണക്കിന് പള്ളികള്‍ സംഘ്പരിവാര്‍ തകര്‍ത്തത് പള്ളിപ്പരിപാടിയായി തന്നെ കണക്കാക്കുമോ? പ്രണയക്കെണിയെക്കുറിച്ച് പഠിപ്പിക്കാന്‍ ഇസ്ലാം വിരുദ്ധതയെ വിഷയമാക്കണമോ? എല്ലാവരും ഇ.ഡി പ്പേടിയിലാവുമ്പോള്‍ ഇടപെടല്‍ രാഷ്ട്രീയം ഇല്ലാതാകും. ചൂണ്ടുവിരലിലെ മഷിയടയാളം നാളത്തെ ജനാധിപത്യ മതേതര ഇന്ത്യയുടെ കൊടിയടയാളമാകണം.''(ഇ.ഡിയുടെ ഇലക്ഷന്‍, എഡിറ്റോറിയല്‍ ഏപ്രില്‍ 17, 2024, സത്യദീപം)

കെ.സി.ബി.സി സാമൂഹിക ഐക്യ ജാഗ്രത കമീഷന്‍ സെക്രട്ടറി ഡോ. മൈക്കിള്‍ പുളിക്കല്‍ സി.എം.ഐ ദീപികയില്‍ എഴുതിയ പ്രണയക്കെണികളും ചില യാഥാര്‍ഥ്യങ്ങളും എന്ന ലേഖനം കേരള സ്റ്റോറിയുടെ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ളതായിരുന്നു. കേരള സ്റ്റോറിക്ക് ബദലല്ല മണിപ്പൂര്‍ സ്റ്റോറിയെന്നും അദ്ദേഹം എഴുതി. (ഏപ്രില്‍ 17, 2024, ദീപിക) എന്നാല്‍, രണ്ട് ദിവസത്തിനുള്ളില്‍ ദീപിക എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ച പ്രകടന പത്രികകളും ചില ചോദ്യങ്ങളും ബി.ജെ.പിയുടെ ന്യൂനപക്ഷവിരുദ്ധ നിലപാടുകളെ ശക്തമായി ചോദ്യം ചെയ്യുന്നതായിരുന്നു. ക്രൈസ്തവസഭയില്‍തന്നെ രൂപംകൊള്ളുന്ന സംഘ്പരിവാര്‍ വിരുദ്ധ രാഷ്ട്രീയത്തിന്റെ സങ്കീര്‍ണതയാണിത്.

ഫാദര്‍ ദീപക് ആന്റോ എഡിറ്ററായ തിരുവനന്തപുരം ലത്തീന്‍ അതിരൂപത മുഖപത്രം 'ജീവനും വെളിച്ചവും' മാസികയുടെ എഡിറ്റോറിയല്‍ സംഘ്പരിവാറിനെതിരേ ശക്തമായ നിലപാടുമായാണ് രംഗത്തുവന്നത്. ഗൗരി ലങ്കേഷ്, ഫാ. സ്റ്റാന്‍ സ്വാമി, ബി.ബി.സി ഓഫിസിലെ റെയ്ഡ്, പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ടക്കൊല, മതസ്പര്‍ധയുണ്ടാക്കുന്ന ലഹളകള്‍, മതപരിവര്‍ത്തന നിയന്ത്രണ നിയമത്തിന്റെ പേരിലുള്ള വ്യക്തി സ്വാതന്ത്ര്യനിഷേധം തുടങ്ങി സംഘ്പരിവാറിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും നയങ്ങള്‍ക്കെതിരെ ശക്തമായ നിലപാടാണ് എടുത്തത്. വോട്ടവകാശം കൃത്യമായി വിനിയോഗിച്ചുകൊണ്ട് തങ്ങളുടെ കടമ നിറവേറ്റുവാന്‍ ഈ കാലഘട്ടം പ്രത്യേകമായി നമ്മെ ക്ഷണിക്കുന്നുണ്ടെന്ന് 'വിവേകത്തോടെ വോട്ടധികാരം' എന്ന എഡിറ്റോറിയല്‍ ആമുഖമായി പറഞ്ഞുവെക്കുന്നു. (ഏപ്രില്‍ 2024, ജീവനും വെളിച്ചവും പേജ് 3). ഡോ. മൈക്കിള്‍ പുളിക്കലിന്റെ ദീപിക ലേഖനത്തെ തള്ളുന്നതായിരുന്നു 'ജീവനും വെളിച്ച'ത്തിന്റെയും നിലപാട്.

ഇല്ലാക്കഥയായ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്ന സുറിയാനി ക്രിസ്ത്യാനികളുടെ മുസ്ലിം വിരുദ്ധതയ്ക്ക് വാര്‍ത്താപ്രാധാന്യം നല്‍കുന്ന മാധ്യമങ്ങള്‍ സംഘ്പരിവാറിനെതിരേ ശക്തമായ നിലപാടെടുത്ത തിരുവനന്തപുരം ലത്തീന്‍ സഭയുടെ നിലപാടിനെ കണ്ടതായി നടിക്കാത്തതിനെ എഴുത്തുകാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ റെനി ഐലിന്‍ തന്റെ എഫ്.ബി പോസ്റ്റിലൂട വിമര്‍ശിച്ചിരുന്നു (ഏപ്രില്‍ 15, 2024, എഫ്.ബി).

ലത്തീന്‍ കത്തോലിക്ക സഭയുടെ മുഖപത്രമായ 'ജീവനാദ'വും കേരള സ്റ്റോറിക്കെതിരേ ശക്തമായ വിമര്‍ശനമാണ് ഉന്നയിച്ചത്. കുട്ടികള്‍ക്കു മുന്നില്‍ കേരള സ്റ്റോറി പോലുള്ള സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരേ തീക്കൊള്ളികൊണ്ട് തല ചൊറിയരുതെന്ന പേരില്‍തന്നെ ഒരു ലേഖനവുമെഴുതി. സഹോദര മതസ്ഥരോട് വെറുപ്പോ വൈരാഗ്യമോ വച്ചുപുലര്‍ത്താതെ ജീവിച്ചവരാണ് കേരള ക്രൈസ്തവരെന്നും അവരെ തികഞ്ഞ മുസ്ലിം വിരോധികളാക്കി മാറ്റുകയാണ് ഇപ്പോള്‍ നടക്കുന്നതെന്നും ലേഖനം കുറ്റപ്പെടുത്തി. പ്രണയം ഒരു കെണിയാണെന്നു പറഞ്ഞ ഇടുക്കി രൂപത വക്താവിനെയും ലേഖനം വിമര്‍ശിച്ചു. സംഘ്പരിവാര്‍ തിങ്ക് ടാങ്കിന്റെ കോടാലിക്കൈ ആയി ആരും അധഃപതിക്കരുതെന്ന ആശങ്ക പങ്കുവച്ചാണ് ലേഖനം അവസാനിപ്പിക്കുന്നത്. ക്രൈസ്തവ പാരമ്പര്യം അറിയാത്തവര്‍ സഭയുടെ തലപ്പത്ത് വരുമ്പോള്‍ ബൈബിളിനെക്കാള്‍ വലുത് വിചാരധാരയാണെന്ന് തോന്നുമെന്ന വിമര്‍ശവുമുണ്ട്. (ഏപ്രില്‍ 11, 2024, കെ.ജെ സാബു, , പേജ് 5, ജീവനാദം)

അതിനിടയില്‍ ലത്തീന്‍ കത്തോലിക്ക സഭ വരാപ്പുഴ അതിരൂപത പ്രസിദ്ധീകരണമായ 'ജീവദീപ്തി' ബി.ജെ.പി അനുകൂല നിലപാടുമായി രംഗത്തുവന്നു. ആലപ്പുഴ രൂപതയിലെ വൈദികന്‍ ഫാ. സേവ്യര്‍ കുടിയാംശ്ശേരിയാണ് മോദിയെ പുകഴ്ത്തി ലേഖനമെഴുതിയത്. ബി.ജെ.പിക്ക് അയിത്തം കല്‍പ്പിക്കേണ്ടതില്ലെന്നും ലേഖകന്‍ എഴുതുന്നു. എന്നാല്‍, ലേഖനത്തിന്റെ നിലപാട് വരാപ്പുഴ അതിരൂപതയുടേതല്ലെന്ന് ലത്തീന്‍ കത്തോലിക്ക സഭ ബി.ജെ.പി അനുകൂലമെന്ന് പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും സഭാ വക്താവ് ജോസഫ് ജൂഡ് വ്യക്തമാക്കി (ദി ഫോര്‍ത്ത്, ഏപ്രില്‍ 18, 2024).

ക്രൈസ്തവസഭ പൂര്‍ണമായും മുസ്ലിംകളെ തള്ളിക്കളയുന്ന നിലപാടെടുക്കുന്നവരാണെന്ന പ്രതീതി സൃഷ്ടിക്കാനുള്ള ശ്രമം കേരളത്തില്‍ വ്യാപകമായി നടക്കുന്നുണ്ട്. മുസ്ലിംകള്‍ക്കെതിരേ തങ്ങള്‍ മാത്രമല്ല, ക്രൈസ്തവരും നിലകൊള്ളുന്നുണ്ടെന്ന് ഭാവിക്കുന്നതിലൂടെ സംഘ്പരിവാരത്തിന് അവരുടെ നിലപാടുകളുടെ ആധികാരികത വര്‍ധിപ്പിക്കാന്‍ കഴിയും. ലൗ ജിഹാദുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചക്കിടയില്‍ ബി.ജെ.പി മാത്രമല്ല ആരോപണം ഉന്നയിക്കുന്നതെന്നും ക്രൈസ്തവരും കൂടെയുണ്ടെന്ന് നിര്‍മല സീതാരാമന്‍ പറയുന്നുണ്ട്. ക്രൈസ്തവരുടെ നിലപാടുകള്‍ സംഘ്പരിവാര്‍ പ്രത്യയശാസ്ത്രത്തിന് നല്‍കുന്ന ആധികാരികതയെയാണ് അവര്‍ ഉപയോഗപ്പെടുത്തുന്നത് (ഏപ്രില്‍ 12, 2024, കേരളത്തിലെ ക്രൈസ്തവരുടെ ധൈര്യത്തെ അഭിനന്ദിച്ചു: ഗുഡ്നെസ് ടി.വി). ക്രൈസ്തവരെ പൂര്‍ണമായും സംഘ്പരിവാര വലയില്‍ വീണ വിഭാഗമായി ചിത്രീകരിക്കുന്നതില്‍ സംഘ്പരിവാര്‍ സംഘടനകള്‍ മാത്രമല്ല, സംഘപരിവാര്‍ വിരുദ്ധരും ഉള്‍പ്പെടുന്നു. ക്രൈസ്തവ നിലപാടുകളില്‍ വൈവിധ്യമുണ്ടെന്നാണ് വസ്തുത. മറിച്ചൊരു ജനറലൈസേഷന്‍ ഒട്ടും വസ്തുനിഷ്ഠമായിരിക്കില്ല. 


നസ്രാണി ദീപികയോ ജിഹാദി ദീപികയോ?: കാസയും കര്‍മ ന്യൂസും

ഏപ്രില്‍ 16ാം തിയ്യതി സിഡ്നി വെയ്കലിയില്‍ ഓര്‍ത്തഡോക്സ് അസീറിയന്‍ വിഭാഗത്തിന്റെ പള്ളിയില്‍ ആരാധന നടക്കുന്നതിനിടയില്‍ ബിഷപ് മാര്‍ മാരി ഇമ്മാനുവലിനെ ഒരു കൗമാരക്കാരന്‍ കുത്തി പരിക്കേല്‍പ്പിച്ചിരുന്നു. ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ദീപിക ദിനപത്രം പ്രതിയെ സൂചിപ്പിക്കാന്‍ 'അക്രമി' എന്ന വാക്കാണ് ഉപയോഗിച്ചത്. അതേ ദിവസം ഗസ്സയില്‍ ഫലസ്തീനില്‍ നിന്നുള്ള ഒരു വാര്‍ത്തയില്‍ 'ഹമാസ് പോരാളി'കള്‍ എന്നും ഉപയോഗിച്ചു. (ഇപ്പോള്‍ ആ വാര്‍ത്ത നീക്കം ചെയ്തതായി കാണുന്നു)

ഇതിനെതിരേ കാസ (CASA) എഫ്.ബിയിലൂടെ കനത്ത വിമര്‍ശനമുന്നയിച്ചു (എഫ്.ബി, ഏപ്രില്‍ 24). മീഡിയവണ്‍ പോലും മടിച്ചുനിന്നപ്പോള്‍ ദീപിക പ്രതിയെ വെറും അക്രമിയായി ചിത്രീകരിച്ചുവെന്നായിരുന്നു ആക്ഷേപം. ''മീഡിയവണ്‍ പോലും ആ ജിഹാദിക്ക് ഒരു വിശേഷണം നല്‍കാന്‍ മടിച്ചപ്പോള്‍ നമ്മുടെ ദീപികയാണ് രക്ഷയ്ക്ക് എത്തിയത്. ബിഷപ്പിനെ കുത്തിയ ജിഹാദിയെ വെറും 'ആക്രമിയാക്കി' ദീപിക മാറ്റി''. പോസ്റ്റിനൊപ്പം ചേര്‍ത്ത ചിത്രത്തില്‍ 'ഇതാണ് യഥാര്‍ഥ മതേതരത്വം' എന്നും 'മീഡിയവണ്‍ ഒറ്റക്കല്ല, ദീപികയുമുണ്ട്' എന്നും എഴുതിയിട്ടുണ്ട്.

പ്രധാനമന്ത്രി വിവിധ ഇടങ്ങളില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരേ 'വിദ്വേഷ പ്രസംഗങ്ങള്‍ രാജ്യവിരുദ്ധം' എന്ന തലക്കെട്ടില്‍ ദീപിക ഏപ്രില്‍ 24ന് ഒരു മുഖപ്രസംഗം എഴുതിയിരുന്നു. ഭൂരിപക്ഷ വോട്ട് ലക്ഷ്യമിട്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗങ്ങളെ രൂക്ഷമായ ഭാഷയിലാണ് പത്രം വിമര്‍ശിച്ചത്. ഈ മുഖപ്രസംഗം വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടു. മാതൃഭൂമി, ദി ഫോര്‍ത്ത്, മറുനാടന്‍ മലയാളി തുടങ്ങി വിവിധ മാധ്യമങ്ങള്‍ ഈ മുഖപ്രസംഗം വാര്‍ത്തയാക്കി. 


മുഖപ്രസംഗത്തെക്കുറിച്ച് മീഡിയവണും അതേദിവസം വാര്‍ത്ത നല്‍കിയിരുന്നു. മീഡിയവണ്‍ വാര്‍ത്തയാണ് കാസയെ പ്രകോപിപ്പിച്ചത്: ''പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിന് ദീപികയ്ക്ക് ജമാഅത്തെ ഇസ്ലാമിയുടെ അഭിനന്ദന പവാഹം. തങ്ങള്‍ക്കു പോലും ചെയ്യാന്‍ പറ്റാത്ത രീതിയില്‍ തങ്ങള്‍ക്ക് വേണ്ടി ഭംഗിയായി കാര്യങ്ങള്‍ ചെയ്യുന്ന ദീപിക മാനേജ്മെന്റിന് ജമാഅത്തെ ഇസ്ലാമിക്കാര്‍ പ്രത്യേകം നന്ദി പറഞ്ഞു അഭിമാനമാണ് ദീപിക! കയ്യടിക്കടാ''. (കാസ, എഫ്.ബി, ഏപ്രില്‍ 24) 

കര്‍മ ന്യൂസിന്റെ ഇടപെടല്‍: ഏപ്രില്‍ 17-ാം തിയ്യതി ദീപികാ പത്രത്തിനെതിരേ കര്‍മാ ന്യൂസ് ഒരു വാര്‍ത്ത നല്‍കി. 'ദീപികയുടെ എഡിറ്റോറിയലില്‍ പോലും ഇന്ത്യാ വിരുദ്ധത പ്രകടം!' എന്നായിരുന്നു ശീര്‍ഷകം. ഏപ്രില്‍ 11-ാം തിയ്യതി എഡിറ്റോറിയല്‍ പേജില്‍ 'ചരിത്രത്തിനുമേല്‍ കത്രിക' എന്ന പേരില്‍ അഡ്വ. ജി സുഗുണന്‍ എഴുതിയ ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. പാഠപുസ്തകങ്ങളില്‍ ചരിത്രം തിരുത്തുന്നതിനെതിരേയായിരുന്നു ലേഖനം. ഇത്തരം തിരുത്തലുകള്‍ വംശീയതയും വര്‍ഗീയതയും ലക്ഷ്യമിട്ട് നടത്തുന്നതാണെന്ന് ലേഖനം കുറ്റപ്പെടുത്തി. ഈ എഡിറ്റ് പേജ് ലേഖനവും ഏപ്രില്‍ 17-ാം തിയ്യതി കാസയുടെ ആക്ഷേപത്തിനു കാരണമായ സിഡ്നിയിലെ 'അക്രമി', 'ഹമാസ് പോരാളികള്‍' എന്ന വാക്കുകളുമായിരുന്നു കര്‍മാന്യൂസിന്റെ വാര്‍ത്തക്കു പിന്നില്‍.

'പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ കരാള ഹസ്തങ്ങള്‍ ദീപികയേയും കീഴടക്കിയോ?' എന്ന ചോദ്യത്തോടെയാണ് വാര്‍ത്ത അവതരിപ്പിച്ചിരിക്കുന്നത്. വ്യവസായിയായ ഫാരിസ് അബൂബക്കറിന്റെ പിന്‍ബലത്തില്‍ ദീപികയില്‍ ജിഹാദികള്‍ കടന്നുകൂടിയിട്ടുണ്ടെന്നും അവരാണ് ഇത്തരം പ്രയോഗങ്ങള്‍ക്കു പിന്നിലെന്നുമാണ് കര്‍മാന്യൂസ് ആരോപിക്കുന്നത്. ഭീകരര്‍ പോലുള്ള നിരവധി വാക്കുകളുണ്ടായിരിക്കെയാണ് അക്രമിയെന്ന് മാത്രം പ്രയോഗിച്ചതെന്നും അവതാരകന്‍ കുറ്റപ്പെടുത്തുന്നു. ഏപ്രില്‍ 11ലെ ലേഖനത്തിലെ മറ്റു പരാമര്‍ശങ്ങളും വിമര്‍ശനവിധേയമാക്കിയിട്ടുണ്ട്. ദീപികയെ 'നസ്രാണി ദീപിക'യെന്നാണോ അതോ 'ജിഹാദി ദീപിക'യെന്നാണോ വിളിക്കേണ്ടതെന്നാണും അവതാരകന്‍ ചോദിക്കുന്നു.

ഭരണകൂട വിവേചനം: ആറ് സംഭവങ്ങള്‍

ഇസ്ലാമോഫോബിയ വെറും വിദ്വേഷപ്രചാരണം മാത്രമല്ല, അത് സ്ഥാപനവത്കരിക്കപ്പെട്ട ഭരണകൂട വംശീയത കൂടിയാണ്. ഒരുപക്ഷേ, ഇസ്ലാമോഫോബിയയുടെ പ്രധാന വശവും അതാണ്. സാധാരണ സംഭവങ്ങള്‍ക്ക് അസാധാരണമായ അര്‍ഥം നല്‍കാനും അസാധാരണ സംഭവങ്ങളെ സാധാരണമായി അവതരിപ്പിക്കാനുമുള്ള സാധ്യതയാണ് സ്ഥാപനവത്കരിക്കപ്പെട്ട ഇസ്ലാമോഫോബിയയുടെ പ്രധാനമായ രീതിശാസ്ത്രം. അങ്ങനെയുള്ള ആറ് സംഭവങ്ങളാണ് കഴിഞ്ഞ മാസം കേരളത്തിലുണ്ടായതെന്നു വിവിധ മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പെരുന്നാള്‍ ദിവസത്തിലെ പരീക്ഷ: പെരുന്നാള്‍ അവധി ദിനവുമായി ബന്ധപ്പെട്ട സര്‍വകലാശാല നടപടിയില്‍ പ്രതിഷേധിച്ച യു.ഡി.എഫ് സെനറ്റംഗങ്ങള്‍ക്കെതിരെ രജിസ്ട്രാറുടെ പരാതിയില്‍ തേഞ്ഞിപ്പലം പൊലിസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു (ഏപ്രില്‍ 7, മാധ്യമം). സെനറ്റ് അംഗങ്ങളടക്കമുള്ളവര്‍ ചേര്‍ന്ന് രജിസ്ട്രാറെയും പരീക്ഷ കണ്‍ട്രോളറുടെ ഓഫീസിലെ സെക്ഷന്‍ ഓഫീസറെയും മര്‍ദിച്ചുവെന്നായിരുന്നു ആരോപണം.

ഫേസ്ബുക്കും ആവിഷ്‌കാരസ്വാതന്ത്ര്യവും: കഴിഞ്ഞ ഏപ്രില്‍ 11നു തിരുവനന്തപുരത്ത്, നരേന്ദ്ര മോദിക്കെതിരെയുള്ള പത്രവാര്‍ത്തകള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത സോളിഡാരിറ്റി പ്രവര്‍ത്തകന്‍ നബീല്‍ നാസറിനെതിരെ പൊലിസ് കേസെടുത്തു. സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ കൊടുത്ത പരാതിയിലായിരുന്നു നടപടി. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അന്തസ് ഹനിക്കാനും സല്‍പ്പേര് കളങ്കപ്പെടുത്താനും ശ്രമിച്ചുവെന്നും കൂടാതെ വിദ്വേഷപ്രചാരണം നടത്തിയെന്നുമാണ് ആരോപണം. സംഘ്പരിവാറിനും പ്രധാനമന്ത്രിക്കുമെതിരേ പ്രചാരണം നടത്തുന്നതില്‍ കേരളത്തെ സംബന്ധിച്ചിടത്തോളം ആരും പിന്നിലല്ല. സംഘ്പരിവാര്‍ അനുയായികളൊഴിച്ച് പല വിഭാഗങ്ങളും ഇത് ചെയ്തുകൊണ്ടിരിക്കുന്നു. അതവരുടെ രാഷ്ട്രീയധാര്‍മികതയുടെ ഭാഗമായും കണക്കാക്കപ്പെടുന്നു. എന്നാല്‍, ഈ അവകാശം മുസ്ലിം രാഷ്ട്രീയമുള്ളവര്‍ക്ക് ലഭ്യമാകണമെന്നില്ല.

ഇസ്രായേല്‍ വിരുദ്ധ പോസ്റ്റര്‍: ഏപ്രില്‍ 15നു എസ്.ഐ.ഒ ഫോര്‍ട്ട് കൊച്ചിയില്‍ സ്ഥാപിച്ച ഇസ്രായേല്‍ വിരുദ്ധ ബാനര്‍ രണ്ട് ഓസ്ട്രിയന്‍ സ്വദേശികളായ വിനോദ സഞ്ചാരികള്‍ വലിച്ചുകീറി. അത് ശ്രദ്ധയില്‍പെട്ട നാട്ടുകാരും എസ.്ഐ.ഒ പ്രവര്‍ത്തകരും തടയാന്‍ ശ്രമിച്ചെങ്കിലും അവര്‍ തട്ടിക്കയറി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഫോര്‍ട്ട് കൊച്ചി പൊലിസില്‍ പരാതി നല്‍കി. അത് സ്വീകരിക്കാന്‍ തുടക്കത്തില്‍ പൊലിസ് തയ്യാറായില്ലന്നു എസ്.ഐ.ഒ പ്രവര്‍ത്തകര്‍ പറയുന്നു. പരാതി പിന്‍വലിക്കാനും അവര്‍ ആവശ്യപ്പെട്ടു. അതിനിടയില്‍ വിദേശവനിത താമസിക്കുന്ന സ്ഥലം പ്രവര്‍ത്തകര്‍ കണ്ടെത്തി പൊലിസില്‍ അറിയിച്ചു. പൊലിസ് അവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. പക്ഷേ, കേസെടുത്തില്ല. ഒടുവില്‍ കലഹമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിച്ചുവെന്ന കുറ്റം ചുമത്തി ഐ.പി.സി 153 പ്രകാരം കേസെടുത്തത്. തുടക്കത്തില്‍ പേരറിയാത്ത ഒരാള്‍ക്കെതിരേയാണ് കേസെടുത്തത്. അതും പ്രതിഷേധത്തിനിടയാക്കി. അടുത്ത ദിവസം രാവിലെ പൊലിസ് കേസെടുക്കുകയും, കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.

ഷമ മുഹമ്മദിന്റെ പ്രസംഗം: കുന്ദമംഗലം മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പ്രസംഗിച്ച കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരെ കേസെടുത്തിരുന്നു (ഏപ്രില്‍ 18). ബിജെപി അധികാരത്തിലെത്തിയാല്‍ ക്രിസ്ത്യന്‍, മുസ്ലിം പള്ളികള്‍ ഉണ്ടാകില്ലെന്ന പരാമര്‍ശം വിദ്വേഷം വളര്‍ത്തുന്നതാണെന്ന് ആരോപിച്ചായിരുന്നു കേസെടുത്തത്. മണിപ്പൂരിലെ സംഭവവികാസങ്ങളെക്കുറിച്ചാണ് ഷമ സംസാരിച്ചത്. കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശിച്ചുവെന്നാണ് ഇടത് പ്രവര്‍ത്തകര്‍ പറയുന്ന ന്യായം.

മക്തൂബ് മീഡിയയും മാധ്യമസ്വാതന്ത്ര്യവും: പൊലീസ് വ്യാജ തെളിവ് സൃഷ്ടിച്ചു എന്ന നിരീക്ഷണത്തോടെ കോടതി വെറുതെവിട്ട പനായിക്കുളം സിമി കേസിലെ കുറ്റാരോപിതരായിരുന്ന ചെറുപ്പക്കാരെ കളമശ്ശേരി ബോംബ് സ്ഫോടനം നടന്ന ഉടനെ കളമശ്ശേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതു സംബന്ധിച്ച ഒരു വാര്‍ത്ത മക്തൂബ് മീഡിയ പ്രസിദ്ധീകരിച്ചു. എന്തുകൊണ്ട് പൊലീസ് ആര്‍.എസ്.എസ്സുകാരയോ കാസക്കാരെയോ സംശയിക്കാതെ കള്ളക്കേസില്‍ കുറ്റവിമുക്തരാക്കപെട്ട മുസ്‌ലിം ചെറുപ്പക്കാരെ സംശയിക്കുന്നു എന്നായിരുന്നു ഇതേ മാധ്യമത്തിന് നല്‍കിയ ഒരു അഭിമുഖത്തില്‍ അഭിഭാഷകനായ അമീന്‍ ഹസന്റെ ചോദ്യം. അമീന്റെ പ്രതികരണം കൂടി ഉള്‍പ്പെടുത്തിയാണ് അവര്‍ വാര്‍ത്ത തയ്യാറാക്കിയത്. ഏറെ താമസിയാതെ ഈ വാര്‍ത്തയുടെ പേരില്‍ 2023 നവംബറില്‍ മക്തൂബ് മീഡിയയുടെ റിപ്പോര്‍ട്ടര്‍ക്കും എഡിറ്റര്‍ക്കുമെതിരേ പൊലിസ് കേസെടുത്തു. ഇപ്പോള്‍ വാര്‍ത്തയില്‍ ബൈറ്റ് നല്‍കിയതിന്റെ പേരില്‍ അഡ്വ. അമീന്‍ ഹസനെതിരേ വടകര പൊലിസ് കേസെടുത്തു (ഏപ്രില്‍ 20). കലാപാഹ്വാനമാണ് കാരണം.

രാജ്യത്തെ പ്രമുഖ മാധ്യമങ്ങള്‍ വിട്ടുകളഞ്ഞ നിരവധി വാര്‍ത്തകള്‍ പുറത്തെത്തിച്ച മാധ്യമസ്ഥാപനമാണ് മക്തൂബ് മീഡിയ. കര്‍ണാടകയിലെ ഹിജാബ് നിരോധനം, ത്രിപുരയിലെ മുസ്ലിം വിരുദ്ധ കലാപം തുടങ്ങി അസംഖ്യം വാര്‍ത്തകള്‍ അവര്‍ പുറത്തെത്തിച്ചു. പൗരത്വ പ്രക്ഷോഭകാലത്ത് ജാമിഅ മില്ലിയ സര്‍വകലാശാല ലൈബ്രറിയില്‍ കയറി വിദ്യാര്‍ഥികളെ ആക്രമിച്ച പൊലിസ് നടപടി ആദ്യം ദൃശ്യങ്ങളിലൂടെ പുറത്തെത്തിച്ചതും മക്തൂബ് മീഡിയയാണ്. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ആ കേസിന്റെ ഗതി തന്നെ മാറിയത്. ഇത്രയൊക്കെ നടന്നിട്ടും ഇന്ത്യയില്‍ കേരളത്തിലല്ലാതെ മറ്റൊരിടത്തും തങ്ങള്‍ക്കെതിരേ ഒരു പൊലിസ് കേസുപോലുമില്ലെന്ന് സി.ഇ.ഒ ഷംസീര്‍ ഇബ്രാഹിം പറയുന്നു.

പ്രതിഷേധ യോഗത്തിന് വിലക്ക്: കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ പള്ളിയില്‍ കയറി വെട്ടിക്കൊന്ന കേസില്‍ മൂന്ന് പ്രതികളെയും വിചാരണക്കോടതി വെറുതെ വിട്ടിരുന്നു. കാസര്‍കോഡ് ജില്ലയില്‍ അടുത്തിടെ നടന്ന സംഘ്പരിവാര്‍ അക്രമങ്ങളില്‍ മുസ്ലിംകള്‍ കൊല്ലപ്പെട്ട 11 കേസിലും മറ്റുള്ളവര്‍ കൊല്ലപ്പെട്ട മൂന്ന് കേസിലും ഇതുവരെ പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചിട്ടില്ല (മാധ്യമം മാര്‍ച്ച് 30, 2024). ഇതിനെതിരേ കാസര്‍കോഡ് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഏപ്രില്‍ 19 വെള്ളിയാഴ്ച 4 മണിക്ക് ഒരു യോഗം തീരുമാനിച്ചു. കോടതിവിധിയും നീതിയും എന്നായിരുന്നു ചര്‍ച്ചയുടെ പ്രമേയം. എന്നാല്‍, കോണ്‍ഫറന്‍സിനുള്ള അനുമതി പൊലിസ് തടഞ്ഞു. പി.എ പൗരന്‍, അബുബക്കര്‍ സിദ്ദീഖ് മാക്കോട്, സുഹൈബ് സി.ടി, അമീന്‍ ഹസന്, സിദ്ധീഖ് നദ്‌വി ചേരൂര്‍ തുടങ്ങി വിവിധ രംഗത്തുനിന്നുള്ള പ്രമുഖരാണ് പങ്കെടുക്കേണ്ടിയിരുന്നത്.

(റിസര്‍ച്ച് ഇന്‍പുറ്റ്‌സ്: കെ.കെ നൗഫല്‍, ആതിക്ക് ഹനീഫ്, റെന്‍സന്‍ വി.എം)

ഒന്ന്, രണ്ട് മൂന്ന് ഭാഗങ്ങള്‍ വായിക്കാം..

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ബാബുരാജ് ഭഗവതി | കെ. അഷ്‌റഫ്

Writers

Similar News